ADVERTISEMENT

ഇന്ധന വിലവർധനയെത്തുടർന്നുള്ള വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ജനത്തിനു മേൽ സംസ്ഥാനം പ്രളയ സെസിന്റെ ഭാരം കൂടി അടിച്ചേൽപിക്കുകയാണ്. 1% മാത്രമുള്ള സെസ് വിലക്കയറ്റത്തിനു വഴിയൊരുക്കില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും യാഥാർഥ്യം അതല്ലെന്നാണ് വിപണി നൽകുന്ന സൂചന. പല വ്യാപാരസ്ഥാപനങ്ങളും ഉൽപന്നങ്ങൾക്കു സെസ് കൂടി ചേർത്ത പരമാവധി ചില്ലറ വിൽപന വില (എംആർപി) രേഖപ്പെടുത്തിക്കഴിഞ്ഞു. ഗൃഹോപകരണ സാധനങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്ന ഓണക്കാല വിപണിയെയാണ് ഇതു സാരമായി ബാധിക്കുക.

വില കുറഞ്ഞ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 1% സെസ് ഇൗടാക്കിയാലും കാര്യമായ വിലക്കയറ്റം പ്രകടമാകില്ലെന്നതു ശരി തന്നെ. എന്നാൽ, വിലയേറിയ ഉൽപന്നങ്ങൾക്ക് 28% ജിഎസ്ടിക്കു പുറമേ, സെസ് കൂടി നൽകേണ്ടി വരുന്നത് അധികഭാരം തന്നെയാണ്. നികുതി കുറച്ചപ്പോൾ വില താഴ്ത്താത്ത വ്യാപാരികൾ, സെസിന്റെ പേരിൽ വില കൂട്ടേണ്ട കാര്യമില്ലെന്നാണു മന്ത്രിയുടെ വാദം. സമീപകാല അനുഭവങ്ങൾ കണ്ടില്ലെന്നു നടിക്കരുതെന്നേ മന്ത്രിയോടു പറയാനുള്ളൂ.

നികുതി വെട്ടിച്ചുരുക്കുമ്പോഴും വില കുറയ്ക്കാതെ അധികലാഭം കൊയ്യുന്നതു നമ്മുടെ നാട്ടിൽ ചിലർക്കു പതിവുള്ളതാണ്. സർക്കാരിന്റെ നിരന്തര ഇടപെടൽ കൊണ്ടേ ഇത്തരം പ്രവണതകൾക്ക് അറുതിവരുത്താനാകൂ.

സംസ്ഥാനത്തെ 54 ലക്ഷം ജനങ്ങൾ, അതായത് ജനസംഖ്യയുടെ ആറിലൊന്നു പേർ പ്രളയദുരന്തത്തിന് ഇരയായെന്നാണു സർക്കാരിന്റെ കണക്ക്. ദുരിതത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്ന ഇത്രയധികം പേരിൽനിന്നു കൂടിയാണ് ഇന്ന് സെസ് പിരിവു തുടങ്ങുന്നത്. വൈദ്യുതിനിരക്കു വർധനയും പ്രാബല്യത്തിലായിക്കഴിഞ്ഞു. രാജ്യത്താകെ സെസ് ഏർപ്പെടുത്തിയിരുന്നെങ്കിൽ മാസങ്ങൾ കൊണ്ടുതന്നെ വലിയൊരു തുക പിരിച്ചെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ, അതിനു കേന്ദ്രം തടസ്സം നിന്നപ്പോൾ, ‘ഞങ്ങൾ‌ ഞങ്ങളുടെ ജനങ്ങളിൽനിന്നു സെസ് പിരിച്ചുകൊള്ളാം’ എന്ന നിലപാടാണു കേരളം സ്വീകരിച്ചത്.

സെസ് പിരിക്കാൻ നിയമഭേദഗതി കൊണ്ടുവന്ന സർക്കാർ, ഖജനാവിലെ പണം ധൂർത്തടിക്കുന്ന വഴികൾ കേട്ടാൽ ആർക്കും ചോര തിളയ്ക്കും. ജനപ്രതിനിധികൾക്കു ശമ്പളവർധന, മന്ത്രിപദവിയിൽ കൂടുതൽ പേർ, വകുപ്പു മേധാവികൾക്കും മറ്റുമുള്ള കാർ വാങ്ങൽ, കൺസൽറ്റൻസികൾക്കു വാരിക്കോരി പണം നൽകൽ, പ്രവാസി ചിട്ടിയുടെ പേരിലുള്ള പണമൊഴുക്ക് – ഇതെല്ലാം ഖജനാവ് ചോർത്തുന്നു. സർക്കാരിന്റെ വാർഷികാഘോഷങ്ങൾ മറ്റൊരു അധികച്ചെലവ്. ധൂർത്ത് നിയന്ത്രിക്കുന്നതിനായി ഒരു വർഷം മുൻപു പുറത്തിറക്കിയ ഉത്തരവ് മന്ത്രിമാർ ഇടയ്ക്കിടെ വായിക്കുന്നതു നല്ലതാണ്. കാർ വാങ്ങുന്നതിനു നിയന്ത്രണം കൊണ്ടുവന്ന ധനമന്ത്രി തന്നെയാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ എന്ന ഇല്ലാത്ത തസ്തികയ്ക്കു വേണ്ടി പോലും കാർ വാങ്ങാൻ ഉപ ധനാഭ്യർഥനയുമായി നിയമസഭയിലെത്തിയത്. ചെലവു ചുരുക്കലിനു വഴികൾ പലതും തുറന്നുകിടപ്പുണ്ടെങ്കിലും അതൊന്നും സർക്കാർ സ്വീകരിച്ചിട്ടുമില്ല.

ഒടുവിലിതാ, ഷുഹൈബ് വധക്കേസ് സിബിഐക്കു വിടേണ്ടതില്ലെന്നു സിപിഎം പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ വാദിക്കാനായി അഭിഭാഷകനെ ഇറക്കുമതി ചെയ്തതിന് അരക്കോടി രൂപയും ചെലവാക്കി. രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ ലക്ഷങ്ങൾ നൽകി അഭിഭാഷകരെ ഇറക്കുമതി ചെയ്യുമ്പോഴൊന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സർക്കാർ ഓർക്കുന്നേയില്ല.

സമയബന്ധിതമായി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതടക്കമുള്ള സർക്കാരിന്റെ ജനകീയ നിലപാടുകൾ അഭിനന്ദനാർഹം തന്നെ. എന്നാൽ, സെസ് പോലുള്ള അധികഭാരം ജനങ്ങൾക്കു മേൽ അടിച്ചേൽപിക്കുന്നതിനു മുൻപ് ധൂർത്ത് തടയുകയും വിഭവസമാഹരണത്തിനുള്ള മറ്റു മാർഗങ്ങൾ തേടുകയും വേണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com