sections
MORE

ഹോങ്കോങ്: ഒരു സ്വർഗം വീണുടയുമ്പോൾ...

HONG KONG
പ്രണയത്തിന്റെ രാഷ്ട്രീയം: ഹെന്ററി ടോങ്ങിന്റെയും എലൈനിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഹോങ്കോങ് പ്രക്ഷോഭത്തിനിടെ പരുക്കേൽക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വ്യത്യസ്ത വേഷത്തിലാണ് ഇവരെത്തിയത്. പ്രഥമ ചികിത്സാ കിറ്റുകൾ കയ്യിലെടുത്തു. ഹെൽമെറ്റും ജാക്കറ്റും ധരിച്ചു. ‘ആ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു നീങ്ങാം’ എന്ന പ്ലക്കാർഡുമായി ഇവർ ജീവിതത്തിൽ ഒരുമിച്ചു നടന്നുതുടങ്ങി. ചിത്രം: റോയിട്ടേഴ്സ്
SHARE

സമാനതകളില്ലാത്ത ഒരു സ്ഥലമാണ് ഹോങ്കോങ്. സ്ഥലമോ; രാജ്യമോ; പട്ടണമോ? എന്താണു ഹോങ്കോങ് എന്നു നിശ്ചയമില്ലാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണം. ചൈനയുടെ പരമോന്നത അധികാരം ചോദ്യംചെയ്യാൻ പാടില്ലെന്നു അവർ. തങ്ങളുടെ പരമ്പരാഗതമായ സ്വാതന്ത്ര്യങ്ങളിൽ തൊടരുതെന്നു സ്ഥലവാസികൾ. തത്വത്തിൽ ചൈന അതിനെതിരല്ല. ഉടമസ്ഥാവകാശം 1997ൽ ബ്രിട്ടനിൽനിന്നു ചൈനയിലേക്കു മാറിയപ്പോൾ, സ്പെഷൽ അഡ്മിനിസ്ട്രേഷൻ റീജൻ എന്നൊരു സംവിധാനം നടപ്പാക്കിയത് അങ്ങനെയാണ്. ഒരു രാജ്യം, രണ്ടു വ്യവസ്ഥകൾ എന്ന മുദ്രാവാക്യവും പ്രാബല്യത്തിലാക്കി – ചൈന എന്ന കമ്യൂണിസ്റ്റ് രാജ്യത്ത് കമ്യൂണിസ്റ്റ് ഇതര ഭരണമാകാം എന്നു സമ്മതം. 50 വർഷം എന്നൊരു കാലാവധി കുറിച്ചിരുന്നത് ആരും കാര്യമാക്കിയില്ല.

ഹോങ്കോങ്ങിനെ അവരുടെ വഴിക്കുവിടാൻ ചൈനയ്ക്കു കാരണങ്ങളുണ്ടായിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാഴികക്കല്ലായി ഹോങ്കോങ് വളർന്നുകഴിഞ്ഞിരുന്നു. ചൈനയുടെ സാമ്പത്തിക പുരോഗതിയിൽ ഹോങ്കോങ് എന്ന ‘ബിസിനസ് ഭീമൻ’ ഒരു കേന്ദ്രബിന്ദുവായി. ലോകത്തെ വൻശക്തികളെല്ലാം താവളമുറപ്പിച്ചു ബിസിനസ് നടത്തുന്ന ഹോങ്കോങ്, തങ്ങൾക്കു വലിയ പ്രയോജനം ചെയ്യുമെന്നു ചൈന തിരിച്ചറിഞ്ഞു.

ഹോങ്കോങ് എന്ന ഭൂപ്രദേശം കയ്യിൽ കിട്ടിയ നാൾ മുതൽ (1860) ബ്രിട്ടിഷുകാർ നടപ്പാക്കിയ നയങ്ങളുടെ ആകെത്തുകയായിരുന്നു ഈ സവിശേഷത. ഓപ്പിയം കച്ചവടത്തിൽ തുടങ്ങിയ ഇടപാടുകൾ ഹോങ്കോങ്ങിനെ ഒരു ‘ഫ്രീ പോർട്ട്’ ആയി വളർത്തി. മറ്റൊരിടത്തുമില്ലാത്ത ഭരണസംവിധാനങ്ങൾ, മറ്റൊരിടത്തുമില്ലാത്ത പ്രവർത്തന സ്വാതന്ത്ര്യം വ്യവസായികൾക്കു ലഭ്യമാക്കി.

മലേഷ്യ, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ പൂർണമായും സ്വതന്ത്രമായിരുന്നെങ്കിലും, ഒരു കോളനി മാത്രമായിരുന്ന ഹോങ്കോങ്ങിനെ ആണ് കമ്പനികളെല്ലാം ഏഷ്യയിലെ തങ്ങളുടെ ആസ്ഥാനമായി തിരഞ്ഞെടുത്തത്. എന്തിന്, ഏഷ്യ വിഷയമാക്കിയുള്ള പ്രസിദ്ധീകരണങ്ങൾ പോലും ‘സ്വതന്ത്ര’രാജ്യങ്ങളിൽ പോകാതെ വെള്ളക്കാരന്റെ കോളനിയിൽ ഓഫിസുകൾ സ്ഥാപിച്ചു. സ്വതന്ത്ര രാജ്യങ്ങളിലുള്ളതിനെക്കാൾ സ്വാതന്ത്ര്യം ഈ കോളനിയിലായിരുന്നു എന്ന വൈരുധ്യം അവരെ ആകർഷിച്ചു.

പൊതുനിയമം മാനിച്ച് അവനവന്റെ തൊഴിൽ ചെയ്ത് സുഖസൗകര്യങ്ങളോടെ ജീവിക്കാൻ ഏറ്റവും പറ്റിയ സ്ഥലം ഹോങ്കോങ്ങാണ് എന്ന സത്യം ലോകമറിഞ്ഞു. മാവോ സേദുങ്ങിന്റെ, സാംസ്കാരിക വിപ്ലവം (കൾച്ചറൽ റവല്യൂഷൻ) തുടങ്ങിയ തീവ്രനയങ്ങൾ കാരണം ചൈനയിൽനിന്നു രക്ഷപ്പെട്ടോടിയവരും ആദ്യം അഭയം തേടിയതു ഹോങ്കോങ്ങിലായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന വ്യവസായ പ്രമുഖർ ഹോങ്കോങ്ങിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

അങ്ങനെ എല്ലാവരും സ്നേഹിച്ച, എല്ലാവരെയും സഹായിച്ച ഹോങ്കോങ് ഇന്നൊരു കലാപനഗരമായി മാറിയിരിക്കുന്നു. ചൈന അവതരിപ്പിച്ച ‘എക്സ്ട്രഡിഷൻ ബിൽ’ (കുറ്റവാളി കൈമാറ്റ ബിൽ) ആണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ഹോങ്കോങ്ങിൽ ക്രിമിനൽ കുറ്റം ചുമത്തിയവരെ ചൈനയിലെ കോടതികളിലേക്ക് അയയ്ക്കാനുള്ള നിയമമായിരുന്നു അത്. ബിൽ താൽക്കാലികമായി ചൈന മരവിപ്പിച്ചെങ്കിലും ജനരോഷം അടങ്ങിയില്ല.

അങ്ങനെ ഒരു കാര്യം വ്യക്തമായി: ജീവിതച്ചെലവിൽ വന്ന അസാമാന്യ വർധനയും ഒപ്പം, ജീവിതനിലവാരത്തിലുണ്ടായ തകർച്ചയുമാണ് ഹോങ്കോങ്ങുകാരെ പ്രക്ഷോഭകാരികളാക്കിയത്. എല്ലാവരുടെയും അടിസ്ഥാനപരമായ ലക്ഷ്യം ജീവിക്കാനൊരു ഫ്ലാറ്റ് കണ്ടുപിടിക്കുകയാണ്. പക്ഷേ, ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ പട്ടണമെന്ന സ്ഥിതിയിൽ നിന്ന് ഏറ്റവും ജീവിതച്ചെലവേറിയ പട്ടണമായി ഹോങ്കോങ് മാറിയിരുന്നു. മധ്യവർഗക്കാരുടെ ശരാശരി ശമ്പളം മാസം 19,000 ഹോങ്കോങ് ഡോളറായിരിക്കെ, ഒരു ബെഡ്റൂം ഫ്ലാറ്റിനു കൊടുക്കേണ്ട വാടക 17,000 ആയി. ഭൂമിവില 240–250 ശതമാനമാണ് ഉയർന്നത്. ഒരുകാലത്ത് തുണി മുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വരെ ആദായവിലയ്ക്കു കിട്ടിയിരുന്നത് ഹോങ്കോങ്ങിലാണ്. ഇപ്പോൾ അവിടെ ജോലിചെയ്യുന്ന മലയാളികൾ സാധനങ്ങൾ വാങ്ങുന്നതു നാട്ടിൽ വരുമ്പോഴാണ്. സബ്‌വേയിലെ യാത്ര, ഒരു സാധാരണ റസ്റ്ററന്റിൽ ഭക്ഷണത്തിനുള്ള വില... എല്ലാം അതിരുകവിഞ്ഞ നിലയിലായി.

ഈ ജീവിതയാഥാർഥ്യങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു ചെറുപ്പക്കാരെയാണ്. ദൈനംദിന ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ സഹിക്കാവുന്നതിൽ അധികമായതോടെ അവർ പ്രക്ഷോഭത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. പ്രകടനക്കാർക്കെതിരെ ഒരു പരിധി വരെ ബലം പ്രയോഗിക്കാൻ അധികൃതർക്കു കഴിയും. പക്ഷേ, 1989ൽ ടിയാനൻമെൻ സ്ക്വയറിൽ നടന്ന കൂട്ടക്കുരുതിപോലെ വല്ലതും സംഭവിച്ചാൽ, ചൈനയ്ക്കായിരിക്കും തിരിച്ചടി. നയതന്ത്രം മാത്രമാണ് പോംവഴി.

(ഹോങ്കോങ്ങിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഏഷ്യാ വീക്കിന്റെ സ്ഥാപക പത്രാധിപരാണ് ലേഖകൻ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA