sections
MORE

കോൺഗ്രസ് വിപ്പും പോയി; അടവുകളെല്ലാം പിഴച്ച് കോൺഗ്രസ്

chief-whip
കാലിത
SHARE

ന്യൂഡൽഹി∙ കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ കൊമ്പുകോർത്ത കോൺഗ്രസിനു കനത്ത ആഘാതമേൽപിച്ച് രാജ്യസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് ഭുവനേശ്വർ കാലിതയുടെ രാജി.

കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര ബില്ലിനെതിരായ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചത്.

ബിൽ രാജ്യസഭ പരിഗണിക്കുമ്പോൾ എംപിമാർക്കു വിപ്പ് നൽകാനുള്ള പാർട്ടി നിർദേശം അവഗണിച്ച കാലിത, പിന്നാലെ രാജിവയ്ക്കുകയാണെന്ന് ട്വിറ്ററിൽ കുറിച്ചു.

രാജ്യതാൽപര്യത്തിനു വിരുദ്ധമായി നിലപാടെടുത്ത കോൺഗ്രസ് സ്വയം നശിക്കുകയാണെന്നും പാർട്ടിയെ രക്ഷിക്കാൻ ആർക്കുമാവില്ലെന്നും പ്രതികരിച്ച അദ്ദേഹം, തന്റെ അടുത്ത രാഷ്ട്രീയനീക്കം വരും ദിവസങ്ങളിൽ അറിയിക്കുമെന്നു വ്യക്തമാക്കി.

അസമിൽ നിന്നുള്ള എംപിയായ കാലിത ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തം. 8 മാസമേ രാജ്യസഭയിൽ കാലാവധിയുള്ളൂ. സമാജ്‌വാദി പാർട്ടി എംപി: സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു.

കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷത്തിന്റെ അവസാന പ്രതീക്ഷയായ രാജ്യസഭയിൽ കോൺഗ്രസിനു സ്വധീനം നഷ്ടപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു കാലിതയുടെ രാജി.

സ്വന്തമായി ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ സർക്കാർ യഥേഷ്ടം ബില്ലുകൾ പാസാക്കുമ്പോൾ മറ്റു പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനാവാതെ കോൺഗ്രസ് ബുദ്ധിമുട്ടുകയാണ്.

കേന്ദ്രത്തിനെതിരെ തിരഞ്ഞെടുപ്പിൽ വാശിയോടെ പോരാടിയ എസ്പി, ബിഎസ്പി കക്ഷികളെ പോലും രാജ്യസഭയിൽ ഐക്യ പ്രതിപക്ഷ നിരയിൽ ഉറപ്പിച്ചു നിർത്താൻ കോൺഗ്രസിനാവുന്നില്ല.

പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിൽ കോൺഗ്രസിന്റേത് അലസ സമീപനമാണെന്ന പരിഭവം മറ്റു കക്ഷികൾക്കുണ്ട്.

ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുമെന്നു ദിവസങ്ങൾ മുൻപ് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പാർലമെന്റിൽ യുപിഎ കക്ഷികൾ സ്വീകരിക്കേണ്ട നിലപാടു ചർച്ച ചെയ്യാൻ സഭ ചേരുന്നതിന് അര മണിക്കൂർ മുൻപ് (ഇന്നലെ രാവിലെ 10.30) മാത്രമാണു കോൺഗ്രസ് യോഗം വിളിച്ചത്.

പാർലമെന്റിൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഓഫിസ് മുറിയിൽ ചേർന്ന യോഗം സർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാൻ തീരുമാനിച്ചെങ്കിലും രാജ്യസഭയിൽ ബിൽ പാസാക്കുന്നതു തടയാനുള്ള പ്രതിപക്ഷ ഐക്യം രൂപീകരിക്കാൻ കോൺഗ്രസിനായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA