sections
MORE

ഗ്രാമത്തിന്റെ പേര് മാത്രമല്ല ഉന്നാവ്

SHARE

അശരണവും അശാന്തവുമായ ആ വിലാപം രാജ്യമനഃസാക്ഷിയുടെ  വിങ്ങലാവുകയാണ്. ഉന്നാവിലെ പെൺകുട്ടിയുടെ  അത്യന്തം സങ്കടകരമായ അവസ്ഥ പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ കുറച്ചൊന്നുമല്ല. അധികാര രാഷ്ട്രീയവും സമ്പത്തിന്റെ ഹുങ്കും കാമത്തിന്റെ കൊടുംക്രൂരതയുമൊക്കെ ചേർന്നപ്പോഴുണ്ടായ ഈ സംഭവം രാജ്യം ഇപ്പോഴെത്തിനിൽക്കുന്ന അവസ്ഥ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് ‘ഈ രാജ്യത്ത് എന്താണു സംഭവിക്കുന്നത്?’ എന്ന ചോദ്യവുമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്നെ പൊതുസമൂഹത്തിന്റെ ആശങ്കയിൽ പങ്കുചേർന്നത്.  

കുൽദീപ് സിങ് സെൻഗർ എംഎൽഎ മുഖ്യപ്രതിയായ ഉന്നാവ് പീഡനക്കേസിൽ, പെൺകുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിനു നേരത്തേ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകൾ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തർപ്രദേശിൽനിന്നു ഡൽഹിയിലേക്കു മാറ്റാനും പീഡനക്കേസിൽ വിചാരണ തുടങ്ങി 45 ദിവസത്തിനകം തീർക്കാനും പെൺകുട്ടിക്കും അഭിഭാഷകനും കുടുംബങ്ങൾക്കും സിആർപിഎഫ് സുരക്ഷ നൽകാനുമുള്ള ഉത്തരവു നിർണായകമാണ്. 

സംരക്ഷണം ആവശ്യപ്പെട്ടു പെൺകുട്ടിയും കുടുംബവും കഴിഞ്ഞ മാസം 12ന് അയച്ച കത്ത് തന്റെ മുന്നിലെത്താൻ വൈകിയതിന്റെ കാരണം വിശദീകരിക്കാൻ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടത് ഇപ്പോഴത്തെ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നു. കത്ത് തനിക്കു ലഭിക്കുന്നതു വൈകിയ സാഹചര്യത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ സെക്രട്ടറി ജനറൽ അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്.

ക്രൂരതയും അപമാനവും കണ്ണീരും ചോരയും കൊണ്ടെഴുതിയതാണ് ഉന്നാവിലെ പെൺകുട്ടിയുടെ ജീവിതകഥ. എംഎൽഎയുടെ വീട്ടിൽ വച്ച് 2017 ജൂണിൽ പീഡിപ്പിച്ചെന്നാണു പെൺകുട്ടി നൽകിയിരുന്ന പരാതി. തുടർന്ന്, നിയമവിരുദ്ധമായി ആയുധം കൈവശം വച്ചെന്നു പറഞ്ഞ് ഇവരുടെ പിതാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പെൺകുട്ടിയുടെ പിതാവിനെ എംഎൽഎയുടെ അനുചരന്മാർ മർദിച്ചതായി ആരോപണമുണ്ടായിരുന്നു. കുറച്ചു ദിവസത്തിനുശേഷം പിതാവ് ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസം കുടുംബസമേതം സഞ്ചരിച്ച വാഹനത്തിൽ അജ്ഞാത ലോറിയിടിച്ചു പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരുക്കുണ്ടായതും ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മരിച്ചതും അത്യധികം സംശയകരമായ സാഹചര്യത്തിലാണ്. വളരെ വൈകി, കുൽദീപ് സിങ് സെൻഗർ എംഎൽഎയെ ബിജെപിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. 

ഉന്നാവിലെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കഴിയുന്ന ലക്നൗ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ കരഞ്ഞുതളർന്നിരുന്ന അമ്മയോട് മലയാള മനോരമ ലേഖകൻ കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഇടംവലം നിന്ന പൊലീസ് പലപ്പോഴും ഇടപെടുകയുണ്ടായി. പക്ഷേ, അവർ സങ്കടങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. ‘അവർ എന്നെയും മക്കളെയും കൊന്നുകളയും; ആരും അറിയുകപോലുമില്ല’ എന്നാണ് അപ്പോൾ ഈ അമ്മ ഭീതിയോടെ പറഞ്ഞത്. 

രാജ്യത്തുണ്ടാവുന്ന നിർഭാഗ്യസംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, പീഡനത്തെ അതിജീവിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിൽ കോടതിയുടെ ഉത്തരവാദിത്തം ഒതുങ്ങാൻ പാടില്ലെന്നും ആക്രമിക്കപ്പെട്ടവരുടെയും സാക്ഷികളുടെയും സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഓർമിപ്പിക്കുന്നുണ്ട്. ഈ രാജ്യത്ത് ഇപ്പോൾ ജീവിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരുമായ മുഴുവൻ സ്‌ത്രീകൾക്കുമുള്ള സുരക്ഷാവാഗ്‌ദാനം  നമുക്കു നൽകാനാവാതെ പോവുന്നതിനു കാലം മാപ്പുനൽകില്ല. സർക്കാരും പൊതുസമൂഹവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പുലർത്തുന്നുവെന്നു കരുതിപ്പോരുന്ന ജാഗ്രതയിലാകെ ഇത്തരം ക്രൂരതകൾ നിഴൽവീഴ്ത്തുന്നു. 

അധികാരത്തണലിൽ എന്തും ചെയ്യാമെന്നു കരുതുന്ന കുറ്റവാളികളുടെ കൂത്തരങ്ങാകരുത് നമ്മുടെ രാജ്യം. ഉന്നാവിൽ ക്രൂരത നേരിട്ട പെൺകുട്ടിയോടു ഭരണാധികാരികൾ ചെയ്യേണ്ട പ്രായശ്ചിത്തം ഇത്തരം സംഭവങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പുവരുത്തൽ തന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA