ADVERTISEMENT

ആസിഡ് ആക്രമണത്തിന് ഇരയായ ആ യുവതി മാസങ്ങളോളം ചികിത്സയിലായിരുന്നു. ആശുപത്രി വിടുമ്പോൾ ഡോക്ടർ അവളോടു പറഞ്ഞു, ‘ഒരിക്കലും കണ്ണാടി നോക്കരുത്. അതു നിന്നെ തളർത്തും’. എങ്കിലും കുറച്ചു നാളുകൾക്കു ശേഷം ധൈര്യം സംഭരിച്ച് അവൾ കണ്ണാടിയിൽ നോക്കി. ഒറ്റത്തവണയേ നോക്കിയുള്ളൂ, മനസ്സാകെ ഉടയുന്നതു പോലെ... പെട്ടെന്ന് രണ്ടു കൈകൾ അവളെ ആശ്ലേഷിച്ചു. ‘നീ എന്റേതാണ്...’ അവളുടെ ഭർത്താവായിരുന്നു അത്. കണ്ണുകൾ തോരാതെ പെയ്തുകൊണ്ടേയിരുന്നു. 

ഏതു ഭാഷയിലെയും ഏറ്റവും ഊർജപ്രസരണ‌ശേഷിയുള്ള വാക്കായിരിക്കും ‘എന്റെ’ എന്നത്. ആരെങ്കിലും സ്വന്തമായുണ്ടെന്നും ആരുടെയെങ്കിലും സ്വന്തമാണെന്നുമുള്ള ഉറപ്പിനു പകരംവയ്‌ക്കാൻ കഴിയുന്ന ഒരു പ്രചോദന ചിന്തയുമില്ല. 

ആത്മധൈര്യവും ശുഭാപ്‌തിവിശ്വാസവും എപ്പോഴും സ്വയം നിർമിച്ചെടുക്കാനാവില്ല. നിസ്സഹായതയോടെ, വെറും കാഴ്‌ചക്കാരനായി മാത്രം ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ കൈപിടിക്കുന്ന, വഴിതെളിക്കുന്ന ചില ആളുകൾ വേണം. വല്ലപ്പോഴുമുള്ള ആഘോഷങ്ങളിലെയും കൊണ്ടാട്ടങ്ങളിലെയും ദീപക്കാഴ്‌ചകൾക്കിടയിൽ, അനുദിനം പ്രകാശിക്കുന്ന കെടാവിളക്കുകളെ മറന്നുപോകരുത്. അപരിചിതമായ ആർപ്പുവിളികളെക്കാൾ ആവശ്യം, ആത്മാവറിയുന്ന അതുല്യബന്ധങ്ങളാണ്. ‘എന്തു സംഭവിച്ചാലും എന്റെയാണ്’ എന്ന ഉറപ്പിന് അദ്ഭുതപ്രവർത്തന ശേഷിയുണ്ട്. 

എല്ലാവരുടെയും എല്ലാമാകാൻ ആർക്കും കഴിയില്ല. എങ്കിലും ആരുടെയെങ്കിലുമൊക്കെ എല്ലാമാകാൻ എല്ലാവർക്കും കഴിയും. ആർക്കും വേണ്ടാത്തവരുടെ എല്ലാമാകാൻ കഴിയുന്നതാണ് ജീവിതപുണ്യം. ഇയാളായിരുന്നു/ ഇവളായിരുന്നു എന്റെ ധൈര്യവും പ്രതീക്ഷയും എന്നു കേൾക്കുന്നതിനെക്കാൾ കൃതാർഥത, വേറെ ഏതു പ്രശംസാവാചകത്തിനാണ് ഉണ്ടാകുക? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com