sections
MORE

ഭരണഘടനയ്ക്കു മേൽ കരിനിഴൽ

sebastian paul
സെബാസ്റ്റ്യൻ പോൾ
SHARE

വ്യക്തിസ്വാതന്ത്ര്യത്തിനു പരമമായ പ്രാധാന്യം നൽകുന്ന ഭരണഘടനയ്ക്കു മേൽ വീഴുന്ന കരിനിഴലായി ഏതെങ്കിലുമൊരു കരിനിയമം എപ്പോഴും നമുക്കുണ്ടായിരുന്നു. റിപ്പബ്ലിക്കിന്റെ ‌തുടക്കത്തിൽ അതു കരുതൽ തടങ്കൽ നിയമമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോഴും റിപ്പബ്ലിക്കിന്റെ പ്രോദ്ഘാടനം നടന്നപ്പോഴും, കമ്യൂണിസ്റ്റ് നേതാവായിരുന്ന എകെജി മദിരാശിയിൽ കരുതൽ തടങ്കലിലായിരുന്നു. ഭരണകൂടം അദ്ദേഹത്തോടു കാണിച്ച വല്ലാത്ത കരുതലായിരുന്നു അത്. ഇപ്പോഴാണെങ്കിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) അനുസരിച്ച് അദ്ദേഹത്തെ ഭീകരനായി പ്രഖ്യാപിക്കുമായിരുന്നു. പട്ടിയെ തല്ലിക്കൊല്ലാൻ പേപ്പട്ടിയെന്ന് നാലുപേർ ആക്രോശിച്ചാൽ മതി. ഭീകരനെന്നു ചാപ്പ കുത്തിയാൽ, ഒരു വ്യാജ ഏറ്റുമുട്ടലിലോ ആൾക്കൂട്ട ആക്രമണത്തിലോ ആരുടെയും കഥ കഴിക്കാം.

യുഎപിഎയുടെ തുടക്കം കോൺഗ്രസ് ഭരണകാലത്താണ്. സ്വന്തം കുഞ്ഞിനെ ബിജെപി ഏറ്റെടുത്തു പോഷിപ്പിക്കുമ്പോൾ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് അവർ. 2008ൽ പി.ചിദംബരം പറഞ്ഞതു തന്നെയാണ് ഇപ്പോൾ അമിത് ഷാ പറയുന്നത്. അന്ന് ഭേദഗതി ബിൽ പാസാക്കാൻ കോൺഗ്രസിനെക്കാൾ ആവേശം ബിജെപിക്കായിരുന്നു. 2019ൽ, കോൺഗ്രസിന്റെ ദിശാബോധമില്ലാത്ത ഉപകാരസ്മരണയാണു രാജ്യസഭയിൽ കണ്ടത്.

നിയമം മൂലം സംസ്ഥാപിതമായ നടപടിക്രമം അനുസരിച്ചല്ലാതെ ഒരാളുടെയും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കാനോ പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് ഭരണഘടനാ അനുഛേദം 21 വ്യക്തമാക്കുന്നു. സ്വാതന്ത്ര്യം എന്ന വാക്കിനു വിപുലമായ അർഥതലങ്ങൾ ഉള്ളതുപോലെ, നടപടിക്രമം എന്ന വാക്കിന് ‘നിയമപ്രകാരം’ എന്നതിനൊപ്പം ‘നീതിപൂർവകം’ എന്നും അർഥമുണ്ട്. യുഎസ് ഭരണഘടനയിലെ ‘ഡ്യൂ പ്രോസസി’നോളം പോന്ന സാധ്യതകളും നിയന്ത്രണങ്ങളും ഉള്ളതാണ് നമ്മുടെ ‘പ്രൊസീജ്യർ എസ്റ്റാബ്ലിഷ്ഡ് ബൈ ലോ’.

മൗലികാവകാശങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായതിനാൽ, യുഎപിഎ നിയമത്തിൽ കൂട്ടിച്ചേർക്കപ്പെട്ട വകുപ്പുകൾ സുപ്രീം കോടതിയുടെ പരിശോധനയിൽ അസാധുവാകാൻ സാധ്യതയുണ്ട്. ഭരണഘടനാപരമായി സാധുവായ നടപടിക്രമവും ജുഡീഷ്യറിയുടെ പരിശോധനയുമില്ലാതെ വ്യക്തിയെ തോന്നുംപടി ഭീകരനെന്നു പ്രഖ്യാപിക്കാൻ കഴിയുന്ന വ്യവസ്ഥ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല. സംശയങ്ങൾക്കതീതമായ തെളിവിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് അങ്ങനെ തോന്നി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഭീകരനായി മുദ്രകുത്തുന്നത്. 

നിയമത്തിന്റെ നിയന്ത്രണമില്ലെങ്കിൽ ആർക്കും എന്തും തോന്നാം. തോന്നലുകളുടെ അടിസ്ഥാനത്തിലല്ല നിയമസംവിധാനം പ്രവർത്തിക്കേണ്ടത്. കൊലയാളിയായ കായേന്റെ മേൽ ദൈവം പതിപ്പിച്ച അടയാളം പോലെ മായ്ക്കാൻ കഴിയാത്തതാണു ഭീകരനെന്ന ചാപ്പ. ചാരനും ചോരനും അന്തിമവിധിക്കുശേഷം കളങ്കത്തിൽനിന്നു മോചിതരാകും. ഭീകരനാക്കപ്പെടുന്നവന്റെ അവസ്ഥ അതല്ല.

മെട്രോപ്പൊലിറ്റൻ പൊലീസായാലും നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായാലും (എൻഐഎ) വിപുലമായ ജുഡീഷ്യൽ അധികാരങ്ങൾ നൽകുന്നത് അപകടമാണ്. എൻഐഎ എന്ന കേന്ദ്ര അന്വേഷണ ഏജൻസിക്ക് ഏതു സംസ്ഥാനത്തും കടന്നുചെന്ന് സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ അധികാരം പ്രയോഗിക്കാൻ കഴിയുന്ന വ്യവസ്ഥ ഫെഡറൽ തത്വത്തിനു നിരക്കാത്തതാണ്. ഏഴാം പട്ടികയിലെ സംസ്ഥാന ലിസ്റ്റിലെ ഒന്നാം എൻട്രി അനുസരിച്ച് ക്രമസമാധാനം സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന പൊലീസും കേന്ദ്ര പൊലീസും തമ്മിൽ സംഘർഷത്തിന് ഈ വ്യവസ്ഥ കാരണമാകും.

സംശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്ന സാധുവായ തെളിവാണ് ജുഡീഷ്യൽ ട്രൈബ്യൂണലുകൾ ആവശ്യപ്പെടുന്നത്. ജുഡീഷ്യൽ പരിശോധന പരിമിതമാവുകയും പൊലീസിന്റെ അധികാരം വിപുലമാവുകയും ചെയ്യുമ്പോൾ ദുരുപയോഗത്തിനുള്ള സാധ്യത വർധിക്കുന്നു. പൊലീസിനെ ചോദ്യങ്ങളില്ലാതെ വിശ്വസിക്കുന്ന സമൂഹത്തിന് ജനാധിപത്യവും സ്വാതന്ത്ര്യവും നഷ്ടമാകും. ഏറെക്കാലത്തെ ദുരുപയോഗത്തിനു ശേഷമാണ് ‘പോട്ട’, ‘ടാഡ’ നിയമങ്ങൾ ഒഴിവായിക്കിട്ടിയത്. യുഎപിഎക്കും ആത്യന്തികമായി ഈ ദുർഗതിയുണ്ടാകും. പക്ഷേ, അതുവരെ ഏൽപിക്കപ്പെടുന്ന ദുർവഹമായ ക്ഷതങ്ങൾ ഭരണഘടനയെ ദുർബലമാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA