sections
MORE

പാഴാക്കാൻ സമയമില്ല, ആരു നയിക്കണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെ: ശശി തരൂർ

shashi-tharoor-mp
SHARE

കോൺഗ്രസ് അധ്യക്ഷപദവി ഒഴിയുകയാണെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ട് 2 മാസം പിന്നിടുന്നു. പുതിയ അധ്യക്ഷനെ തീരുമാനിക്കേണ്ട പ്രവർത്തക സമിതി ഏറ്റവുമൊടുവിൽ യോഗം ചേർന്നത് മേയ് 25ന്. രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താനാവാതെ ഉന്നത നേതൃത്വം ഇരുട്ടിൽതപ്പുമ്പോൾ, ഉറച്ച നിലപാടുകൾ തുറന്നു പറയുകയാണ് ശശി തരൂർ എംപി. ‘ഇടക്കാല അധ്യക്ഷനെ നിയമിച്ച ശേഷം പ്രവർത്തക‌ സമിതി  പിരിച്ചുവിടണം; പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടത് സംഘടനാതിരഞ്ഞെടുപ്പിലൂടെആണ്; നാമനിർദേശത്തിലൂടെ അല്ല’– തരൂർ ‘മനോരമ’യോട്. 

കോൺഗ്രസിൽ എന്താണു സംഭവിക്കുന്നത്? പിൻഗാമിയെ ഇനിയും കണ്ടെത്താനാവുന്നില്ല. 

കോൺഗ്രസിൽ ഉന്നതപദവി വഹിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്തുക എളുപ്പമല്ല. ഗൗരവമേറിയ ചർച്ചകളും കൂടിയാലോചനകളും ആവശ്യമാണ്. തലപ്പത്തു നേതാവില്ലാത്ത അവസ്ഥ പാർട്ടിയെയും പ്രവർത്തകരെയും പ്രതികൂലമായി ബാധിക്കുമെന്ന യാഥാർഥ്യം പ്രവർത്തകസമിതി തിരിച്ചറിയണം. പാഴാക്കാൻ ഇനി സമയമില്ല. 

പുതിയ അധ്യക്ഷനെ പ്രവർത്തകസമിതി നാമനിർദേശം ചെയ്യുമെന്നും സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുമുള്ള സൂചനകളാണു പുറത്തുവരുന്നത്. കോൺഗ്രസിൽ ജനാധിപത്യ പ്രക്രിയ ഇല്ലേ. 

ഇടക്കാല പ്രസിഡന്റിനെ പ്രവർത്തക സമിതി എത്രയും വേഗം നിശ്ചയിക്കുകയാണു മുന്നോട്ടുള്ള ഒരു വഴി. പിന്നാലെ, സമിതി പിരിച്ചുവിടണം. ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെയും പ്രവർത്തക സമിതി അംഗങ്ങളെയും കണ്ടെത്തണം. തങ്ങളെ ആരെല്ലാം നയിക്കണമെന്നു പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടെ.

തിരഞ്ഞെടുപ്പിലൂടെ നേതൃപദവികളിലെത്തുന്നവർക്കു ദേശീയതലത്തിൽ പാർട്ടിയെ നയിക്കാനുള്ള വിശ്വാസ്യതയും പിന്തുണയും ലഭിക്കും. 

ഇടക്കാല പ്രസിഡന്റ് ആരാകണം. സോണിയാ ഗാന്ധി പാർട്ടി കാര്യങ്ങളിൽ വളരെ സജീവമാണ് ഇപ്പോൾ. 

നിലവിൽ നേരിടുന്ന പ്രതിസന്ധിയിൽനിന്നു പാർട്ടിയെ കരകയറ്റാനും രാഹുലിന്റെ പിൻഗാമിയെ കണ്ടെത്തുംവരെ കോൺഗ്രസിനെ ഐക്യത്തോടെ നിലനിർത്താനും ഏറ്റവും അനുയോജ്യയായ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി തന്നെയാണ്. എന്നാൽ, 2 വർഷം മുൻപ് പദവിയൊഴിഞ്ഞ വ്യക്തിയാണ് അവർ.

പാർലമെന്ററി പാർട്ടി നേതാവെന്ന നിലയിലുള്ള തിരക്കുകൾ കണക്കിലെടുക്കുമ്പോൾ, അധ്യക്ഷ പദവിയുടെ ഉത്തരവാദിത്തം വീണ്ടും ഏറ്റെടുക്കാൻ സോണിയയെ നിർബന്ധിക്കുക എളുപ്പമല്ല. 

