ADVERTISEMENT

എഴുതപ്പെട്ട നിയമങ്ങൾക്ക് അടിവരയിട്ടുകൊണ്ട് എപ്പോഴും ജീവിക്കാനാകില്ല. സാഹചര്യങ്ങൾക്കനുസരിച്ച് സഹാനുഭൂതിക്കു വേണ്ടിയെങ്കിലും നിയമങ്ങളെ പുനരാഖ്യാനം ചെയ്യേണ്ടിവരും. ജീവിതവും കാർക്കശ്യവും തമ്മിൽ നിയമത്തിനു മുന്നിൽ മത്സരിക്കുമ്പോൾ ജീവിതത്തിനു വേണം മുൻഗണന ലഭിക്കാൻ. 

ചട്ടങ്ങളുടെ സൂക്ഷ്‌മപരിശോധനയിൽ അനുകമ്പയ്‌ക്കും അടിയന്തരാവശ്യങ്ങൾക്കും അർഹമായ പ്രാധാന്യം നൽകണം. പ്രായോഗികതയ്‌ക്ക് ഒരു പ്രസക്തിയുമില്ലാത്ത നിഷ്‌ഠകൾകൊണ്ട് ആർക്ക് എന്തു പ്രയോജനം? കാലഹരണപ്പെട്ട വ്യവസ്ഥകളും ഉദ്ദേശ്യശുദ്ധിയില്ലാത്ത നിബന്ധനകളും സമൂഹത്തെ പിന്നോട്ടടിക്കും. 

പെരുമാറ്റത്തിലെ പ്രതാപത്തെക്കാൾ മനസ്സിന്റെ മാന്യതയാണു മാറ്റുരച്ചു നോക്കേണ്ടത്. ആളുകൾ കാണുമ്പോഴുള്ള പക്വതയും പരിശുദ്ധിയും ആരും കാണാത്തപ്പോൾ ഉണ്ടാകണമെന്നില്ല. എല്ലാവരും കാൺകെ ആരെയും പേടിക്കാതെ എന്തും ചെയ്യാൻ ധൈര്യമുള്ളവർ നാട്ടിലെ നിയമങ്ങൾക്കനുസരിച്ചു മാത്രമല്ല, മനഃസാക്ഷിയുടെ സ്വരത്തിന് അനുസരിച്ചുകൂടിയാണു പ്രവർത്തിക്കുന്നത്. ക്യാമറാ നിരീക്ഷണത്തിലാണെങ്കിൽ മാത്രം എല്ലാം ഭംഗിയായി ചെയ്യുന്നവരുമുണ്ട്. എന്തു ചെയ്യുന്നു എന്നതിനെക്കാൾ എന്ത് ഉദ്ദേശ്യത്തോടെ ചെയ്യുന്നു എന്നതിലാണ് പ്രവൃത്തിയുടെ വിശുദ്ധിയും അശുദ്ധിയും. 

എല്ലാം തുറന്ന മനസ്സോടെ ചെയ്യുന്നവരെ വിശ്വസിക്കാം, ആശ്രയിക്കാം. എല്ലാറ്റിന്റെയും തലനാരിഴ കീറി നോക്കുന്നവരിൽ പലരും ഒളികണ്ണിട്ടു നോക്കി പ്രവർത്തിക്കുന്നവരാകും. ആളുകളുടെ പ്രശംസാപത്രത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് സ്വന്തമായ തീരുമാനങ്ങളോ ഇടപെടലുകളോ ഉണ്ടാകില്ല. അവശ്യഘട്ടങ്ങളിലെ മനോധൈര്യത്തിനും മനഃസാന്നിധ്യത്തിനും പകരം നിൽക്കാൻ ഒരു നിയമത്തിനുമാകില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com