ADVERTISEMENT

ജമ്മു കശ്മീർ ഭൂപ്രദേശം പ്രത്യേക പദവിയൊന്നുമില്ലാതെ ഇന്ത്യയുടെ മറ്റേതു പ്രദേശത്തിനും സമാനമാകുന്നത് ഇന്ത്യ – പാക്ക് ബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതെളിച്ചേക്കാം. പാക്ക്–അധിനിവേശ കശ്മീരുമായി ജമ്മു കശ്മീരിനെ വേർതിരിക്കുന്ന നിയന്ത്രണരേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിക്കാനും അതോടെ ഇരു രാജ്യങ്ങളും കൈവശമുള്ള ഭൂമി തങ്ങളുടേതാക്കി നിലനിർത്തി കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതയും വഴിതുറന്നേക്കാം.

ഇന്ത്യയുമായുള്ള ബന്ധങ്ങളിൽ കശ്മീർ പ്രശ്നം കാതലാണെന്നാണു പാക്കിസ്ഥാൻ വാദം. ഇന്ത്യ ഇതിനോട് യോജിച്ചിരുന്നില്ല. ഇതിന്റെ പേരിൽ പല ചർച്ചകളും വഴിമുട്ടിയിട്ടുണ്ട്. പ്രത്യേകപദവിയില്ലാത്ത ഭൂപ്രദേശമായി മാറുന്നതോടെ കശ്മീർ പ്രശ്നം തികച്ചും ആഭ്യന്തരമാണെന്ന് ഇന്ത്യക്ക് വാദിക്കാനാവും. അതിനാൽ ഇന്ത്യ–പാക്ക് ചർച്ചകളിൽ കശ്മീർ വിഷയാമാവേണ്ടതില്ലെന്നാവും തുടർന്യായം.

രാജ്യാന്തരസമൂഹത്തെക്കൊണ്ട് ഇതംഗീകരിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചേക്കാം. എന്നാൽ അതിനു വിലയായി പാക്ക് അധിനിവേശ കശ്മീരിൻമേൽ ഇന്ത്യയുടെ അവകാശം കൈവെടിയേണ്ടിവരുമോ എന്നതാണു ചോദ്യം. ജമ്മു കശ്മിർ നിയമസഭയിൽ ദശകങ്ങളായി 25 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. പാക്ക് അധിനവേശ കശ്മീർ പ്രദേശം എന്നെങ്കിലും ഇന്ത്യയുടെ കൈവശമെത്തുമ്പോൾ ആ പ്രദേശത്തിന്റെ പ്രതിനിധികൾക്കായി കാത്തിരിക്കുകയായിരുന്നു ആ 25 സീറ്റുകൾ.

പാക്ക് അധിനിവേശ ഭൂമിയുടെ മേൽ ഇന്ത്യക്കുള്ള അവകാശത്തിന് സാധുത നൽകാനുമാണ് ഇത്രയും കാലമായി കശ്മീർ നിയമസഭയിൽ  ഈ സീറ്റുകൾ ഇന്ത്യ നിലനിർത്തിയിരുന്നത്. ഇതിനു സമാനമായി, പാക്കിസ്ഥാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ നിയമസഭയിൽ ഇന്ത്യാവശത്തുനിന്നുള്ള കശ്മീരികൾക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ കശ്മീരിൽനിന്ന് പലകാലങ്ങളിലായി പാക്ക് കശ്മീരിൽ എത്തിയവരുടെ ഇടയിൽനിന്നാണ് ഈ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.

ഇനിയിപ്പോൾ ജമ്മു കശ്മീർ ഇന്ത്യയുടെ പൂർണ പരമാധികാര ഭൂമിയാവുന്നതോടെ കൈവശമില്ലാത്ത ഭൂമിയിന്മേലുള്ള അവകാശം കൈവെടിയാൻ ഇന്ത്യയുടെ മേൽ രാജ്യാന്തരസമ്മർദമുണ്ടാവാം. ഒപ്പം, ഇന്ത്യയുടെ കശ്മീരിനുമേലുള്ള അവകാശവാദം കൈവെടിയാൻ പാക്കിസ്ഥാനുമേലും. അതായത്, ഇരു രാജ്യങ്ങളും അവരവരുടെ കൈവശമുള്ള ഭൂമിയെ പൂർണ പരമാധികാര ഭൂമിയായി അംഗീകരിച്ച്, നിയന്ത്രണരേഖയെ രാജ്യാന്തര അതിർത്തിയായി പ്രഖ്യാപിച്ച് കശ്മീർ പ്രശ്നത്തിന് അവസാനപരിഹാരം കാണുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്നത്തെ യഥാർഥ അവസ്ഥയെ നിയമപരമായ അവസ്ഥയായി മാറ്റുക.

2 ദശകം മുൻപ് എ.ബി. വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയും പർവേസ് മുഷാറഫ് പാക്ക് പ്രസിഡന്റുമായിരുന്ന കാലത്ത് ഇങ്ങനെയൊരു നിർദേശം ഉയർന്നതാണ്. ഇരു കശ്മീരിലെയും ജനങ്ങൾ ഇതംഗീകരിക്കില്ലെന്നായിരുന്നു അന്നുയർന്ന വാദം. എങ്കിലും, കശ്മീർ പ്രശ്നത്തിന് പരിഹാരമായി രാജ്യാന്തരതലത്തിൽ ഏറ്റവും ശക്തമായി ഉയരുന്നത് ഈ നിർദേശമാണ്.

പുതുമുഖം ലഡാക്ക്

പുതിയ കേന്ദ്രഭരണ പ്രദേശം. ആകെ വിസ്തീർണം 59,196 ച.കിമീ. ജനസംഖ്യ 2.74 ലക്ഷം. കേരളത്തെക്കാൾ 52 % വിസ്തൃതി കൂടുതൽ. വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമാണ് ലഡാക്ക്. ബിജെപിയുടെ ജാം യാങ് സെറിങ്  നംങ്യാൽ ആണ് സിറ്റിങ് എംപി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com