sections
MORE

പ്രിയ കേരളഗാനമേ, സ്വാഗതം

tharanga
SHARE

കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിനൊപ്പം രണ്ടാം നവോത്ഥാനം പൊങ്ങിവന്ന നമ്മുടെ കേരളത്തിൽ ഇപ്പോൾ ആകെയൊരു കുറവുള്ളത് ഒരു തനതു സ്വാഗതഗാനമാണ്. ഓരോ യോഗത്തിലും സംഘാടകർക്കു സൗകര്യമുള്ള സ്വാഗതഗാനം പാടുന്നതല്ലാതെ കേരളനടനം എന്നു പറയുംപോലൊരു കേരളഗാനമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ചില്ലറയല്ല. 

നമ്മുടെ ചില ചടങ്ങുകളിൽ പങ്കെടുക്കാനിടയായ ചില വിദേശികൾ അയ്യേ നിങ്ങൾക്കൊരു തനതു ഗാനമില്ലേ എന്ന ചോദ്യത്തിനൊപ്പം മൂക്കത്തുവച്ച വിരൽ ഇതുവരെ അവിടെനിന്നു മാറ്റിയിട്ടില്ലത്രെ. 

കഴിഞ്ഞ കൊല്ലത്തെ മഹാപ്രളയത്തിനു മുൻപാണ് ഇങ്ങനെയൊന്നു വേണമെന്ന നിർദേശം മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. കയ്യോടെ സ്വാഗതഗാനങ്ങൾ ക്ഷണിച്ചുകൊണ്ട് അറിയിപ്പുണ്ടായി. 2300 ഗാനങ്ങൾ അയച്ചുകിട്ടിയത്രെ.വിദഗ്ധസമിതി പരിശോധിച്ചപ്പോൾ സ്വാഗതാർഹമായ ഒരു ഗാനവും ഇവയിൽ കണ്ടില്ല; എല്ലാം തള്ളിപ്പോയി. 

സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം.എം.ബഷീർ,  ഡോ. എം.ആർ. രാഘവ വാരിയർ, ഡോ. എം.ലീലാവതി എന്നിവരടങ്ങിയ സമിതി, മൺമറഞ്ഞ മഹാകവികളുടെ രചനകൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പത്രവാർത്ത. 

അവരിൽനിന്നൊരു പൂർണ സ്വാഗതഗാനം കണ്ടെത്താനാവുന്നില്ലെങ്കിൽ ഉള്ളൂർ, വള്ളത്തോൾ, വൈലോപ്പിള്ളി, ചങ്ങമ്പുഴ തുടങ്ങിയ മഹാകവികളിൽനിന്നു ചില വരികൾ തിരഞ്ഞെടുത്ത് ഒരു നൂലിൽ കോർത്തൊരു സ്വാഗതഗാനമുണ്ടാക്കാനും പരിപാടിയുണ്ടെന്നു വാർത്തയിൽ കാണുന്നു. 

നിങ്ങളുടെ ഗാനത്തിന്റെ കർത്താവാര് എന്നു ചോദ്യം വന്നാൽ സരിഗമ എന്നു പറയുംപോലെ ഉ–വ–വൈ–ച എന്ന് അന്തസ്സായി പറയാം. 

കമ്മിറ്റിയംഗങ്ങൾ ഓരോ വരിയെഴുതി കൂട്ടിക്കെട്ടിയാലും സ്വാഗതഗാനമാവില്ലേ എന്നൊരു ചോദ്യം പ്രിയ സുഹൃത്ത് കഷ്ടകാൽജി ഉന്നയിക്കുന്നതു കേട്ടു. എന്തായാലും രണ്ടാഴ്ചയ്ക്കുള്ളിൽ കേരളഗാനം കണ്ടെത്തുമെന്ന വാശിയിലാണത്രെ കമ്മിറ്റി. 

സ്വാഗതഗാനം എല്ലാ യോഗത്തിലും നിർബന്ധമാക്കുമോ, ഔദ്യോഗിക ഗാനം വരുന്നതോടെ സ്വാഗത പ്രസംഗം നിരോധിക്കുമോ തുടങ്ങിയ കാര്യങ്ങൾക്കൊന്നും വ്യക്തത വന്നിട്ടില്ല എന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്. 

സർക്കാർ അംഗീകൃത ഗാനം ശ്രുതിമധുരമായി ആലപിച്ച കുമാരി ആകാശകുസുമത്തിനു വിശേഷാൽ സ്വാഗതം എന്ന മട്ടിലൊരു പ്രയോഗം തീർച്ചയായും വേണം; കൃതജ്ഞതയിലും അതൊഴിവാക്കരുത്. 

കേരളഗാനം ഇപ്പരുവത്തിലെത്തിച്ച ബഹുമാനപ്പെട്ട കമ്മിറ്റിയംഗങ്ങളെ സ്വാഗതം ചെയ്തില്ലെങ്കിൽപോലും കൃതജ്ഞതാ പ്രസംഗത്തിൽ അവരെ ഓർക്കണം; അവർ തീർച്ചയായും നന്ദി അർഹിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA