ADVERTISEMENT

ഓരോ ഫയലിലും ജീവിതമുണ്ടെന്നുള്ള പതിവു പറച്ചിലിനൊപ്പം നമുക്ക് ഇനി ഇതുകൂടി ചേർത്തുവയ്ക്കാം: മത്സരപ്പരീക്ഷയുടെ ഓരോ ഉത്തരക്കടലാസിലും ഉദ്യോഗാർഥിയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ കൂടിയുണ്ട്. നന്നായി പഠിച്ചു പരീക്ഷയെഴുതിയവരെ പിന്നിലാക്കി ക്രമക്കേടിലൂടെ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുന്നവരുണ്ടാകുമ്പോൾ, അത്തരം പിൻവാതിൽക്കാരെ തുണയ്ക്കാൻ അധികാരവും സ്വാധീനവും കൂടിയുണ്ടാകുമ്പോൾ, എത്രയോ ആയിരങ്ങളുടെ ഭാവിസ്വപ്നങ്ങളാണ് ഇരുളാർന്നുപോകുന്നത്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികൾ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ഒന്നും രണ്ടും റാങ്കിലെത്തിയത് ക്രമക്കേടു നടത്തിയാണെന്ന കണ്ടെത്തൽ പിഎസ്‌സി അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. സംഭവത്തിൽ പിഎസ്‌സിയെ നേരിട്ടു പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ചുമതലയോടു വിശ്വാസ്യത പുലർത്തുന്നുവെന്നു കരുതിപ്പോരുന്ന ഈ സ്ഥാപനം ധാർമികമായെങ്കിലും തലതാഴ്ത്തിയേ തീരൂ. ഒന്നും രണ്ടും റാങ്കുകാർക്കു പുറമേ, കുത്തുകേസിലെ രണ്ടാം പ്രതിയും പിഎസ്‌സി പരീക്ഷയിലെ 28–ാം റാങ്കുകാരനുമായ വ്യക്തിയെയും റാങ്ക് പട്ടികയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. 

പിഎസ്‌സിയുടെ വിശ്വാസ്യത തകർന്നിട്ടില്ലെന്നും പരീക്ഷാനടത്തിപ്പിൽ വീഴ്ച പറ്റിയിട്ടില്ലെന്നുമൊക്കെ ചെയർമാൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചപ്പോൾ, അതു കേട്ടവരിൽ സംസ്ഥാനത്തെ ലക്ഷക്കണക്കിനു തൊഴിൽരഹിതരുമുണ്ടായിരുന്നു. അദ്ദേഹം അവകാശപ്പെടുന്നതുപോലെ കുറ്റമറ്റ്, പോരായ്മകളില്ലാതെ  നടന്നതാണെങ്കിൽ ഒരു പരീക്ഷയിൽ ഇത്തരം ക്രമക്കേടുകൾ ഉണ്ടാവുമോ എന്ന കേരളത്തിന്റെ അടിസ്ഥാന സംശയത്തിനു മറുപടി ലഭിക്കുകതന്നെ വേണം. അന്വേഷണം നടത്തുന്നതിനു മുൻപേ തന്നെ, പിഎസ്‌സി പരീക്ഷ കുറ്റമറ്റതാണെന്നു മുഖ്യമന്ത്രി പറഞ്ഞതും നാം കേട്ടതാണ്. സംസ്‌ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ പബ്ലിക് സർവീസ് കമ്മിഷനെക്കുറിച്ചു ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ ആ സ്വതന്ത്രസ്‌ഥാപനത്തിന്റെ പ്രതിഛായയും വിശ്വാസ്യതയും തകർക്കരുതെന്ന വിശദീകരണമാണു പലപ്പോഴും ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകുക. 

ക്രമക്കേട് വ്യക്തമായ കെഎപി 4 കാസർകോട് ബറ്റാലിയൻ റാങ്ക് പട്ടിക ഉൾപ്പെടെ, എട്ടു പട്ടികകളിലെ ആദ്യ 100 റാങ്കുകാരുടെ വീതം മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാനാണ് പിഎസ്‌സിയുടെ  തീരുമാനം. ഒരേ ചോദ്യക്കടലാസിന്റെ അടിസ്ഥാനത്തിൽ ഒരേ ദിവസം നടന്ന പരീക്ഷയുടെ റാങ്ക് പട്ടികകളാണിത്. 100 ചോദ്യങ്ങളുള്ള പരീക്ഷയ്ക്കിടെ കുത്തുകേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽ ചോദ്യങ്ങളുടെ എണ്ണത്തിന് ഏതാണ്ടൊപ്പംതന്നെ സന്ദേശങ്ങൾ ലഭിച്ചെന്നാണു കണ്ടെത്തിയത്. പരീക്ഷാകേന്ദ്രത്തിൽ ക്രമക്കേടിന് അനുകൂല സാഹചര്യം ലഭിച്ചുവെങ്കിൽ അതിനുള്ള ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഈ സംഭവത്തോടു ബന്ധപ്പെട്ട് സ്പോർട്സ് വെയ്റ്റേജിന്റെ പൊള്ളത്തരവും നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റാങ്ക്‌ ലിസ്റ്റ് തന്നെ അട്ടിമറിക്കുന്ന ഇത്തരം കുറുക്കുവഴികളും അടച്ചേ മതിയാകൂ. 

ജീവിതത്തിന്റെ വില കൊടുത്തു പഠിച്ചു പരീക്ഷയെഴുതുന്ന സമർഥരായ വിദ്യാർഥികളെ വിഡ്ഢികളാക്കി, ചിലർ  ക്രമക്കേടിലൂടെ സർക്കാർ ഉദ്യോഗങ്ങൾ നേടുന്നുവെന്നു വരുന്നത് പിഎസ്‌സിയിലുള്ള ജനവിശ്വാസംതന്നെ തകർത്തേക്കാം. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ പ്രശ്നത്തിന്മേലുള്ള അന്വേഷണം പ്രഹസനമായിക്കൂടാ. ക്രമക്കേടു കണ്ടെത്തിയാൽ മാതൃകാപരമായ നടപടി ഉണ്ടാകുകയും വേണം.  

യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാർസേവനത്തിനു കണ്ടെത്തുക എന്ന മുഖ്യചുമതല ഈ സ്ഥാപനം കൃത്യമായി നിർവഹിക്കുന്നില്ലെന്ന പരാതി പല ഭരണകാലത്തും കേട്ടുപോരുന്നതാണ്. ഉത്തരവാദിത്തത്തോടു നീതി പുലർത്തുന്ന സ്‌ഥാപനമായിരിക്കണം പിഎസ്‌സി എന്നേ തൊഴിലന്വേഷകർ ആഗ്രഹിക്കുന്നുള്ളൂ. അത് ഉദ്യോഗാർഥികളുടെ ന്യായമായ അവകാശവുമാണ്. പിഎസ്‌സിയുടെ രഹസ്യസ്വഭാവം ക്രമക്കേടിനുള്ള മറയായിത്തീരുകയുമരുത്.

പൊള്ള വിശദീകരണങ്ങളും വെള്ളപൂശലുമല്ല, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻനോട്ടവും നടപടികളും സത്യസന്ധമായ ആത്മപരിശോധനയുമാണ് പിഎസ്‌സിയിൽ നിന്നു കേരളം അടിയന്തരമായി പ്രതീക്ഷിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com