ADVERTISEMENT

പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തകർത്തത് കഴിഞ്ഞ ദിവസം വരെ സിപിഎമ്മും പോഷകസംഘടനകളും അർഥവും അഭയവും നൽകി പരിപാലിച്ച ‘ചാവേർസംഘ’മാ​ണെന്നത് സംസ്ഥാനത്തെ യുവസമൂഹം കാണുന്നതു ഞെട്ടലോടെ. അവരുടെ പ്രതികരണം സൂനാമി പോലെ സമൂഹമാധ്യമങ്ങളിൽ ഇരമ്പുന്നു.

റാങ്ക് പട്ടികകളിലുള്ളവരുടെ സമൂഹമാധ്യമ കൂട്ടായ്മകളിൽ ഒട്ടേറെപ്പേരാണ് ഓരോ രൂക്ഷമായ കമന്റിനും താഴെ കയ്യൊപ്പുവച്ച് അനുഭാവം അറിയിക്കുന്നത്. ഈ പ്രതിഷേധത്തിരമാലയിൽ അണിചേരുന്നവരെല്ലാം  യുവാക്കളാണെന്നത് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉൾപ്പെടെയുള്ള ഇടത് അനുകൂല സംഘടനകളും സർക്കാരും അമ്പരപ്പോടെയാണു കാണുന്നത്. 

സാധാരണ ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് ഉണ്ടാകാറുള്ളതു തട്ടിപ്പുസംഘങ്ങളാണ്. എന്നാൽ, ഇത്തവണ ആ സ്ഥാനത്ത് ഭരണത്തിന്റെ തണലിലുള്ളവരാണ്.

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിൽ ഭരണത്തിലുള്ളവരുടെ ഒത്താശയോടെ അട്ടിമറി നടന്നുവെന്ന ധാരണ പടരുന്നത് സർക്കാരിനു ശുഭകരമല്ല. ഗവർണർ വഴി കേന്ദ്രം ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നത് സർക്കാരിന്റെ മറ്റൊരു പൊല്ലാപ്പ്.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സർക്കാർ ആഭിമുഖ്യമുള്ള മാഫിയകൾ നടത്തിയ തട്ടിപ്പുകൾക്കു സമാനമാണിതെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ഇതുകൊണ്ടുതന്നെ. പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്കു കോട്ടമില്ലെന്നു വിശദീകരിക്കാൻ മാധ്യമങ്ങൾക്കു മുന്നിൽ ഇന്നലെ മുഖ്യമന്ത്രിതന്നെ എത്തിയതിനും വേറെ കാരണം തേടേണ്ടതില്ല. 

വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ടതും നാടകം?

വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിശദീകരിച്ചുകൊണ്ട് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ പറഞ്ഞതിങ്ങനെ: സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ തട്ടിപ്പു നടന്നു. പരീക്ഷാസമയം ഉച്ചയ്ക്കു 2 മുതൽ 3.15 വരെ. അതായത് 75 മിനിറ്റ്.

പിഎസ്‌സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷണത്തിൽ 75 മിനിറ്റിനുള്ളിൽ ആർ.ശിവരഞ്ജിത്തിന് 96ഉം പി.പി.പ്രണവിന് 78ഉം എസ്എംഎസുകൾ. ഇരുവരും പരീക്ഷ എഴുതിയതു കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ.

pscfb
ഫെബ്രുവരിയിൽ നടത്തിയ വിമൻ സിവിൽ എക്സൈസ് ഓഫിസർ പരീക്ഷ വീണ്ടും നടത്തുന്നു എന്ന പിഎസ്‌സിയുടെ ഫെയ്സ്ബുക് അറിയിപ്പ്.

ശിവരഞ്ജിത്തിനു 2 നമ്പരുകളിൽ നിന്നും പ്രണവിനു 3 നമ്പരുകളിൽ നിന്നും എസ്എംഎസുകൾ വന്നു. ഇതിൽ ഒരു നമ്പരിൽനിന്നു 2 പേർക്കും എസ്എംഎസുകൾ വന്നിട്ടുണ്ട്. ഒന്നാം റാങ്ക് ലഭിച്ച ശിരവഞ്ജിത്തിന് 78.33 മാർക്കും പ്രണവിന് 78 മാർക്കും ലഭിച്ചു. 

ഉയരുന്ന ചോദ്യങ്ങൾ

ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് തിടുക്കത്തിൽ പുറത്തുവിട്ടത് യഥാർഥ പ്രതികളെ രക്ഷിക്കാനാണോ? പിഎസ്‌സിയുടെ പരീക്ഷാ കൺട്രോളർ തന്നെയാണ്, പൊലീസിൽ നിന്ന് ഡപ്യൂട്ടേഷനിൽ എത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ആഭ്യന്തര വിജിലൻസിനെ നയിക്കുന്നതും.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പിഎസ്‌സി യോഗം വിജിലൻസിനോടു നിർദേശിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ശിവരഞ്ജിത്തിനും പ്രണവിനും എസ്എംഎസ് വന്നതു സ്ഥിരീകരിച്ചു. എസ്എംഎസ് വന്ന ഫോൺ നമ്പരുകളും കണ്ടെത്തി.

പ്രതികളെ അറസ്റ്റ് ചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ വിജിലൻസിന് അധികാരമില്ല. എന്നാൽ, കേരളം അത്രയേറെ വിശ്വാസപൂർവം കരുതുന്ന പിഎസ്‌സിയിൽ തട്ടിപ്പു നടന്നുവെന്നു കണ്ടെത്തിയാൽ അതിനു കൂട്ടുനിന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി പൊലീസിനെ അറിയിക്കാമായിരുന്നു.

വിജിലൻസിന് അറിയിക്കാൻ സാധിക്കില്ലെങ്കിൽ പി‌എസ്‌സി ചെയർമാനെ രഹസ്യമായി അറിയിച്ച് അദ്ദേഹത്തെക്കൊണ്ട് പൊലീസിനു പരാതി നൽകാം. 

കോടതിയിൽ തെളിവുകളാണു വേണ്ടത്. അതിനായി, തട്ടിപ്പിനു കൂട്ടുനിന്നവരുടെ ഫോണും മറ്റും കണ്ടെടുക്കണം. പരീക്ഷാ കൺട്രോളറോ ചെയർമാനോ വിവരം അറിഞ്ഞപ്പോൾ പൊലീസിനെ അറിയിച്ചില്ല.

പകരം, ചെയർമാൻ പത്രസമ്മേളനം വിളിച്ചു പ്രതികളുടെ ഫോൺ നമ്പരുകൾ പുറത്തുവിട്ടു. തട്ടിപ്പിനു സഹായിച്ചവർക്കെതിരെ ഇനിയാണു പൊലീസിൽ പരാതി നൽകുന്നതെന്നും അറിയിച്ചു. പ്രതികൾക്കു തെളിവു നശിപ്പിക്കാൻ ഇതിനെക്കാൾ വലിയൊരു സഹായം ചെയ്യാനുണ്ടോ?

ചോർത്താം, നിസ്സാരമായി 

പിഎസ്‌സി പരീക്ഷ നടക്കുന്ന കേന്ദ്രത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ വിചാരിച്ചാൽ പോലും ചോദ്യം നിസ്സാരമായി ചോർത്താമെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. മിക്ക പരീക്ഷകളും ഉച്ചയ്ക്ക് 2 മുതൽ 3.15 വരെയാണു നടക്കുന്നത്. ഉദ്യോഗാർഥികൾ 1.30നു തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.

2 മണിക്കേ ചോദ്യക്കടലാസ് വിതരണം ചെയ്യൂ. 20 പേരാണ് ഒരു ക്ലാസിൽ പരീക്ഷ എഴുതുക. പരീക്ഷ എഴുതാനെത്താത്തവർ ഒട്ടേറെ. അവരുടേതായി അധികം വരുന്ന ചോദ്യക്കടലാസുകൾ കേന്ദ്രത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണു ശേഖരിക്കുന്നത്.

ഇവർ വിചാരിച്ചാൽ ചോദ്യക്കടലാസ് നിസ്സാരമായി പുറത്തെത്തിക്കാം; മൊബൈലിൽ ഫോട്ടോ എടുത്തോ പേപ്പർ മൊത്തമായോ. അധികം വരുന്ന ഉത്തരക്കടലാസുകളുടെ കണക്കെടുക്കാറുണ്ടെങ്കിലും ചോദ്യക്കടലാസിന്റെ കണക്ക് പിഎസ്‌സി സൂക്ഷിക്കാറില്ല. യൂണിവേഴ്സിറ്റി കോളജിൽ ഇതു പതിവ്.

ഇവിടെ നടന്ന ഭൂരിഭാഗം പരീക്ഷകളിലും ചോദ്യം ചോർത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമാക്കുന്നത് പിഎസ്‌സി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. 

ചോദ്യകർത്താക്കളിലേക്കും നീളുന്നു‍, സംശയം 

പിഎസ്‌സി ഓഫിസിനകത്തുനിന്നു ചോദ്യം ചോരില്ലെന്ന് അധികൃതർ പറയുന്നതു വിശ്വസിക്കാമെങ്കിലും ചോദ്യം തയാറാക്കി നൽകുന്നവരിലേക്കു സംശയത്തിന്റെ മുന നീളുന്നുണ്ട്.

കോമൺപൂൾ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് തസ്തികയ്ക്ക് 2016ൽ നടത്തിയ പരീക്ഷയുടെ ചോദ്യങ്ങൾ ഇക്കൂട്ടർ വേണ്ടപ്പെട്ടവർക്കു നൽകിയിരുന്നു. പരീക്ഷയിലെ 80 ചോദ്യങ്ങളാണ് തയാറാക്കിയ ആൾ തന്നെ സ്വന്തക്കാർക്കു നൽകിയത്. ഒടുവിൽ 2017ൽ പിഎസ്‌സി വീണ്ടും പരീക്ഷ നടത്തി. 

ചിതലരിച്ചല്ലോ, ഉത്തരക്കടലാസും ഉത്തമവിശ്വാസവും!

ഒന്നര വർഷം മുൻപു മാത്രം നടത്തിയ ഒഎംആർ പരീക്ഷ വീണ്ടും നടത്തുന്നു എന്ന പിഎസ്‌സിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ അറിയിപ്പു കണ്ടു ഞെട്ടിയത് ഉദ്യോഗാർഥികൾ മാത്രമല്ല, ജില്ലാ പിഎസ്‌സി ഓഫിസർമാർ കൂടിയാണ്. പരീക്ഷ വീണ്ടും നടത്താനുണ്ടായ കാരണംകൂടി അറിഞ്ഞപ്പോൾ ഞെട്ടൽ പൂർണമായി. ഉത്തരക്കടലാസ് ചിതലരിച്ചു നശിച്ചു പോയത്രെ!  

എക്‌സൈസ് വകുപ്പിലെ വിമൻ സിവിൽ എക്‌സൈസ് ഓഫിസർ, വൊക്കേഷനൽ ഹയർ സെക്കൻഡറി വകുപ്പിൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് ഉത്തരക്കടലാസ് ചിതലരിച്ചതിനെത്തുടർന്നു വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരത്തെ പിഎസ്‌സി ആസ്ഥാനത്ത്, ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്ന മുറിയിലെ ഭിത്തിയിലെ നനവു കാരണം ചിലതിൽ ചിതലരിക്കുകയായിരുന്നു! 

ഇൻവിജിലേറ്റർമാരെ  മറയ്ക്കുന്നതാര് ? 

ക്ര മക്കേടിനു സഹായിച്ച പ്രതികളുടെ ഫോൺനമ്പർ വരെ പത്രസമ്മേളനത്തിൽ പുറത്തുവിട്ട ചെയർമാൻ, തട്ടിപ്പുനടന്ന പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാരുടെ പേരുവിവരങ്ങൾ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയതെന്തിന്? ഇൻവിജിലേറ്റർമാരുടെ പേരു പറഞ്ഞാൽ അടുത്ത ചോദ്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിഎസ്‌സി ഉദ്യോഗസ്ഥർ ആരൊക്കെ എന്നായിരിക്കും. ഈ പേരുകളൊന്നും പുറത്തുവരുന്നത് പി‌എസ്‌സിയിലെ ഉന്നതർ ആഗ്രഹിക്കുന്നില്ല.

പരീക്ഷാഫലം അട്ടിമറിക്കാൻ കരുത്തുള്ള വലിയൊരു റാക്കറ്റ് പിഎസ്‌സിയിൽ ഉണ്ടാകാനുള്ള സാധ്യതയാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് സാധൂകരിക്കുന്നത്. റാക്കറ്റുമായി ബന്ധമുള്ളവർ പിഎസ്‌സിയുടെ തിരഞ്ഞെടുപ്പു രീതികൾ മറികടന്ന് അനർഹമായി സർക്കാർ ജോലിക്ക് എത്താം.

ആ റാക്കറ്റിന്റെ തുടർ സ്വാധീനമാണ് ഇൻവിജിലേറ്റർമാരായും പരീക്ഷാകേന്ദ്രത്തിലെ മേലധികാരികളായും പരക്കുന്നത്. അവരായിരിക്കാം, കുത്തുകേസ് പ്രതികളായ എസ്എഫ്ഐക്കാർക്ക് റാങ്ക് പട്ടികയിൽ ഇടംനേടാൻ സൗകര്യമൊരുക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com