ADVERTISEMENT

ന്യൂഡൽഹി ∙ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു–കശ്മീരിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: ‘370, 35 എ വകുപ്പുകൾ സംസ്ഥാന വികസനത്തിനും പുരോഗതിക്കും തടസ്സമാണ്.

ഒരു വ്യവസായിയും ജമ്മു കശ്മീരിൽ നിക്ഷേപത്തിനു തയാറാവുന്നില്ല. ഐഐഎം സ്ഥാപിക്കാം, പക്ഷേ പഠിപ്പിക്കാൻ ആരും അവിടേക്കു പോകാൻ തയാറില്ല. നെഹ്റുവിന്റെ നയം ഇന്നു ജമ്മു കശ്മീരിനു സഹായകരമല്ല.അതു മാറിയേ തീരൂ.’

മോദി അന്നു പറഞ്ഞതു ഇന്ന് നടപ്പാക്കിയിരിക്കുന്നു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം കൂടിയാണ്. ഒരു സംസ്ഥാനം തന്നെ ഇല്ലാതാകുന്ന തീരുമാനം.

എന്നാൽ, സംസ്ഥാന വിഭജനത്തിലൂടെ ബിജെപി കൃത്യമായ രാഷ്ട്രീയലക്ഷ്യവും മുന്നിൽക്കാണുന്നു. ലഡാക്ക് വിസ്തൃതിയിൽ രാജ്യത്തെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമാണ്. അവിടെ ഇത്തവണ ബിജെപിയാണു വിജയിച്ചത്. എന്നാൽ കശ്മീരിൽ ബിജെപിക്ക് വിജയം ഉറപ്പില്ല. അതിനു മണ്ഡല പുനഃസംഘടന വേണം. ബിജെപിയുടെ അടുത്ത നീക്കം ഈ മണ്ഡലം പുനഃസംഘടനയായിരിക്കും.

തെരുവുസംഘർഷങ്ങളും ഭീകരാക്രമണങ്ങളും ജമ്മു കശ്മീരിനെ നിക്ഷേപകർക്ക് ഒട്ടും ആകർഷകമല്ലാത്ത പ്രദേശമായി മാറ്റിയിട്ടുണ്ട്. ഭൂമി വില, കെട്ടിട വില തുടങ്ങിയവ ഏറ്റവും താഴ്ന്നു നിൽക്കുന്ന സംസ്ഥാനവും. കശ്മീരിലെ ജനങ്ങളുടെ 2 വരുമാനമാർഗങ്ങൾ കൃഷിയും കരകൗശലവുമാണ്.

രണ്ടും ഇപ്പോൾ തകർച്ചയിലാണ്. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആകർഷണീയതയായ വിനോദസഞ്ചാരവും പരുങ്ങലിലാണ്. ഇവ മൂന്നും വികസിപ്പിക്കാൻ ഇനി സാധിക്കുമെന്നാണു ബിജെപിയുടെ വാദം. നിയമസഭയുടെ അനുമതിയില്ലാതെ പല വികസന പരിപാടികളും നടപ്പാക്കാനാവില്ലെന്ന സ്ഥിതിയും മാറും.

കേന്ദ്രഭരണ പ്രദേശമാകുന്നതോടെ സംസ്ഥാനത്തെ പ്രബല കക്ഷികളായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും (പിഡിപി) നാഷനൽ കോൺഫറൻസിനും പുതിയ രാഷ്ട്രീയ സമീപനം കൈക്കൊള്ളേണ്ടി വരും. വിഘടനവാദികൾക്കും നിലപാട് മാറ്റേണ്ടി വരും.

കശ്മീരിലെ ജനസംഖ്യാ ഘടന മാറ്റുക എന്നത് ഏറെക്കാലമായി ബിജെപി കേന്ദ്രങ്ങളിൽ ഉയരുന്ന നിർദേശമാണ്. അതിനു വഴിതെളിക്കുന്നതാണു പുതിയ നടപടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com