sections
MORE

തോറ്റാലും വേണ്ടേ, പുനരധിവാസം?

SHARE

ഡൽഹിയിൽ കേരളത്തിന്റെ കാര്യങ്ങൾ നോക്കാൻ ഒരാളെ വയ്ക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. ഒന്നല്ല, ഒരായിരം പേരെ ‍ഡൽഹിയിൽ വച്ചാലും കേരളത്തിന്റെ കാര്യങ്ങൾ പൂർണമായും പരിഹരിക്കാനാവില്ല. ഐഎഎസുകാരും ഏതാനും ഗുമസ്തൻമാരും വിചാരിച്ചാൽ തീർക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല കേരളത്തിന്റേത്. പടപണ്ടാരം പോലുള്ള പ്രശ്നങ്ങളാണു കേരളത്തിനുള്ളത്. അതു തീർക്കണമെങ്കിൽ പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാണ് അത്യാവശ്യം. തോറ്റ എംപി എ.സമ്പത്ത് ഈ തസ്തികയ്ക്കു സർവഥാ യോഗ്യനാണ്. അദ്ദേഹത്തെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയാക്കിയത് എന്തുകൊണ്ടും ഉചിതമായി. അതിനുവേണ്ടി എത്ര തുക ചെലവാക്കിയാലും അധികമാവില്ല. 

വേണമെങ്കിൽ വല്ല ഏഴാം ക്ലാസും ഗുസ്തിയും യോഗ്യതയുള്ള ആരെയെങ്കിലും കേരളത്തിന്റെ പ്രതിനിധിയാക്കാമായിരുന്നു. എന്നാൽ, അതൊന്നും ചെയ്യാതെ സർക്കാർ സമ്പത്തിനെ നിയോഗിച്ചത് അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് കൂടി പരിഗണിച്ചാണ്. പോരാത്തതിന് സമ്പത്ത് ബഹുഭാഷാ പണ്ഡിതനാണെന്ന് ഫാൻസ് അസോസിയേഷൻകാർ വാഴ്ത്തിപ്പാടുന്നുണ്ട്. ഡൽഹിയാകുമ്പോൾ ത്രിഭാഷാ പദ്ധതിയിൽ വേണം സംസാരിക്കാൻ. കേരളഹൗസിൽ മലയാളം, മന്ത്രാലയങ്ങളിൽ ചെന്നാൽ ഇംഗ്ലിഷ്, മീൻചന്തയിൽ ചെന്നാൽ ശുദ്ധഹിന്ദി എന്നതാണു നാട്ടുനടപ്പ്. സമ്പത്തിന് ഇതെല്ലാം അനായാസം സാധിക്കും. അദ്ദേഹത്തിനു വേണമെങ്കിൽ സപ്തഭാഷാ പദ്ധതിയിലോ ശതഭാഷാ പദ്ധതിയിലോ സംസാരിക്കാനും സാധിക്കുമെന്നാണ് അടുത്തറിയാവുന്നവർ പറയുന്നത്. രാജ്യ തലസ്ഥാനമായതിനാൽ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിക്കു പല എംബസികളുമായും ബന്ധപ്പെടേണ്ടി വരും. ദക്ഷിണാഫ്രിക്കൻ എംബസിയിൽ ചെല്ലുമ്പോൾ സ്വാഹിലി ഭാഷയിലും ചൈനീസ് എംബസിയിൽ ചെല്ലുമ്പോൾ മാൻഡരിൻ ഭാഷയിലും സംസാരിക്കാൻ കഴിയുന്ന ഒരു പ്രതിനിധി എന്തുകൊണ്ടും കേരളത്തിനു മുതൽക്കൂട്ടാകുമെന്നു തീർച്ച. 

