ADVERTISEMENT

അടിയന്തരാവസ്ഥയ്ക്കു ശേഷം പൗരസ്വാതന്ത്ര്യം ഏറ്റവുമധികം ഭീഷണി നേരിടുന്ന കാലഘട്ടത്തിലൂടെയാണു രാജ്യം കടന്നുപോകുന്നത്. കൽബുറഗി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങൾ ഒന്നിന്റെയും അവസാനമായിരുന്നില്ല; ഒരുപക്ഷേ, ഒരു ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. ‘മറ്റുള്ളവർ കേൾക്കാൻ ഇഷ്ടപ്പെടാത്തത് പറയാനുള്ള അവകാശം’ എന്നാണ് ജോർജ് ഓർവെൽ സ്വാതന്ത്ര്യത്തെ നിർവചിച്ചത്. അങ്ങനെയെങ്കിൽ, ഇന്ത്യയിപ്പോൾ ഒരു സ്വതന്ത്ര രാജ്യമായാണോ നിലനിൽക്കുന്നത് എന്നു ചോദിക്കേണ്ടിവരും.

ആൾക്കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയായപ്പോൾ, ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വീണ്ടും നോട്ടിസ് അയച്ചിരിക്കുകയാണു സുപ്രീംകോടതി. വിവരാവകാശത്തിന്റെ അടിത്തറ തകർത്തുകൊണ്ട് വിവരാവകാശ കമ്മിഷന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാക്കുന്ന തരത്തിൽ നിയമഭേദഗതി വരാൻ പോകുന്നു. സുപ്രീംകോടതി ഇതിനകം അസാധുവാണെന്നു പ്രഖ്യാപിച്ച മുത്തലാഖ് (സൈറാ ബാനു കേസ്, 2017) ക്രിമിനൽ കുറ്റമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു വിഭാഗത്തിനെതിരെ ഏകപക്ഷീയവും തത്വദീക്ഷയില്ലാത്തതുമായ മറ്റൊരു നിയമനിർമാണവും പുരോഗമിക്കുന്നു. 

സർക്കാരിനെ വിമർശിക്കുന്ന ആരെയും ‘നഗര നക്സലൈറ്റ്’ എന്നു മുദ്രകുത്തി ജയിലിലാക്കാൻ കഴിയുന്ന വിധത്തിൽ, യുഎപിഎ നിയമത്തിൽ ഭേദഗതി വരുത്തുന്നു. ഏറ്റവുമൊടുവിൽ, യുപിയിൽ ബിജെപി എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി സഞ്ചരിച്ച വാഹനത്തിൽ ‘അജ്ഞാത ലോറി’ ഇടിച്ച് 2 പേർ മരിച്ച വാർത്തയും നമുക്കു വായിക്കേണ്ടി വരുന്നു.

വിചിത്രമെന്നു പറയട്ടെ, അമിതാധികാര പ്രയോഗത്തിനുള്ള ഒരവസരവും പാഴാക്കാതെയാണു കേരളത്തിലും അധികൃതർ പ്രവർത്തിക്കുന്നത്. ആവർത്തിക്കുന്ന ലോക്കപ്പ് കൊലപാതകങ്ങൾ, ഭരണകക്ഷി എംഎൽ‍എയ്ക്കു പോലും പൊലീസ് മർദനമേൽക്കുന്ന അവസ്ഥ...മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊക്കെ എതിരെയുള്ള ഫെയ്സ്ബുക് പോസ്റ്റുകളുടെ പേരിൽ പോലും ക്രിമിനൽ കേസുകളോ അച്ചടക്ക നടപടികളോ എടുക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഏറ്റവുമൊടുവിൽ, സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പതിച്ചതിന്റെ പേരിൽപോലും ക്രിമിനൽ കേസെടുക്കുന്ന നിലയിലെത്തി നിൽക്കുന്നു കേരളം!  

 വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റത്തിന് ശിക്ഷാനിയമത്തിലെ 500-ാം വകുപ്പിലാണു ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ, അപകീർത്തിക്ക് ഇരയായി എന്നു പറയുന്ന ആളുടെ പരാതി കിട്ടിയാൽ മാത്രമേ, പ്രോസിക്യൂഷൻ പാടുള്ളൂ എന്ന് ക്രിമിനൽ നടപടി ചട്ടത്തിലെ 199–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്. അതല്ലാതെ, പൊലീസിന് അപകീർത്തിക്കേസിൽ അധികാരമില്ല. 

കെട്ടിടത്തിന്റെ ചുമരോ മതിലോ ഉടമയുടെ അനുമതിയില്ലാതെ ഉപയോഗിച്ചാൽ കേരള പൊലീസ് ആക്ടിലെ 120 (ഡി) വകുപ്പനുസരിച്ചു കേസെടുക്കാം. 120 (ക്യു) വകുപ്പനുസരിച്ച് അജ്ഞാത പോസ്റ്ററിന്റെ പേരിൽ കേസെടുക്കണമെങ്കിൽ, പോസ്റ്ററിന്റെ ഉള്ളടക്കത്തിൽ ഭീഷണിപ്പെടുത്തലോ അപകീർത്തിപ്പെടുത്തലോ ഉള്ളതായി ബോധ്യപ്പെടണം. ഇപ്പോൾ വിവാദമുണ്ടാക്കിയിട്ടുള്ള പോസ്റ്ററുകളിൽ ഇത്തരം ഉള്ളടക്കമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. 

ഏതായാലും, ഒരു രാഷ്ട്രീയ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെടുമ്പോൾ പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രയോഗിക്കപ്പെടുന്നു എന്നതുതന്നെ അപമാനകരമാണ്. മലയാളിയുടെ ജനാധിപത്യബോധം കുറെക്കൂടി ഉയർന്ന തലത്തിലാണെന്ന ധാരണ തിരുത്താറായിരിക്കുന്നു. 

(സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com