ADVERTISEMENT

പലപ്പോഴും മദ്യപിച്ചു വഴിയിൽ കിടക്കുന്ന ചേട്ടനെയും കൊണ്ട് അനിയൻ കൗൺസലിങ് കേന്ദ്രത്തിലെത്തി. കൗൺസലർ ചേട്ടനോടു ചോദിച്ചു, താങ്കൾ എങ്ങനെയാണു മദ്യത്തിന് അടിമയായത്? അയാൾ പറഞ്ഞു, എന്റെ അച്ഛനും സുഹൃത്തുക്കളും മദ്യപാനികളായിരുന്നു. അവരിൽ നിന്നു കിട്ടിയതാണ് ഈ ശീലം. 

കൗൺസലർ അനിയനോടു ചോദിച്ചു, നിങ്ങൾ എന്താണു മദ്യപിക്കാത്തത്? അയാൾ പറഞ്ഞു, അച്ഛനും കൂട്ടുകാരും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യമുണ്ടാക്കുന്ന ദുരന്തം അവരുടെ ജീവിതത്തിൽനിന്നു മനസ്സിലാക്കി. അങ്ങനെയെടുത്ത തീരുമാനമാണ്, ഒരിക്കലും മദ്യപിക്കില്ല എന്നത്. 

ആഘോഷാവസരങ്ങളെ ലഹരിവേളകളാക്കി മാറ്റുന്നവരൊന്നും അവനവനെ മാത്രം ആശ്രയിച്ചു കഴിയുന്നവരെക്കുറിച്ചു ചിന്തിക്കാറില്ല. ആഴമുള്ള ബന്ധങ്ങളിൽ ലഹരിയുടെ ഒഴുക്കല്ല ഉണ്ടാകേണ്ടത്; തിരുത്താനുള്ള തന്റേടവും ജീവിതത്തോടുള്ള ലഹരിയുമാണ്. ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നവരൊന്നും സങ്കടവേളകളിൽ കൂടെ കാണില്ല. 

ഓരോ ജീവിതവും ഓരോ സന്ദേശമാകണം – സന്മാർഗ സഞ്ചാരത്തിന്റെയും പുനരവലോകനത്തിന്റെയും. ചുറ്റും നിന്ന് നിങ്ങളെ നോക്കി വളരുന്നവർക്കെങ്കിലും ആവേശവും പ്രചോദനവുമാകണം. നെല്ലും പതിരും വേർതിരിച്ച് നല്ലതിനെ മാത്രം സ്വാംശീകരിക്കാനുള്ള ശേഷി എല്ലാവർക്കും ഉണ്ടായെന്നു വരില്ല. 

അവനവനോടും കൂടപ്പിറപ്പുകളോടുമുള്ള ബഹുമാനത്തെക്കാൾ വലുതാകരുത് സൗഹൃദത്തിന്റെ ഒരു സാക്ഷ്യവും. എല്ലാ ദുശ്ശീലങ്ങൾക്കും ഒരു ന്യായീകരണം ഉണ്ടാകും. ജീവൻ നഷ്‌ടപ്പെടുത്തിയിട്ട് ജീവിതത്തെ എന്തു ന്യായീകരിക്കാൻ? ചുവപ്പു ലൈറ്റ് കത്തിനിൽക്കുമ്പോഴും മുന്നോട്ടു വണ്ടിയോടിക്കാനുള്ള പ്രേരണ എവിടെനിന്നെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ, ആ പ്രേരകശക്തികളെ ഉപേക്ഷിച്ചേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com