രാഹുൽ സ്ഥാനമൊഴിഞ്ഞപ്പോഴും മുതിർന്ന നേതാക്കളിൽ പലരും പദവികളിൽ തുടരുകയാണ്. പാർട്ടിയിൽ തലമുറമാറ്റത്തിനു സമയമായെന്നു യുവനേതാക്കൾ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. അത് രാഹുലിനും ഏതാനും മുതിർന്ന നേതാക്കൾക്കും മേൽ കെട്ടിവയ്ക്കുന്നത് അനീതിയാണ്. യുവനേതാവ് അധ്യക്ഷനാവണമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അഭിപ്രായത്തോടു യോജിക്കുമ്പോഴും മുതിർന്നവരെ ഒന്നടങ്കം പദവികളിൽനിന്ന് ഒഴിവാക്കുന്നതിനോട് എനിക്കു യോജിപ്പില്ല.

മുതിർന്നവരുടെ അനുഭവസമ്പത്തും യുവാക്കളുടെ ഊർജവും ചേർന്ന സംഘടനാ സംവിധാനമാണു കോൺഗ്രസിന് അഭികാമ്യം. ആര് അധ്യക്ഷനായാലും പാർട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കാനും കൈവിട്ട വോട്ടർമാരെ ഒപ്പം നിർത്താനും സാധിക്കണം. 

ഉന്നത പദവികൾ ഏറ്റെടുക്കാൻ 75 വയസ്സിന്റെ പ്രായപരിധി ബിജെപി നിശ്ചയിച്ചിട്ടുണ്ട്. അത്തരമൊരു വിരമിക്കൽ പ്രായം കോൺഗ്രസിൽ ആവശ്യമാണോ. 

യുവനേതൃത്വത്തിനു വഴിമാറിക്കൊടുക്കാൻ, മാന്യമായി സ്ഥാനമൊഴിയേണ്ട സമയത്തെക്കുറിച്ച് എല്ലാ രാഷ്ട്രീയക്കാർക്കും ധാരണ വേണം. വിരമിക്കൽ പ്രായമെത്തും മുൻപേ കാര്യമായി ജോലി െചയ്യാത്തവരെയും വിരമിക്കൽ പ്രായം അടുത്തിട്ടും ഊർജസ്വലതയോടെ പ്രവർത്തിക്കുന്നവരെയും ഐക്യരാഷ്ട്ര സംഘടനയിലെ പ്രവർത്തന കാലയളവിനിടയിൽ ഞാൻ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും ഇതു തന്നെയാണു സ്ഥിതി. 

കോൺഗ്രസിന്റെ നേതൃപദവിയിൽ ആരു വേണമെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. അവർ യുവനേതാവിനെ തിരഞ്ഞെടുത്താൽ, വിരമിക്കൽ പ്രായത്തിനു ശേഷവും പാർട്ടിയിൽ തുടരുന്ന മുതിർന്ന നേതാക്കൾക്കുള്ള സന്ദേശം കൂടിയാവും അത്. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരണം. 30 വയസ്സിൽ താഴെയുള്ളവർക്കായി പാർലമെന്റിൽ നിശ്ചിത സീറ്റ് മാറ്റിവയ്ക്കണം.

കൂടുതൽ യുവാക്കൾ വരുമ്പോൾ, മുതിർന്നവർ സ്വാഭാവികമായി പുറത്തേക്കു പോകും. അതുവഴി വിരമിക്കൽ പ്രായം അടിച്ചേൽപിക്കേണ്ട അവസ്ഥയുണ്ടാവില്ല. 

നെഹ്റു – ഗാന്ധി കുടുംബത്തിൽ നിന്നുള്ളവർ തന്റെ പിൻഗാമിയാവേണ്ടെന്നു രാഹുൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, താങ്കൾ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നു. രാഹുലിന്റെ അഭിപ്രായം തള്ളുകയാണോ. 

ഒരിക്കലുമല്ല. അധ്യക്ഷപദവിയിലേക്കു സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ, പ്രിയങ്കയും രംഗത്തിറങ്ങണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്നാൽ, കുടുംബത്തിൽ നിന്നാരും വേണ്ടെന്നു രാഹുൽ പറഞ്ഞത് ഇതിനു വെല്ലുവിളിയാണ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനമെടുക്കേണ്ടതു ഗാന്ധി കുടുംബമാണ്. ഇതുസംബന്ധിച്ച പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായത്തെയും ഞാൻ മാനിക്കുന്നു. എന്നാൽ, ഇന്ദിരാ ഗാന്ധിയുടെ പ്രസരിപ്പും സംഘടനാ പ്രവർത്തനത്തിലെ മികവും ചേരുന്ന പ്രിയങ്ക, അധ്യക്ഷപദവിക്ക് ഏറ്റവും അനുയോജ്യയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA