ADVERTISEMENT

കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ‘അണ്ണൻ’ എന്നൊരു തസ്തികയുണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയാണു തലസ്ഥാനത്തെ ഒരു തട്ടുകടക്കാരൻ. ഈ രണ്ടു സംഘടനക്കാരും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെല്ലാം ലഘുഭക്ഷണം കഴിച്ചത് സെക്രട്ടേറിയറ്റിനു പിൻവശത്തുള്ള പ്രസ് ക്ലബ് കന്റീനിൽ നിന്നാണ്. പൈസ ചോദിച്ചപ്പോൾ എല്ലാം അണ്ണൻ തരുമെന്നായിരുന്നു മറുപടി. 

സെക്രട്ടേറിയറ്റ് മാർച്ചല്ലേ, അവിടെ ഏതൊക്കെ പീരങ്കിയും ഗ്രനേഡുമെല്ലാം പ്രയോഗിക്കുമെന്നു തീർച്ചയില്ലാത്തതിനാൽ പ്രവർത്തകർ മോദകവും ഉഴുന്നുവടയുമെല്ലാം ആർത്തിയോടെയാണു വിഴുങ്ങിയത്. ചായയുടെ കാര്യവും അങ്ങനെ തന്നെ. എല്ലാം അണ്ണന്റെ അക്കൗണ്ടിൽ കുറിച്ചുവച്ചാൽ മതിയെന്നായിരുന്നു മറുപടി. സമരത്തിനിടെ പ്രസ് ക്ലബ് കന്റീനിലെ പലഹാരങ്ങളാണ് കെഎസ്‌യു/യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈക്കലാക്കിയത്. 

കന്റീൻ എന്നെല്ലാം ഒരു ഗമയ്ക്കുവേണ്ടി പറയുന്നതാണ്. സത്യത്തിൽ സംഗതി സാദാ തട്ടുകട. 120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണു കോൺഗ്രസ് യുവത്വങ്ങളും ശൈശവങ്ങളും തട്ടിവിട്ടത്. അണ്ണന്റെ അപഹാരം നീണ്ടാൽ കുത്തുപാളയെടുക്കുമെന്നു തീർച്ചയായ കന്റീൻ ഉടമ ഷട്ടർ താഴ്ത്തി പ്രസ് ക്ലബ്ബിന്റെ മുകളിലേക്കു പലായനം ചെയ്തു. അതുകൊണ്ടു മാത്രം രക്ഷപ്പെട്ടതു 100 ബിരിയാണിയാണ്. അല്ലെങ്കിൽ അതും അണ്ണന്റെ പറ്റുവരവിൽ ഇടം പിടിക്കുമായിരുന്നു. 

സെക്രട്ടേറിയറ്റ് മാർച്ച് കഴിഞ്ഞതിനു ശേഷമാണു കന്റീൻകാരൻ അണ്ണനെത്തേടി ഊരുതെണ്ടാൻ തുടങ്ങിയത്. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും അണ്ണൻമാരില്ലെന്നും തമ്പികളേ ഉള്ളൂവെന്നുമാണ് ഉത്തരവാദപ്പെട്ട ഭാരവാഹികൾ നൽകിയ മറുപടി. 

ഒടുവിൽ ഖദറിട്ട ആരെക്കണ്ടാലും തട്ടുകടക്കാരൻ ‘അണ്ണനല്ലേ യൂത്ത് കോൺഗ്രസിലെ അണ്ണൻ’ എന്നു ചോദിക്കുന്ന നില വന്നു. കെപിസിസി ഓഫിസിൽ മുല്ലപ്പള്ളിയണ്ണൻ എന്നൊരു അണ്ണനുണ്ടെന്നും അല്ലെങ്കിൽ, കന്റോൺമെന്റ് ഹൗസിൽ രമേശണ്ണൻ എന്ന വേറെയൊരു അണ്ണനുണ്ടെന്നും വിവരം കിട്ടി. കെപിസിസി ഓഫിസിൽ ചെന്നു മുല്ലപ്പള്ളിയണ്ണനെ കണ്ടപ്പോൾ തട്ടുകടക്കാരനു കിട്ടിയ മറുപടി, മുൻ പ്രസിഡന്റ് ഹസൻക്കയോടു ചോദിക്കാനാണ്. 

അണ്ണന്റെ ഉർദു ഭാഷ്യമാണല്ലോ ഇക്ക എന്നു തെറ്റിദ്ധരിച്ചു തട്ടുകടക്കാരൻ ഹസൻജിയെ സമീപിച്ചു. കർണാടക പിസിസിയിൽ നിന്ന് ഒരു കോടി രൂപ കിട്ടുന്ന മുറയ്ക്ക് എല്ലാം അഡ്ജസ്റ്റ് ചെയ്യാമെന്നു പറഞ്ഞാണു ഹസൻജി പരാതി സബൂറാക്കിയത്. കർണാടക പിസിസിയുടെ ഒരു കോടി കിട്ടിയിട്ടും ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കാത്തതിനാൽ തട്ടുകടക്കാരൻ വീണ്ടും കെപിസിസി ഓഫിസിലെത്തി അവിടത്തെ അണ്ണനെ അന്വേഷിച്ചു. അണ്ണൻ തമിഴ്നാട്ടിലാണെന്നും അദ്ദേഹത്തിന്റെ യഥാർഥ പേര് എം.ജി. രാമചന്ദ്രൻ എന്നാണെന്നുമാണു കിട്ടിയ മറുപടി. 

അണ്ണനാരാണ്, ഇക്കയാരാണ്, ചേട്ടനാരാണ് എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്ന് അടിയന്തരമായ തീർപ്പുണ്ടാക്കിയാൽ നന്നായിരിക്കും.

അത് അടിയല്ല, വിലങ്ങു തകർത്തതാ... 

‘സോദരർ തമ്മിലെ പോരൊരു പോരല്ല / സൗഹൃദത്തിന്റെ കലങ്ങിമറിയലാം’ എന്ന പ്രസിദ്ധമായ കാവ്യശകലം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മാത്രമാണു കേൾക്കാത്തത്. അതുകൊണ്ടു മാത്രമാണ് വൈപ്പിനിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും മൂവാറ്റുപുഴ എംഎൽഎയ്ക്കും പൊലീസിന്റെ തല്ലുകിട്ടിയതിന്റെ പേരിൽ അവർ ഇടതുമുന്നണിയിൽ അന്തഃഛിദ്രമുണ്ടാക്കാൻ ശ്രമിക്കുന്നത്. 

പണ്ടുപണ്ടൊരു നാട്ടിൽ സിപിഐ ഓഫിസിലെ പെട്രോമാക്സ് സിപിഎമ്മുകാർ അടിച്ചുമാറ്റിയപ്പോൾ പ്രതിഷേധവും പ്രസ്താവനയുമായി രംഗത്തുവന്ന കോൺഗ്രസുകാരോട്, ‘ഞങ്ങളെ മാക്സ് ഞങ്ങളു കട്ടാൽ, നിങ്ങക്കെന്താ കോൺഗ്രസേ’ എന്നു മുദ്രാവാക്യം വിളിച്ച പാർട്ടിയാണു സിപിഐ. അവർക്ക് ഇതും ഇതിലപ്പുറവും താങ്ങാനാകും.

അടിയോ ഇടിയോ തൊഴിയോ കിട്ടിയാലും കമ്യൂണിസ്റ്റ് ഐക്യം യാഥാർഥ്യമാകണമെന്ന ഒരേയൊരു ചിന്തയേ, ശരാശരി സിപിഐക്കാരന്റെ അകതാരിൽ ഉണ്ടാകൂ. അതു തന്നെയാണു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും ജനറൽ സെക്രട്ടറി ഡി.രാജയുടെയും മനസ്സിൽ. ഇതൊന്നും വ്യക്തമായി ബോധ്യമില്ലാത്ത സഖാക്കളാണ് കാനത്തെ മണിച്ചിത്രത്താഴിട്ടു പൂട്ടിയെന്നെല്ലാം വലിയവായിൽ നിലവിളിക്കുന്നത്. 

കാനത്തെപ്പൂട്ടാൻ മാത്രമൊന്നും പിണറായി സഖാവോ കോടിയേരി സഖാവോ വളർന്നിട്ടില്ല. പിന്നെ, മക്കളുടെ കാര്യം വരുമ്പോൾ മണിച്ചിത്രത്താഴാണോ മറ്റെന്തെങ്കിലും പൂട്ടാണോ എന്നൊക്കെയുള്ള പ്രശ്നം കാനം സഖാവും കോടിയേരി സഖാവും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. തൽക്കാലം ഈ ചർച്ചയിൽ പങ്കെടുക്കാനുള്ള യോഗ്യത പിണറായി സഖാവു നേടിയിട്ടില്ല. 

കാനം സഖാവ് എന്നും രാവിലെ എഴുന്നേറ്റു പിണറായി സഖാവിനെ വിമർശിക്കണമെന്നു പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല. കാനം സഖാവ് രാവിലെ എഴുന്നേറ്റാൽ ആദ്യം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കും. അതിൽ പറയുന്നതു കമ്യൂണിസ്റ്റുകാർക്കു നഷ്ടപ്പെടാൻ കൈവിലങ്ങുകളല്ലാതെ ഒന്നുമില്ലെന്നാണ്.

മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാമിന്റെ കൈവിലങ്ങുകൾ അടിച്ചു തകർക്കാനാണു വൈപ്പിൻ എസ്ഐയും മറ്റും ശ്രമിച്ചത്. വിലങ്ങിനെ ലക്ഷ്യമാക്കിയാണ് എസ്ഐ ലാത്തി പ്രയോഗിച്ചത്. പക്ഷേ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാത്ത എൽദോ തെറ്റിദ്ധരിച്ചു. അതിന്റെ പേരിൽ കാനത്തെ ക്രൂശിക്കാൻ ശ്രമിക്കുന്നവർ ചരിത്രബോധം ഇല്ലാത്തവരാണ്. 

ഒന്നു പയറ്റാൻ ആളില്ലല്ലോ! 

നവ ഇടതുപക്ഷം ഉദയം കൊള്ളാത്തതിൽ ഇടതുപക്ഷത്തുള്ള ആർക്കും വലിയ ആശങ്കയില്ല. ഇപ്പോൾ ഇവിടെ നിലവിലുള്ള ഇടതുപക്ഷം നവവും നവീനവും നവ്യേതരവുമാണെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇടതുപക്ഷത്തിന്റെയൊക്കെയും വലിയ അപ്പസ്തോലനായ ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളി സഖാവിനു നവ ഇടതുപക്ഷത്തിന്റെ അഭാവം വലിയ അസ്വസ്ഥത  സൃഷ്ടിക്കുകയാണ്. നവ ഇടതുപക്ഷമില്ലാത്തതു കൊണ്ട് അദ്ദേഹം ആരോടും എയ്ത്തും പൊയ്ത്തും കുറിക്കാറില്ല.

ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ചോമ്പാലിൽ നിന്ന് ഓർക്കാട്ടേരി വയലിൽ വന്നു തച്ചോളി മാണിക്കോത്ത് ഒതേനനെയോ പുത്തൂരംവീട്ടിൽ ആരോമൽച്ചേകവരെയോ അങ്കത്തിനു വെല്ലുവിളിച്ച് അച്ചാരം കൊടുക്കുമായിരിരുന്നു.

അങ്കവും അച്ചാരവുമൊന്നുമല്ല അദ്ദേഹത്തിനു പഥ്യം; ബുദ്ധിപരമായ വ്യായാമങ്ങളാണു ചോമ്പാൽ കളരിയിൽ അദ്ദേഹം പയറ്റിത്തെളിഞ്ഞത്. കോൺഗ്രസിൽ ആരുമായും ബുദ്ധിപരമായ പയറ്റു നടക്കില്ല. ഏറിവന്നാൽ അനിൽ അക്കരയെപ്പോലുള്ള ജൂനിയർ ബുദ്ധിജീവികളേ അവിടെയുള്ളൂ. 

കേരളത്തിൽ ന്യൂ ലെഫ്റ്റ് രൂപം കൊണ്ടാൽ, താരിഖ് അലിയെപ്പോലെയോ റെഗി ദെബ്രെയെപ്പോലെയോ ഉള്ള പവൻമാർക് ഇടതുപക്ഷക്കാരുമായി ബുദ്ധിപരമായ അങ്കം കുറിക്കാമായിരുന്നു. റവല്യൂഷൻ ഇൻ ദ് റവല്യൂഷൻ, ദ് ഡിലമാസ് ഓഫ് ലെനിൻ തുടങ്ങിയ പുസ്തകങ്ങൾ ചോമ്പാൽ സരോജിനി നായിഡു സ്മാരക ലൈബ്രറിയിൽ നിന്നു വായിച്ചതു വൃഥായായെന്ന തോന്നൽ ചോമ്പാൽ ഗാന്ധിയെ വല്ലാതെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് നവ ഇടതുപക്ഷം അടിയന്തരമായി ഉദയം കൊള്ളണമെന്ന് അദ്ദേഹം സ്വഗതമായും പ്രകാശമായും ഇടയ്ക്കിടെ പറയുന്നത്. 

സ്റ്റോപ് പ്രസ്:  ഉദ്യോഗസ്ഥർ കന്നുകാലികളെ വളർത്തുന്നതു ക്ഷീരമേഖലയ്ക്കു ഗുണം ചെയ്യുമെന്ന് മന്ത്രി കെ.രാജു. ഇത്തരം കന്നുകാലികളെ നോൺ ഗസറ്റഡ്, ഗസറ്റഡ് എന്നിങ്ങനെ തിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com