ADVERTISEMENT

ഇപ്പോഴും അപകടനില തരണം ചെയ്യാത്ത ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപയുമായി യുപി സർക്കാർ പറന്നെത്തുകയായിരുന്നു. സുപ്രീംകോടതി നിർദേശം വന്നു മണി‌ക്കൂറുകൾക്കുള്ളിൽ സർക്കാർ പ്രതിനിധികൾ പെൺകുട്ടിയുടെ അമ്മയ്ക്കു മുന്നിൽ തൊഴുകൈകളോടെ നിന്നു, പണം കൈമാറി. എന്തുകൊണ്ടാവും ധൃതിപിടിച്ച ആ നീക്കം?  മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഉന്നാവ് പീഡനക്കേസിൽ സർക്കാരും അപകടം മണത്തു തുടങ്ങിയിരിക്കണം. 

സർക്കാർ മാത്രമല്ല, പൊലീസും കുറ്റവാളികളെ സംരക്ഷിച്ചവരും കോടതിയുമെല്ലാം ഇപ്പോഴത്തെ ഈ വേഗം ഒരൽപം മുൻപു കാട്ടിയിരുന്നെങ്കിൽ ഉന്നാവ് പെൺകുട്ടി ഒരു നോവായി നമുക്കു മുന്നിൽ നിൽക്കില്ലായിരുന്നു. കണ്ടിട്ടും കാണാതെ പോയ ചിലർ ചേർന്നാണ് അവളുടെയും കുടുംബത്തിന്റെയും ജീവിതം ഈ വിധമാക്കിയത്. അവഗണനയും മറവിയും ഇനിയും ആവർത്തിക്കാതിരിക്കാൻ ചില ഓർമപ്പെടുത്തലുകൾ. 

സർക്കാർ മറന്നത് 

പൊലീസിന്റെ അവഗണനയിൽ സഹികെട്ടു പ്രധാനമന്ത്രിക്കു വരെ ഉന്നാവ് പെൺകുട്ടി പരാതി അയച്ചിരുന്നു. എംഎൽഎയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നതായിരുന്നു ആവശ്യം. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു പ്രതികരണം വന്നില്ല. പരാതിയുമായി പെൺകുട്ടിയും അവളുടെ അമ്മയും പലതവണ ‌യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ ശ്രമിച്ചപ്പോഴും ‌അവഗണനയായിരുന്നു ഫലം. 

മുഖ്യമന്ത്രിയെ കാണാൻ ഒരിക്കൽ പോലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്നവരും സൂത്രത്തിൽ ഒഴിവാക്കി. അവഗണനയിൽ മനംനൊന്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അവളുടെ സങ്കടം ‌ലോകമറിഞ്ഞു. അപ്പോഴും മുഖ്യമന്ത്രിയോ സർക്കാരോ അനങ്ങിയില്ല. ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ആരും ശ്രമിച്ചില്ല.  സങ്കടം ബോധിപ്പിക്കാനുള്ള അവസരം നൽകിയിരുന്നെങ്കിൽ... മുഖം നോക്കാതെ നടപടിക്കു നിർദേശിച്ചിരുന്നെങ്കിൽ...

പാർട്ടി മറന്നത് 

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ അതിശക്തനായ എംഎൽഎയ്ക്ക് എതിരെയായിരുന്നല്ലോ പെൺകുട്ടിയുടെ പീഡന പരാതി. അയാൾക്കെതിരെ ചെറുവിരലനക്കാൻ നേതൃത്വം തയാറായില്ല. പ്രതിചേർക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേസ് തെളിഞ്ഞില്ലല്ലോ എന്നു മറുചോദ്യം ഉന്നയിച്ചു. ജയിലിലായിട്ടും അയാൾ പാർട്ടിയുടെ എംഎ‌ൽഎയും നേതാവുമായി തുടർന്നു. 

ഒടുവിൽ പെൺകുട്ടി സഞ്ചരിച്ച കാർ ദുരൂഹമായി അപകട‌ത്തിൽപെട്ടതോടെ സെൻഗറിനെ പണ്ടേ സസ്പെൻഡ് ചെയ‌്തതാണെന്നു ബിജെപി പറഞ്ഞു. എന്തിനും ഏതിനും പത്രക്കുറിപ്പിറക്കുന്ന നേതൃത്വം, മാധ്യമങ്ങൾ ചോദിക്കാത്തതു കൊണ്ടാണ് ഇക്കാര്യം പറയാതിരുന്നതെന്നു സമർഥിച്ചു.

ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടൽ വരുന്നതിനിടെ നേതാവിനെ പാർട്ടിയിൽ നിന്നു പു‌റ‌ത്താക്കി; അപ്പോഴേക്കും ഒരുപാടു വൈകി. ബിജെപി ടിക്കറ്റിൽ ജയിച്ചു നേടിയ എംഎൽ‌എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുമോ എന്ന ചോ‌ദ്യം ഇപ്പോഴും ബാക്കി. 

പൊലീസ് മറന്നത് 

പെൺകുട്ടി ഉറക്കെ പറഞ്ഞിട്ടും എംഎൽഎയുടെ പേര് പ്രഥമ വിവര റിപ്പോർട്ടിൽ വരാതിരിക്കാൻ പൊലീസ് പരമാവധി ശ്ര‌മിച്ചു. അവരൊക്കെ വലിയ ആളുകളാണെന്നു വിരട്ടിനോക്കി. പക്ഷേ, അവൾ വഴങ്ങിയില്ല. കേസെടുക്കണമെന്ന ആവശ‌്യത്തിൽ ഉറച്ചുനിന്നു. 

മറവി മാത്രമല്ല, സെൻഗറിനായി ചിലത് ഓർത്തെടുക്കാനും പൊലീസ് നന്നായി ശ്രദ്ധിച്ചു. പെൺകുട്ടിയുടെ വീട്ടുകാരാണു ‌പ്രശ്നക്കാരെന്നു വരുത്തിത്തീർക്കാൻ അവളുടെ അച്ഛന്റെയും അമ്മാവന്റെയും പേരിലുള്ള പഴയ കേസ‌ുകളെല്ലാം പൊടിതട്ടിയെടുത്തു. അച്ഛന്റെ പേരിൽ കൊലപാതകവും മോഷണവുമടക്കം 28 കേസുണ്ടെന്നു പറ‌ഞ്ഞു. അമ്മാവന്റെ പേരിൽ 1990കളുടെ തുടക്കത്തിലേതടക്കം, 15 കേസുകൾ സജീവമാക്കി. ജീവൻ അപകടത്തിലാണെന്നു കാട്ടി പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതികൾ അവഗണിച്ചു. 

സ്വയരക്ഷയ്ക്കു തോക്ക് അനുവദിക്കണമെന്നു പെൺകുട്ടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ചുവിട്ടു. ഏറ്റവുമൊടുവിൽ അപകടമുണ്ടായപ്പോഴുള്ള പൊലീസ് ഇടപെടലുകളിൽ തന്നെയുണ്ട് അവരുടെ മനോഭാവം.

ഇത്രയേറെ പ്രാധാന്യമുള്ള കേസിൽ സൈബർ സെല്ലിന്റെ സഹായം തേടാനോ അപകടസാഹചര്യങ്ങളെക്കുറിച്ച് ഉയർന്ന സംശയങ്ങൾ ദൂരീകരിക്കാനോ പോലും തയാറായില്ല. അശ്രദ്ധ മൂലമുണ്ടായ അപക‌ടമെന്നു സമർഥിക്കാനും വ്യഗ്രത കാട്ടി. സുരക്ഷയ്ക്കു നിയോഗിച്ച പൊലീസുകാർ അപകടസമയത്തു മാറിനിന്നതടക്കം എത്രയോ വീഴ്ചകൾ. 

ഓർമയിൽ വയ്ക്കാം 

അതിശക്തനായ സെൻ‌ഗറിനെതിരെ കേസെടുക്കാൻ പൊലീസ് മടിച്ചപ്പോഴുണ്ടായ, അലഹാബാദ് കോടതിയുടേത് ഉൾപ്പെടെയുള്ള നിർണായക ഇടപെടലുകൾ മറക്കാവുന്നതല്ല. അധികാര കേന്ദ്രങ്ങളിലെ സ്വാധീനവും പുറത്ത് അതിലേറെ ആൾബലവുമുള്ള ഒരാൾക്കെതിരെയായിരുന്നു പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും പോരാട്ടം. ജീവൻ പണയപ്പെടുത്തിയാണ് കുൽദീപ് സിങ് സെൻഗർ എന്ന ബിജെപി എംഎൽഎയ്ക്കെതിരെ അവർ നിയമപോരാട്ടത്തിനിറങ്ങിയത്. അതറിയാവുന്ന കോ‌ടതി കേസിന്റെ വിചാരണ വേഗത്തിലാക്കിയിരുന്നെങ്കിൽ ഉന്നാവ് പെ‌ൺകുട്ടി നിരന്തരം വേട്ടയാടപ്പെടില്ലായിരുന്നു എന്ന് കരുതുന്നവരേറെ. 

അതിലും വലുതായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പെൺകുട്ടിയുടെ അമ്മ എഴുതിയ കത്ത്.  അത്തരം പരാതികളെ ഹർജിയായി പരിഗണിക്കാറുണ്ട്. ദൗർഭാഗ്യവശാൽ ഇക്കാര്യത്തിൽ യഥാസമയം നടപടിയുണ്ടായില്ല. ചീഫ് ജസ്റ്റിസിനു ലഭിക്കാതെ കത്ത് കോടതിയിൽ എവിടെയോ തങ്ങിനിന്നതു നിസ്സാരമായി കാണേണ്ടതല്ല. 

നീതിപാലകർ സൗകര്യപൂർവം മറന്നുകളഞ്ഞവ ഇനിയെങ്കിലും ഓർമ‌യിൽവയ്ക്കാം. വീഴ്ചകൾ ആവർത്തിക്കാതെ നോക്കാം; പ്രത്യേകിച്ചും, പെൺകുട്ടിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സുപ്രീം കോടതിയും സിബിഐയും ചേർന്നു നടത്തുന്ന അവസാനശ്രമങ്ങൾക്കിടെ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com