sections
MORE

യൂണിവേഴ്സിറ്റി കോളജിലെ അദ്ഭുതമേശയും കസേരയും

tharangam
SHARE

തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ ദേശസ്നേഹം സമർപ്പിക്കാനെത്തിയിട്ടുള്ളവരും കേരള സർവകലാശാലാ ലൈബ്രറിയുടെ പിന്നിലെ കന്റീനിൽ പരിപ്പുവട തിന്നിട്ടുള്ളവരും വിജെടി എന്നു ചുരുക്കമുള്ള വിക്ടോറിയ ജൂബിലി ടൗൺ ഹാളിൽ യോഗം ചേർന്നിട്ടുള്ളവരുമൊക്കെ തൊട്ടടുത്തുള്ള യൂണിവേഴ്സിറ്റി കോളജിലേക്ക് ഒരിക്കലെങ്കിലും നോക്കാതിരുന്നിട്ടുണ്ടാവില്ല.

ബഹുമാന്യരായ ഒട്ടേറെ അധ്യാപകർ അവിടെ സമർപ്പിത സേവനമനുഷ്ഠിച്ച് കുട്ടികൾക്കു പ്രിയംകരരായി വിരമിച്ചിട്ടുണ്ടെന്ന് കോളജിൽ‌ പോകാത്തവർക്കുപോലുമറിയാം. 

യൂണിവേഴ്സിറ്റി കോളജിൽ പക്ഷേ, കാലാകാലങ്ങളിൽ സമർപ്പണത്തിന്റെ വ്യാഖ്യാന ഭംഗികൾ മാറിവരുന്നു എന്നാണ് ഇക്കഴിഞ്ഞ ദിവസം അപ്പുക്കുട്ടൻ പത്രവാർത്തയിൽനിന്നു മനസ്സിലാക്കിയത്. 

ചിലർ അധ്യാപന മഹത്വത്തിനായി സ്വയം സമർപ്പിക്കുന്നു; സ്ഥാപനത്തിന്റെ അഭിജാത പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച പുറത്തുവന്നത് പഠനോപകരണങ്ങളായ മേശയോടും കസേരയോടും സമർപ്പിതയായ ഒരധ്യാപികയുടെ കഥയാണ്. സ്ഥലംമാറി വന്ന മേൽപടി അധ്യാപിക മുൻപ് അവിടെ ജോലിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ സൗഭാഗ്യങ്ങളോർത്ത്, അതേ കസേരയും മേശയും തന്നെ തിരിച്ചുകിട്ടണം എന്നു ശഠിച്ചു. 

എടുകുടുക്കേ ചോറും കറിയും എന്നു പറഞ്ഞാൽ അനുസരിക്കുന്ന പഴയ കുടുക്കപോലെ പാഠഭാഗങ്ങൾ, വിദ്യാർഥികളെ പ്രലോഭിപ്പിക്കാനുള്ള നോട്ടുകുറിപ്പുകൾ, ഉത്തരക്കടലാസിൽ വീഴേണ്ട മാർക്ക് ഇത്യാദിയെല്ലാം കനിഞ്ഞു നൽകുന്ന ആ മേശ–കസേരകൾ മറ്റൊരാൾ ഉപയോഗിക്കുന്നത് ഒരു സമർപ്പിത അധ്യാപിക എങ്ങനെ സഹിക്കും?

അക്ഷരമെഴുതുന്ന സ്റ്റൗ, പാൽ കുടിക്കുന്ന കിണ്ടി എന്നിങ്ങനെ ഒരുപാട് അദ്ഭുത ഉപകരണങ്ങൾ ഇന്നാടിന്റെ ഭാവനയിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതിലേറെ അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ യൂണിവേഴ്സിറ്റി കോളജിലെ ഒരു മേശയ്ക്കും കസേരയ്ക്കും കഴിയും എന്നാണിപ്പോൾ മനസ്സിലാകുന്നത്. 

ആ മേശ–കസേരകളുടെ അദ്ഭുതസിദ്ധികൾ ഒരുപക്ഷേ, ആ അധ്യാപികയ്ക്കു മാത്രമേ അറിയൂ എന്നു വരാം. മറ്റ് അധ്യാപകർക്കും വിദ്യാർഥികൾക്കും അറിയാത്ത ഒരുപാടു രഹസ്യങ്ങൾ ആ മേശ–കസേരകളും അധ്യാപികയും തമ്മിലുണ്ടാവാം. അവ പുതിയൊരു മേശപ്പുറത്തു വയ്ക്കേണ്ടിവരുന്നതോർത്തു മനമിടിഞ്ഞ് ആ മഹതി സ്വന്തം വകുപ്പിന്റെ പടിക്കെട്ടിലിരുന്നുപോയത്രേ.

യൂണിവേഴ്സിറ്റി കോളജ് മ്യൂസിയമാക്കണമെന്ന് ആവശ്യപ്പെട്ട കെ.മുരളീധരൻ എംപിക്ക്, നടപ്പാകുന്ന കാര്യം വല്ലതും പറയണമെന്നു തോന്നിയാൽ നിർദേശിക്കാവുന്നത് ഈ അദ്ഭുതമേശയും കസേരയും മ്യൂസിയത്തിലേക്കു മാറ്റണം എന്നാണ്.

യൂണിവേഴ്സിറ്റി കോളജിൽനിന്നു പാളയം വഴി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാലെത്താവുന്ന മ്യൂസിയത്തിലേക്ക് ഈ മേശയും കസേരയും ആഘോഷമായി കൊണ്ടുപോകുന്ന രംഗമോർത്താൽ മുരളീധരനുപോലും കൊതി തോന്നേണ്ടതാണ്. 

മേശ–കസേരകൾക്കൊപ്പം മ്യൂസിയത്തിലേക്കു പോകണമെന്ന് അധ്യാപിക വാശിപിടിക്കുമോ എന്നതു മാത്രമാണൊരു പ്രശ്നം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA