ADVERTISEMENT

ആയോധനകല അഭ്യസിക്കാനെത്തിയ ചെറുപ്പക്കാരൻ ഗുരുവിനോടു ചോദിച്ചു, ഇതു വിജയകരമായി പൂർത്തിയാക്കാൻ എത്രനാൾ വേണ്ടിവരും? ഗുരു പറഞ്ഞു, 10 വർഷം. ചെറുപ്പക്കാരൻ അക്ഷമയോടെ ചോദിച്ചു, ഞാൻ വളരെ വേഗത്തിൽ പഠിക്കുന്ന ആളാണ്. കഠിനാധ്വാനം ചെയ്യാനും മടിയില്ല. ആവശ്യമെങ്കിൽ ദിവസേന പത്തോ പതിനഞ്ചോ മണിക്കൂർ ഞാൻ പരിശീലിക്കാം. അങ്ങനെയെങ്കിൽ, എത്രനാൾ വേണ്ടിവരും? ഗുരു പറഞ്ഞു, 20 വർഷം! 

വേഗം മാത്രമല്ല വിജയത്തിന്റെ അടിസ്ഥാനം; വിനയവും വിവേകവും കൂടിയാണ്. ഓരോന്നിനും ആവശ്യപ്പെടുന്ന സമയവും സാഹചര്യവും നൽകുകയാണ് ഫലപ്രദമായ പൂർത്തീകരണത്തിനാവശ്യം. 

പൂവ് വിരിയിക്കാനാകില്ല, അതു തനിയെ വിരിയണം. വളരാനും പുഷ്‌പിക്കാനും അതിനുവേണ്ട സമയം അനുവദിച്ചേ മതിയാകൂ. ഇതളുകളല്ല, അവയുടെ സമർഥമായ ഏകീകരണമാണ് പൂവ്. അതിനു സ്വയം രൂപപ്പെടാനാവശ്യമായ ഒരു സമയമുണ്ട്. അതിന് അനുവദിക്കാത്ത ഒരാളും പൂവിന്റെ അഭ്യുദയകാംക്ഷിയല്ല. ഓരോന്നിന്റെയും സമയക്രമവും താളക്രമവും മനസ്സിലാക്കാത്തവരാണ് രാവിലെ വിതച്ച് ഉച്ചയ്‌ക്കു വളമിട്ട് വൈകിട്ടു വിളവെടുക്കാനിറങ്ങുന്നത്. 

ആദ്യം ക്ഷമയും സഹനശക്തിയും സ്വയം ശീലിച്ച് മനസ്സിനെ പാകപ്പെടുത്തണം. ആ മനസ്സും ശരീരവും ഉപയോഗിച്ചു വേണം പുതിയ അറിവും കഴിവും സ്വായത്തമാക്കാൻ. എത്ര വേഗത്തിൽ പഠിച്ചു എന്നതിനെക്കാൾ, എത്ര മികവോടെ പഠിച്ചു എന്നതാണു പ്രസക്തം. 

തീവ്രപ്രയത്നവും വേഗത്തിലുള്ള പരിശീലനവും നടത്തി, എല്ലാം മറ്റുള്ളവരെക്കാൾ മുൻപേ കൈവശമാക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം നിലനിൽപു പോലും ഭീഷണി നേരിട്ടേക്കാം. 

എന്തു പഠിക്കുന്നുവോ, അതു പകർന്നു തരുന്നവർക്കു വിധേയപ്പെടാനുള്ള മനസ്സാണ് ആദ്യം ഉണ്ടാകേണ്ടത്. സമ്പൂർണ സമർപ്പണമാണ് പഠനത്തിന്റെ ആരംഭം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com