sections
MORE

റോഡിൽ പൊലിയരുത് ഒരു ജീവനും

accident-skech
പ്രതീകാത്മക ചിത്രം
SHARE

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തായി വാഹനാപകടങ്ങളുടെ എണ്ണം പെരുകിവരുമ്പോഴും നാം അതിനു വേണ്ടത്ര ഗൗരവം നൽകുന്നുണ്ടോ എന്നു സംശയമാണ്. കർശന നിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10,000 രൂപ പിഴ ചുമത്തുന്നതടക്കം, റോഡുകളിലെ നിയമലംഘനത്തിനു കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബിൽ അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷ നൽകുന്നു.

പുറപ്പെട്ട വീട്ടിലേക്കും കൈവീശി യാത്രയയച്ച പ്രിയപ്പെട്ടവരിലേക്കും തിരികെ എത്താനുള്ളതാണ് എല്ലാ യാത്രകളും. പക്ഷേ, ഓരോ ദിവസവും നമ്മുടെ നിരത്തുകളിലുണ്ടാവുന്ന അപകടങ്ങളിൽപെട്ട് വീട്ടിൽ തിരികെയെത്താതെ പലരും യാത്രയാവുന്ന ദുർവിധിക്ക് ഇനിയെങ്കിലും അറുതി കുറിക്കണ്ടേ? നിയമങ്ങളെപ്പറ്റി കൂടുതൽ ജാഗ്രതയുണ്ടാവേണ്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്തൊരു മാധ്യമപ്രവർത്തകൻ ദാരുണമായി മരണമടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ ചോദ്യത്തിന്റെ പ്രസക്തി വർധിക്കുന്നു. 

റോഡുകളിൽ വാഹനങ്ങൾക്കൊപ്പം ഒരു സംസ്കാരവും സഞ്ചരിക്കുന്നുണ്ടെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊണ്ടേ തീരൂ. വാഹനവേഗത്തിലും മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോടുള്ള സമീപനത്തിലുമൊക്കെ തെളിയേണ്ടത് ഈ ഗതാഗത സംസ്കാരമാണെങ്കിലും പലപ്പോഴും അതിനുപകരം കിരാതത്വമാണു നമ്മുടെ നിരത്തുകളിൽ അഴിഞ്ഞാടുന്നത്. ഇത്തരക്കാർക്കു കടിഞ്ഞാണിടാനാണു പുതിയ ബിൽ ലക്ഷ്യമിടുന്നത്.

വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷവും നഷ്ടപരിഹാരമായി നിർദേശിക്കുന്ന മോട്ടർ വാഹന (ഭേദഗതി) ബിൽ ലോക്സഭയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം രാജ്യസഭയും പാസാക്കിക്കഴിഞ്ഞു. ബില്ലിലെ നിർദേശപ്രകാരം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപയാണു പിഴ (നിലവിൽ 1000). മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾക്കു നിലവിലുള്ള കർശന നടപടികൾക്കു പുറമേ, മദ്യപിച്ചു വാഹനമോടിക്കുന്നതിനു പിഴ അഞ്ചിരട്ടിയായി ഉയർത്തിയിട്ടുണ്ട്. (നിലവിൽ 2000). സീറ്റ് ബെൽറ്റിടാത്തതിനും അമിത വേഗത്തിനും അപകടകരമായ ഡ്രൈവിങ്ങിനും ട്രാഫിക് നിയമലംഘനങ്ങൾക്കുമൊക്കെ പിഴ ഉയർത്തുകയാണ്. നിയമപാലകർ ചട്ടം ലംഘിച്ചാൽ ഇരട്ടിത്തുകയാണു പിഴ.

കാലാവധി പൂർത്തിയായ സാധാരണ ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു വർഷമാക്കി വർധിപ്പിക്കാനും ഭാരവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് അഞ്ചു വർഷത്തിലൊരിക്കൽ പുതുക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. അപകടത്തിൽപെടുന്നവർക്കു ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സഹായം ലഭ്യമാക്കുന്നവർക്ക് സംരക്ഷണത്തിനും വ്യവസ്ഥയുള്ളതാണ് ബിൽ. മുഖ്യമായും അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിയമം നടപ്പാക്കുന്നതിനു മുൻപ്, ഇതിലെ ചില വ്യവസ്ഥകളുമായി ബന്ധപ്പെട്ടു വിവിധ മേഖലകളിൽനിന്ന് ഇതിനകം ഉയർന്ന ആശങ്കകൾ പരിഹരിക്കാൻകൂടി കേന്ദ്ര സർക്കാർ ശ്രദ്ധയൂന്നണം. നിയമനിർമാണത്തോടൊപ്പം, അതിന്റെ കുറ്റമറ്റ നിർവഹണവും പ്രധാനമാണ്.

റോഡ് സുരക്ഷാ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി ഇന്നുമുതൽ 31 വരെ സംസ്ഥാനത്ത് മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നു നടത്തുന്ന വാഹനപരിശോധന നല്ലതുതന്നെ. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെൽമറ്റും കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള പരിശോധനകളോടെയാണു തുടക്കം. അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നിവയ്ക്കു പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഇവർക്കു റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നൽകുകയും ചെയ്യും. നമ്മുടെ റോഡുകൾ അപകടരഹിതമാക്കാനുള്ള എല്ലാ കർശന നടപടികൾക്കും കേരളത്തിന്റെ പൂർണപിന്തുണ ഉണ്ടാവുമെന്നു തീർച്ച.

ആർക്കറിയാം, നിങ്ങൾ ഈ മുഖപ്രസംഗം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപെടുന്നുണ്ടാവാം; പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം. അങ്ങനെയുണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടൊപ്പം, യാത്രാസുരക്ഷയ്ക്കു ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവോടെ വാഹനമോടിക്കാം. വണ്ടിയോടിക്കുമ്പോൾ ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കുന്നതിലും വാഹനവേഗം നിയന്ത്രിക്കുന്നതിലും തുടങ്ങാം നമ്മുടെ ജാഗ്രത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA