അടങ്ങ്, ചന്ദ്രയാൻ ഒന്നങ്ങെത്തിക്കോട്ടെ!

chandrayan fake
ചന്ദ്രയാൻ 2 അയച്ച ഭൂമിയുടെ ചിത്രങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം.
SHARE

നമ്മുടെ ചന്ദ്രയാൻ 2 ഇപ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങുന്നു. അടുത്തഘട്ടത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. ഒടുവിൽ, ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ പാതിവഴിയിലാണെങ്കിലും അതേക്കുറിച്ചുള്ള വ്യാജവാ‍ർത്തകൾ ഭൂമിയിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചന്ദ്രയാൻ 2 അയച്ച ഭൂമിയുടെ ചിത്രങ്ങൾ എന്ന പേരിൽ പല പല ചിത്രങ്ങളാണ് വാട്സാപ്പിലടക്കം ദിനംപ്രതി വന്നുവീണുകൊണ്ടിരിക്കുന്നത്. ഒന്നു പോലും യഥാർഥമല്ല. ചന്ദ്രയാൻ 2 ഇതുവരെ ഭൂമിയുടെ ചിത്രങ്ങൾ അയച്ചതായി വിവരമില്ല. ഇനി അഥവാ അയച്ചിട്ടുണ്ടെങ്കിൽത്തന്നെ അതിലൊരെണ്ണം പോലും ഐഎസ്ആർഒ പുറത്തുവിട്ടിട്ടുമില്ല.

അപ്പോൾ പിന്നെ, പ്രചരിക്കുന്ന ചിത്രങ്ങളോ? ഇന്റർനെറ്റിൽ വെറുതെ ഒന്നു സെർച് ചെയ്തു നോക്കിയാൽ നമ്മുടെ ഫോണിൽ വന്ന ഓരോ ചിത്രത്തിന്റെയും യാഥാർഥ്യം വ്യക്തമാകും. ചിലത്, ഇല്ലസ്ട്രേഷനുകളാണ്, ചിലതു വരച്ചുണ്ടാക്കിയ പോസ്റ്ററുകളാണ്, ചിലത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുൻപു പുറത്തുവിട്ടവയാണ്. ഇനി ആരെങ്കിലും ഈ ചിത്രങ്ങൾ ഫോർവേഡ് ചെയ്തു തരുമ്പോൾ അവരോടു പറയാൻ മടിക്കേണ്ട – അല്ല, ഞങ്ങളുടെ ചന്ദ്രയാനെടുക്കുന്ന പടങ്ങൾ ഇങ്ങനെയല്ല!

ഇല്ലാത്ത ലക്ഷം അക്കൗണ്ടിൽ വരില്ല

കഴിഞ്ഞയാഴ്ച കുറെ ദിവസം മൂന്നാറിലെ പോസ്റ്റ് ഓഫിസ് ജനസമുദ്രമായിരുന്നു. 50 രൂപ മുടക്കി ഇന്ത്യ പോസ്റ്റ് ഓഫിസ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ കേന്ദ്രസർക്കാർ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന വാ‍ർത്തയറിഞ്ഞ് ജനങ്ങൾ വന്നുകൊണ്ടേയിരുന്നു. എവിടെനിന്നാണ് ഈ ഒരു ലക്ഷം രൂപയുടെ ‘വ്യാജൻ’ ഇറങ്ങിയതെന്ന് ഒരുപിടിയുമില്ല.

ആരോ തുടക്കമിട്ട നുണക്കഥ കറങ്ങിക്കറങ്ങി തോട്ടം തൊഴിലാളികൾക്കിടയിൽ പാട്ടാവുകയായിരുന്നു. വ്യാജൻ ഇങ്ങനെ കറങ്ങുന്നതിനിടെ ഒരു ലക്ഷം എന്നത് ചിലയിടങ്ങളിൽ 15 ലക്ഷം രൂപ വരെയായി. അതോടെ ആളുകളുടെ എണ്ണവും കൂടി! ആളുകളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ അധികൃതർ പാടുപെട്ടുവെന്നാണ് മൂന്നാറിൽനിന്നുള്ള റിപ്പോർട്ട്!

പണമല്ല, പണി!

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട സമയമാണല്ലോ ഇത്. ഈ സമയം നോക്കി എസ്എംഎസ് ആയും വാട്സാപ്പിലുമൊക്കെ പ്രചരിക്കുന്ന വ്യാജസന്ദേശമാണ് ഇതോടൊപ്പമുള്ളത്. ‘താങ്കൾക്ക് ഇൻകം ടാക്സ് റീഫണ്ട് തുക അനുവദിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം ഉടൻ നിക്ഷേപിക്കും. ഇതല്ല താങ്കളുടെ അക്കൗണ്ട് എങ്കിൽ ഉടൻ ശരിയായ അക്കൗണ്ട് നമ്പർ ഇവിടെ ചേർക്കൂ’ എന്ന മട്ടിലായിരിക്കും സന്ദേശം. 

ഒപ്പമുള്ള ലിങ്കിൽ പോയി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും മറ്റു ശരിയായ വിവരങ്ങളുമൊക്കെ കൊടുത്താൽ, റീഫണ്ട് കിട്ടില്ല എന്ന കാര്യത്തിൽ സംശയമേ വേണ്ട. പകരം, അതിലുള്ളത് കൂൾ കൂളായി തട്ടിക്കൊണ്ടുപോവുകയും ചെയ്യും. ഇത്തരം സന്ദേശങ്ങൾ കയ്യോടെ ഡിലീറ്റ് ചെയ്തു കളയുക. ഇതിനു സമാനമായ പലതരം ബാങ്കിങ് തട്ടിപ്പു മെസേജുകൾ എല്ലാ കാലത്തും വരാറുണ്ട്. ഒരുകാര്യം ഓർക്കുക: നമുക്ക് ആരും പണം വെറുതെ തരാൻ പോകുന്നില്ല. നമുക്കു കിട്ടേണ്ട പണം മാത്രമേ കിട്ടൂ. അതുകൊണ്ട് ഇത്തരം വ്യാജസന്ദേശങ്ങളുടെ പിന്നാലെ പോയി പണി വാങ്ങരുത്.

അത് അർജന്റീനയിലെ പക്ഷി

കൊല്ലം ചടയമംഗലത്തെ ജടായുപ്പാറയിൽ ജടായു പക്ഷി എത്തി എന്ന കുറിപ്പോടെ ഒരു വിഡിയോ കേരളത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചടയമംഗലത്ത് ജടായുവിന്റെ കൂറ്റൻ ശിൽപവും അതിനോടുചേർന്ന് എർത്ത് സെന്ററുമൊക്കെ ഉണ്ടെന്നുള്ളതു സത്യമാണ്. പക്ഷേ, അവിടെ നമ്മൾ വായിച്ചറിഞ്ഞിട്ടുള്ള ജടായു എന്ന പക്ഷി വന്നുവെന്നതു സത്യമല്ല.

jada

പ്രചരിക്കുന്ന വിഡിയോ  അർജന്റീനയിൽ നിന്നുള്ളതാണ്. അതും 2014ലേത്. വിഡിയോയിലെ പക്ഷിയാകട്ടെ, കോൻഡോർ എന്നു പേരുള്ള കഴുകനാണ്. ലോകത്തെ ഏറ്റവും വലിയ പറക്കുന്ന പക്ഷികളിലൊന്നാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA