sections
MORE

മെഡിക്കൽ കമ്മിഷൻ ബിൽ ജനാധിപത്യപരമല്ല; ആരോഗ്യമേഖലയുടെ കുതിപ്പിനുമേൽ കടിഞ്ഞാണിടും

Nottam
SHARE

ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ ആരോഗ്യമേഖലയുടെ കുതിപ്പിനുമേൽ കടിഞ്ഞാണിടുകയാണു കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചികിത്സാരംഗത്തെ വളർച്ച അതിവേഗത്തിലായിരുന്നു. ലോകത്തെ മറ്റു രാജ്യങ്ങളെ അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കു സാധിച്ചു. ജനാധിപത്യ തത്വങ്ങളിലധിഷ്ഠിതമായി രൂപീകരിച്ച മെഡിക്കൽ കൗൺ‍സിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) ഇടപെടലായിരുന്നു ഈ മാറ്റങ്ങൾക്കു കാരണമായത്. 

വിവിധ സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു കൗൺസിലിലേത്. അവർ രാജ്യത്തെ വിദൂരമേഖലകളിലേതുൾപ്പെടെ, ആരോഗ്യസംബന്ധിയായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഗൗരവമായി പഠിച്ചു. സർക്കാർ നിർദേശങ്ങൾ അപ്പാടെ അംഗീകരിക്കാൻ ബാധ്യതയുണ്ടായിരുന്നില്ല കൗൺസിലിന്. തെറ്റായ നയങ്ങൾ തള്ളാനും ശരിയായവ നടപ്പാക്കാനും പൂർണ അധികാരമുണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം ഉണ്ടായിരുന്നതിനാൽ, വൈവിധ്യമാർന്ന ആരോഗ്യപ്രശ്നങ്ങൾ ചർച്ചയ്ക്കു വന്നിരുന്നു. അതിനനുസരിച്ച് ആരോഗ്യ സമീപനരേഖകളിൽ മാറ്റം വരുത്താനും കഴിഞ്ഞു. 

കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കിയ മെഡിക്കൽ കമ്മിഷൻ ബിൽ ജനാധിപത്യപരമല്ല. കമ്മിഷനിലെ എല്ലാ അംഗങ്ങളെയും കേന്ദ്രം നാമനിർദേശം ചെയ്യും. കൗൺസിലിൽ ഉണ്ടായിരുന്നതു പോലെ ഓരോ സംസ്ഥാനത്തിനും പ്രാതിനിധ്യം നൽകുന്ന സമ്പ്രദായം അവസാനിപ്പിച്ചു. ഒരുസമയം അഞ്ചു സംസ്ഥാനങ്ങൾക്കു മാത്രമേ കമ്മിഷനിൽ പ്രാതിനിധ്യം ഉണ്ടാകുകയുള്ളൂ. കമ്മിഷനിൽ അംഗത്വം ലഭിക്കാൻ സംസ്ഥാനങ്ങൾക്കു ചിലപ്പോൾ 14 വർഷം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകും. 

ആരോഗ്യ സർവകലാശാലകളെ കേന്ദ്രം അംഗീകരിക്കാത്ത സ്ഥിതിയാണ് ഇപ്പോൾ. എംബിബിഎസ് അവസാനവർഷ പരീക്ഷ കമ്മിഷൻ നടത്തുമെന്നാണു ബില്ലിലെ വ്യവസ്ഥ. രാജ്യത്തു പ്രതിവർഷം അരലക്ഷത്തോളം പേർ എഴുതുന്നതാണിത്. ഇവരെല്ലാം കമ്മിഷൻ നടത്തുന്ന പരീക്ഷയിൽത്തന്നെ പങ്കെടുക്കണമെന്നതു പ്രായോഗികമല്ല.

 ആരോഗ്യ സർവകലാശാലകൾ പരീക്ഷ നടത്തുകയും വിജയിക്കുന്നവർക്ക് എംസിഐ റജിസ്ട്രേഷൻ നൽകുകയുമായിരുന്നു നിലവിലെ രീതി. പുതിയ കമ്മിഷനു പരീക്ഷ നടത്താനുള്ള സംവിധാനമുണ്ടോ, മൂല്യനിർണയം എങ്ങനെ എന്നൊന്നും ഇനിയും വ്യക്തമല്ല. തോൽക്കുന്നവർക്കു വീണ്ടും പരീക്ഷ എഴുതാനാകുമോ എന്നതിനു പോലും വ്യക്തതയില്ല. 

എംസിഐ മാതൃകയിൽ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ഉണ്ടായിരുന്നു. ഈ കൗൺസിലുകൾ എംസിഐയുടെ ആജ്ഞാനുവർത്തികൾ അല്ല. തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്ന ഈ കൗൺസിലിനു സ്വതന്ത്രാധികാരങ്ങളുണ്ട്. ഇനി സംസ്ഥാന കൗൺസിലുകൾ കമ്മിഷനുകളുടെ നിർദേശത്തിനൊത്തു പ്രവർത്തിക്കണം.

രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുവാൻ കമ്മിഷനെക്കൊണ്ടു സാധിക്കില്ല. നിലവിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 2% മാത്രമേ, ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുന്നുള്ളൂ. ശ്രീലങ്കയും ബംഗ്ലദേശും 5% വരെ നീക്കിവയ്ക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ സർക്കാരുകളുടെ താൽപര്യം ഇതിൽനിന്നു മനസ്സിലാക്കാം.

‌ഗ്രാമീണമേഖലയിൽ മൂന്നര ലക്ഷം ഡോക്ടർമാരുടെ കുറവുണ്ടെന്നു കേന്ദ്രം പറയുന്നു. ഇതു പരിഹരിക്കാൻ കുറഞ്ഞകാലം മാത്രം മോഡേൺ മെഡിസിൻ പഠിച്ചവരെ നിയമിക്കാൻ ഒരുങ്ങുകയാണു സർക്കാർ. കമ്മിഷന്റെ പ്രഥമ ചുമതല അതായിരിക്കുമെന്നാണു വിവരം. ആയുർവേദം പഠിച്ചവരെ 6 മാസവും ഹോമിയോ പഠിച്ചവരെ 2 വർഷവും മോഡേൺ മെഡിസിൻ പഠിപ്പിച്ച് എംബിബിഎസ് ഡോക്ടറുടെ ജോലി ഏൽപിക്കുന്നതു സമൂഹത്തോടുള്ള ക്രൂരതയാണ്. ഈ തീരുമാനത്തെ പരിഷ്കൃത ജനതയ്ക്ക് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. 

രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോൾ യഥാർഥത്തിൽ 5000 ഡോക്ടർമാരുടെ കുറവേ ഉള്ളൂ. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളജായി ഉയർത്താൻ കേന്ദ്രത്തിനു പദ്ധതിയുണ്ട്. രാജ്യത്ത് അറുന്നൂറിലേറെ ജില്ലാ ആശുപത്രികളുണ്ട്. ഇവിടങ്ങളിൽ പഠിക്കുന്നവർ പുറത്തിറങ്ങുമ്പോൾ ഡോക്ടർമാരുടെ ക്ഷാമം അവസാനിക്കും. 

ഭാവിയിൽ വ്യാജ ഡോക്ടർമാർ പെരുകും. അര വിദ്യ നേടിയവരും പൂർണ ബിരുദമുള്ളവരും ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്ന അവസ്ഥ ചിന്തിക്കാനാവില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാർക്ക് ഒരേ വിദ്യാഭ്യാസ യോഗ്യതയാണു വേണ്ടത്. മനുഷ്യരുടെ കാര്യത്തിൽ, ഗ്രാമത്തിലുള്ളവരെ ചികിത്സിക്കാൻ വൈദഗ്ധ്യമില്ലാത്തവരെ നിയോഗിക്കുന്നത് അംഗീകരിക്കാനാകുമോ?

(വേൾഡ് മെഡിക്കൽ അസോസിയേഷൻ അംഗവും ഐഎംഎ മുൻ ദേശീയ പ്രസിഡന്റുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA