ADVERTISEMENT

എന്ത് അന്വേഷിച്ചിറങ്ങിയോ അതിലേക്ക് എത്തിച്ചേരാൻ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. പല കാരണങ്ങൾ കൊണ്ടാകാം അത്. ചിലർ വഴിതെറ്റി നടക്കും; ചിലരുടെ യാത്ര വഴികാട്ടികളിൽ അവസാനിക്കും; മറ്റു ചിലർ മാർഗദർശികളിലെ മാർഗഭ്രംശം കണ്ട് നിരാശരായി സ്വയം പഴിചാരി എല്ലാം അവസാനിപ്പിക്കും. 

‌ദൈവത്തെ അന്വേഷിക്കുന്നവർ തേടേണ്ടത് ദൈവത്തെ മാത്രമായിരിക്കണം. സത്യത്തെയോ നീതിയെയോ അനുകരിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നവൻ പിന്തുടരേണ്ടത് അവയെത്തന്നെയാകണം. ഈശ്വരന്റെ വഴികാട്ടികളായി വർത്തിക്കുന്നവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് ആ പോരായ്‌മകളിലൂടെ ഈശ്വരനെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് ഈശ്വരനിഷേധം. 

എല്ലാറ്റിനെയും മുൻവിധിയോടെ മാത്രം കാണുന്നവർക്ക് ഈശ്വരനെയും അങ്ങനെ മാത്രമേ കാണാൻ കഴിയൂ. അനുഗ്രഹങ്ങൾ വാരിച്ചൊരിയാൻ വേണ്ടിയും അപകടങ്ങളിൽനിന്നു സംരക്ഷിക്കാൻ വേണ്ടിയുമുള്ള അദ്ഭുതസങ്കൽപം മാത്രമാണ് പലർക്കും ഈശ്വരൻ. ദൈവാന്വേഷണത്തിലെങ്കിലും, സ്വന്തം പദ്ധതികളും വഴികളും മാറ്റിവച്ച് പുതിയൊരു പാത തുറന്നിരുന്നെങ്കിൽ ആ വഴിയോരങ്ങളിൽ പലയിടത്തും ഈശ്വരനെ കണ്ടേനെ. 

എല്ലാ സത്യാന്വേഷികളുടെ പിന്നാലെയും പ്രലോഭനങ്ങളുണ്ടാകും. ചിലർ സ്വത്തിന്റെയും പ്രശസ്തിയുടെയും ആദ്യ പ്രലോഭനങ്ങളിൽ തന്നെ വീഴും. ചിലർ അധികാരങ്ങളിലൂടെയും ആൾക്കൂട്ടങ്ങളിലൂടെയും സ്വയം ആകർഷണകേന്ദ്രമാകുന്ന തന്ത്രത്തിൽ കീഴടങ്ങും. സ്വന്തം വഴികളുടെ ആകർഷണങ്ങളെ അതിജീവിക്കാത്തവർ ഈശ്വരന്റെ വഴികളിൽനിന്നു വളരെ പെട്ടെന്ന് അപ്രത്യക്ഷരാകും. അപരിചിതമായതിനെ സ്വാംശീകരിക്കാൻ പരിചിതമായ പലതും ഉപേക്ഷിക്കേണ്ടിവരും. ഇച്ഛകളുടെ പിന്നാലെ നടക്കുന്നവർക്ക് ഈശ്വരൻ എന്നും അപ്രാപ്യമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com