സംസ്ഥാനത്തിന്റെ പ്രതിനിധിയാകുമ്പോൾ കാബിനറ്റ് പദവി നൽകാതെ വയ്യ. കൊടിവച്ച കാറും ഡഫേദാറുമെല്ലാം നിർബന്ധം. അതിന്റെ പേരിൽ വരുന്ന അധികച്ചെലവ് കേരളീയർ മുണ്ടുമുറുക്കിയുടുത്തു സഹിച്ചോളും. തെലങ്കാനയ്ക്കു ഡൽഹിയിൽ 4 പ്രതിനിധികളാണത്രെ. കേരളത്തിനുള്ളതിനെക്കാൾ നാലിരട്ടി പ്രശ്നങ്ങൾ തെലങ്കാനയ്ക്കുള്ളതായി ആരും പറഞ്ഞുകേട്ടിട്ടില്ല. കേരളത്തിനു ഡൽഹിയിൽ മാത്രമല്ല, ലോക തലസ്ഥാനങ്ങളിലെല്ലാം കാബിനറ്റ് റാങ്കിൽ പ്രതിനിധികളെ നിയമിക്കുന്നതിൽ അപാകതയില്ല. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തു വേണമെങ്കിൽ മുഖ്യമന്ത്രി പദവിയിൽ ആളെ വയ്ക്കാം. നെതർല‌ൻഡ്സിലും ജർമനിയിലും നിർബന്ധമായും പ്രതിനിധികൾ വേണം. ഇനി കാത്തിരിക്കുന്നത് അവിടെ നിന്നുള്ള പാട്ടവും മിച്ചവാരവുമാണല്ലോ! ഇത്തരം നിയമനങ്ങൾ നടത്തിയാൽ ബാക്കിയുള്ള പാട്ടം പരിച്ചെടുക്കാം. പാട്ടം പിരിച്ചെടുക്കാൻ വേണ്ടതു മികച്ച കാര്യസ്ഥന്മാരാണ്. ഇങ്ങനെ കുറെ പ്രതിനിധികളെ നിയമിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ എല്ലാ എൽഡിഎഫ് സ്ഥാനാർഥികളെയും പുനരധിവസിപ്പിക്കാം. പ്രളയാനന്തര പുനരധിവാസത്തിന്റെ ഉദാത്ത മാതൃകയായി രാജ്യാന്തര സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ ഇതിൽപരം നല്ലതൊന്നും കണ്ടെത്താൻ കഴിയില്ല.

ആരോരുമില്ലാത്ത  പാവം പ്രതികൾ! 

കൊലപാതകമോ പീഡനമോ നടത്തിയ ആരോരുമില്ലാത്ത പ്രതികളെ സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിലും ക്രിമിനൽ നിയമസംഹിതയിലും ഇഷ്ടം പോലെ വകുപ്പുകളുണ്ട്. ആരും സ്വയം തീരുമാനിച്ചു ചെയ്യുന്നതല്ല കൊലപാതകവും പീഡനവുമൊന്നും.  സാഹചര്യങ്ങളുടെ സമ്മർദം മൂലമല്ലേ, കടുവ പോലും നരഭോജിയാകുന്നത് ? 

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ അവിടത്തെ ചില സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നതു സാഹചര്യത്തിന്റെ സമ്മർദം മൂലമാണ്. അതിൽ അവരെ കുറ്റപ്പെടുത്തുന്നത് ഒരിക്കലും ശരിയല്ല. ആരോരുമില്ലാത്ത പ്രതികൾക്കു വേണ്ടി വാദിക്കാൻ സംസ്ഥാന സർക്കാർ അരക്കോടി രൂപ നൽകിയതിൽ എന്താണു വാർത്തയെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

വേണമെങ്കിൽ പ്രതികൾക്കു വേണ്ടി വാദിക്കാൻ ഏതെങ്കിലും കേസില്ലാ, ഫീസില്ലാ വക്കീലിനെ സർക്കാരിനു വയ്ക്കാമായിരുന്നു. അവർക്കുള്ള കോട്ടും ഗൗണുമെല്ലാം വസ്ത്രങ്ങൾ വാടകയ്ക്കു കൊടുക്കുന്ന ഏതു കടയിലും കിട്ടും. ആരോരുമില്ലാത്ത പ്രതികൾക്കു വേണ്ടി ഇത്തരം ഉഡായിപ്പു വക്കീൽമാരെ നിയോഗിച്ചാൽ അതു സംസ്ഥാനത്തെ പ്രജകളോടു ചെയ്യുന്ന മാപ്പർഹിക്കാത്ത കുറ്റമായി വ്യാഖ്യാനിക്കപ്പെടും. 

അതൊന്നും പിണറായി സഖാവിനു സഹിക്കാനാവുന്ന കാര്യമല്ല. അദ്ദേഹം ആർത്തത്രാണ പരായണനാണ്. യദാ  യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരതഃ എന്നല്ലേ പ്രമാണം? ഗ്ലാമർ ഉള്ളവനേ ഭാരതത്തിൽ നിലനിൽപുള്ളൂ എന്നാണ് ഇതിന്റെ മലയാളമെന്നു പറഞ്ഞുതന്നത് ഉപ്പിടാംമൂടു പാലത്തിനു സമീപം താമസിക്കുന്ന ഒരു സംസ്കൃത മുൻഷിയാണ്. പരിഭാഷയിൽ അവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം ശ്രീറാം വെങ്കിട്ടരാമന്റെ കാര്യം ഉദാഹരിച്ചു. അതോടെ, അവിശ്വാസം തീർത്തും അപ്രത്യക്ഷമായി. അൽപവിശ്വാസിയായതിൽ അനൽപമായ പശ്ചാത്താപം തോന്നുകയും ചെയ്തു. 

പുതിയ പ്രഭാതത്തിൽ ഉദിക്കുന്നത് 

കോൺഗ്രസ് നാഥനില്ലാക്കളരിയാണെന്നു ശശി തരൂരിനു പറയാം. അദ്ദേഹം ജീവിതത്തിന്റെ മുക്കാലേമുണ്ടാണിയും ലണ്ടനിലും ന്യൂയോർക്കിലുമാണു കഴിഞ്ഞത്. ഏതാണ്ടു ഷഷ്ടിപൂർത്തി എത്താറായപ്പോഴാണു തിരുവനന്തപുരത്തേക്ക് ഇറക്കുമതിച്ചുങ്കമില്ലാതെ കപ്പലിൽ വരുത്തിയത്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെന്നു പണ്ടേ ആക്ഷേപമുണ്ട്.  ഓക്സ്ഫഡിലും ഹാർവഡിലുമെല്ലാം പഠിച്ച തരൂർജിക്കു നാഥനില്ലാക്കളരിയെന്ന ശൈലിയുടെ അർഥമറിയാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിലെ ഏതോ പാലക്കാട്ടുകാരൻ എഴുതിക്കൊടുത്ത വാചകം അദ്ദേഹം പറഞ്ഞതായിരിക്കണം. 

ഏതായാലും കടന്നപ്പള്ളിക്കളരിയിൽ പയറ്റിത്തെളിഞ്ഞ കെ.സി.വേണുഗോപാലിനും ചോമ്പാലയിലെ വീടിന്റെ അട്ടത്തു പരതിത്തെളിഞ്ഞ മുല്ലപ്പള്ളിക്കുമൊന്നും തരൂരിന്റെ പ്രസ്താവന തൊണ്ടതൊടാതെ വിഴുങ്ങാൻ പ്രയാസമാണ്. നാഥനോ, നാഥനില്ലെങ്കിൽ ഞങ്ങളില്ലേ എന്നാണ് അവർ ചോദിക്കുന്നത്. ചെന്നിത്തലയിലെ കളരിയിൽ പിച്ചവച്ച കുഞ്ഞുരമേശിനും പുതുപ്പള്ളിയിൽ തെക്കൻചിട്ടയിൽ വായ്ത്താരി ചൊല്ലി അങ്കം പഠിച്ച കുഞ്ഞൂഞ്ഞിനും ഇതേ ചോദ്യം തന്നെയാണ് ഉന്നയിക്കാനുള്ളത്. ആകെപ്പാടെ വിരണ്ടുപോയ തരൂർജി കോൺഗ്രസിനു പുതിയ പ്രഭാതം ഉണ്ടാകുമെന്നു വ്യാഖ്യാനം ചമയ്ക്കേണ്ടി വന്നതിൽ തെല്ലും അമ്പരക്കേണ്ടതില്ല. പുതിയ പ്രഭാതത്തിൽ ഉദിക്കാൻ പോകുന്ന സൂര്യൻ ആരാണെന്ന് അദ്ദേഹം ശരിക്കും വ്യക്തമാക്കിയിട്ടില്ല. സാഹചര്യങ്ങളുടെ സമ്മർദം മൂലം കടുവ നരഭോജിയാകുന്നതു പോലെ ‘അതും ഞമ്മളു തന്നെ’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചാൽ അതിൽ വലിയ തെറ്റൊന്നും കണ്ടെത്താൻ കഴിയില്ല. 

സ്റ്റോപ്് പ്രസ്: കേരള സർക്കാരിന്റെ, കാബിനറ്റ് റാങ്കുള്ള ഡൽഹിയിലെ പ്രതിനിധിയുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് എംപിമാർ. അതുകൊണ്ടു സമ്പത്തിന്റെ സമ്പത്തിനോ  പദവിക്കോ ഒരു കുറവും സംഭവിക്കാൻ  പോകുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA