ADVERTISEMENT

ധനമന്ത്രി നിർമല സീതാരാമന്റെ ആദ്യ ബജറ്റ് പാർലമെന്റ് പാസാക്കിയതിനു പിന്നാലെ, ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിനെ നാടകീയമായി സ്ഥലം മാറ്റിയത് സാമ്പത്തികനയങ്ങളിൽ ഉലച്ചിലുണ്ടാക്കി. മുൻ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ടീമിലെ പല അംഗങ്ങളെയും പോലെ, സുഭാഷ് ഗാർഗും പ്രകോപനകാരിയായ ഓഫിസറാണ്. താരതമ്യേന കരുത്തുകുറഞ്ഞ ഊർജ മന്ത്രാലയത്തിലേക്കു മാറ്റിയതിനു പിന്നാലെ, സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

12 മുതിർന്ന തസ്തികകളിലെ മാറ്റം പതിവു നടപടിക്രമം മാത്രമാണെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുമ്പോഴും ‘ഡൽഹിയും മുംബൈയും’ തമ്മിലുള്ള പരമ്പരാഗത പോരിലാണ് സുഭാഷ് ഗാർഗിന്റെ കസേര പോയതെന്നു വ്യക്തമായിരുന്നു. ഈ പോരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസാണു വിജയി എന്നു പറയാം. മോദിക്കും ജയ്റ്റ്ലിക്കും കീഴിൽ അദ്ദേഹമായിരുന്നു സാമ്പത്തികകാര്യ സെക്രട്ടറി. 

നോട്ട് നിരോധനം അടക്കമുള്ള സാമ്പത്തിക നയങ്ങളുടെ പേരിൽ ആർബിഐ ഗവർണർമാരായിരുന്ന രഘുറാം രാജനും ഉർജിത് പട്ടേലും സർക്കാരുമായി ഏറ്റുമുട്ടിയപ്പോൾ, ശക്തികാന്ത ദാസ് സർക്കാരിനൊപ്പമാണു നിന്നത്. 1000, 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെ അദ്ദേഹം ശക്തമായി പിന്തുണച്ചു. പുതിയ 200, 2000 നോട്ടുകളുമായി ആളുകൾ പരിചയത്തിലാകാൻ വേണ്ടി സാമ്പത്തികനയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നതും ദാസായിരുന്നു. 

സുരക്ഷ, ജനക്ഷേമ പദ്ധതികളുടെ പേരിൽ സർക്കാർ ചെലവുകൾ കുതിച്ചുയരുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടു പരിഹരിക്കാൻ കൂടുതൽ ധനസമാഹരണം ആവശ്യമാണെന്ന നിലപാടിലായിരുന്നു സുഭാഷ് ഗാർഗ്. നികുതിയിതര വരുമാനമാണു ഗാർഗ് ലക്ഷ്യമിട്ടത്. ആർബിഐ ധനശേഖരത്തിലുള്ള 3 ലക്ഷം കോടി രൂപ സർക്കാർ ചെലവിലെ വിടവുനികത്തുമെന്നാണ് അദ്ദേഹം വിചാരിച്ചത്. ഇതാകട്ടെ, പട്ടേലും അദ്ദേഹത്തിനു കീഴിലെ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും ശക്തമായി എതിർത്തു. വിഷയം പഠിക്കാൻ സർക്കാർ ആറംഗ സമിതിയുണ്ടാക്കി ഗാർഗിനെ അതിൽ അംഗമാക്കിയെങ്കിലും ഗാർഗും ആചാര്യയും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.

ഓഹരിവിപണിയെ നിയന്ത്രിക്കുന്ന അർധ സ്വയംഭരണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽനിന്നു സർക്കാരിന് അധിക പണം ഊറ്റിയെടുക്കാനാകുമെന്നാണു ഗാർഗ് വിചാരിച്ചത്. മന്ത്രാലയത്തിന്റെ ധനകാര്യസേവന വിഭാഗങ്ങൾക്കുമേൽ അധിക സമ്മർദം ചെലുത്തിയ ഗാർഗ്, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽനിന്നും ഇൻഷുറൻസ് കമ്പനികളിൽനിന്നും കൂടുതൽ പണം ആവശ്യപ്പെട്ടു. എൽഐസിക്കും എസ്ബിഐക്കും മേലായിരുന്നു കൂടുതൽ സമ്മർദം. പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ലക്ഷ്യത്തിന്റെ പരിധിയും ഗാർഗ് ഉയർത്തി. ഒടുവിൽ ചർച്ചകൾക്കു ശേഷം 1.05 ലക്ഷം കോടി എന്ന റെക്കോർഡ് ലക്ഷ്യമാണ് അംഗീകരിക്കപ്പെട്ടത്.

അടുത്ത അഞ്ചുവർഷത്തിനകം കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂടെ ലക്ഷക്കണക്കിനു കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യമാണു ഗാർഗ് മുന്നോട്ടുവച്ചത്. ശക്തമായ ജനപിന്തുണയുള്ള സർക്കാർ, പ്രയാസകരമായ തീരുമാനങ്ങൾ ആദ്യ വർഷം തന്നെ നടപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

 പലിശനിരക്കു കുറവായതിനാലും സർക്കാരിന് ആവശ്യത്തിനു വിദേശ കരുതൽധനം ഉള്ളതിനാലും വിദേശവായ്പകൾ ഉയർത്തുക എന്ന വലിയ മാറ്റവും ഗാർഗ് മുന്നോട്ടുവച്ചു. ഇതുവഴി സർക്കാരിന്റെ കൈകളിലേക്ക് വേഗം പണമെത്തും. അത് ആഭ്യന്തര കട വിപണിയെ സ്വതന്ത്രമാക്കി, സ്വകാര്യമേഖലയെ വളർത്തുമെന്നും അദ്ദേഹം വാദിച്ചു. 

റിസർവ് ബാങ്ക് മിച്ച ഫണ്ട് സർക്കാരിനു ചെറിയ തവണകളായി മാത്രം നൽകിയാൽ മതിയെന്ന ബിമൽ ജലാൻ കമ്മിറ്റിയുടെ ശുപാർശയോടും ഗാർഗ് വിയോജിച്ചു. വിദേശകടം പെരുകുന്നതിനോടും വലിയ തോതിൽ റിസർവ് ബാങ്കിന്റെ പണം പിൻവലിക്കുന്നതിനോടും ആർബിഐ ഗവർണർ ദാസിനും സംഘത്തിനും അനുകൂല നിലപാടായിരുന്നില്ല. പക്ഷേ, സോവറിൻ ബോണ്ടുകൾ (സർക്കാർ കടപ്പത്രങ്ങൾ) ഉൾപ്പെടുത്താൻ നിർമല സീതാരാമനു പ്രധാനമന്ത്രി അനുമതി നൽകിയിരുന്നു. ഈ ശുപാർശകൾ നടപ്പാക്കിയാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അർജന്റീനയുടെ വഴിക്കു പോകുമെന്നു പല സാമ്പത്തികവിദഗ്ധരും പറഞ്ഞിരുന്നു. അർജന്റീന സർക്കാർ ഒരുപാടു വിദേശകടം വാങ്ങിക്കൂട്ടുകയും അത് സാമ്പത്തിക പ്രതിസന്ധിയിൽ െചന്നവസാനിക്കുകയും ചെയ്തു. 

സാമ്പത്തികകാര്യ സമിതി അംഗങ്ങളുടെ എല്ലാ തീരുമാനങ്ങളെയും ധനമന്ത്രി ശക്തമായി പ്രതിരോധിച്ചുവെങ്കിലും, താൻ മാറ്റങ്ങളുടെ വാഹകനാണെന്നു സ്വയം കരുതിയ ഗാർഗിനു വിമർശനങ്ങളിൽ മുറിവേറ്റു. ഗാർഗ് പുറത്തുപോയതോടെ, അദ്ദേഹത്തിന്റെ ടീം ശുപാർശ ചെയ്ത ശക്തമായ ചികിത്സാവിധികളിൽ മുറുകെപ്പിടിക്കുക ധനമന്ത്രാലയത്തിനു വെല്ലുവിളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com