sections
MORE

കത്തിൽ തെളിയുന്നത്

leader
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവി വിലയിരുത്തിക്കൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി പാർട്ടി അംഗങ്ങൾക്കായി തയാറാക്കിയ ‘പാർട്ടിക്കത്തിൽ’ അടിക്കടി ആവർത്തിക്കുന്ന ഒരു വാചകമുണ്ട്: ‘ഒരു ഘട്ടത്തിലും പ്രതികൂല സ്ഥിതി റിപ്പോർട്ട് ചെയ്തിട്ടില്ല’. ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മണ്ഡലങ്ങളിൽ തകർന്നടിഞ്ഞതിനെത്തുടർന്നുള്ള വിലാപമാണിത്. ഇതേ കത്തിലാണ് പാർട്ടിയും ജനങ്ങളും തമ്മിൽ വലിയ അകൽച്ച ഉടലെടുത്തിരിക്കുന്നുവെന്നും സമ്മതിക്കുന്നത്.

ജനങ്ങളുടെ രാഷ്ട്രീയസ്പന്ദനം മനസ്സിലാക്കുന്നതിൽ അണികളും നേതൃത്വവും പരാജയപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രമാണിത്. അതിനുള്ള പരിഹാരമെന്തെന്ന് ആലോചിക്കാൻ വേണ്ടിയാണ് അസാധാരണമായി ആറു ദിവസത്തെ നേതൃയോഗം സിപിഎം വിളിച്ചുചേർത്തിരിക്കുന്നത്. 

20ൽ 19 മണ്ഡലങ്ങളിലും തോൽവിക്കു വഴിവച്ചതെന്ത് എന്നതിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി നടത്തിയ ആഴത്തിലുള്ള പരിശോധനയിൽ തെളിഞ്ഞ നിഗമനങ്ങളാണ് ഈ കത്തിലുള്ളത്. അതിലെ ചില നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞതവണ കാസർകോട്ടു ജയിച്ചപ്പോൾത്തന്നെ, വരാനിരിക്കുന്നതു തോൽവിയാണെന്നത് ഓർമിക്കണമെന്നു സംസ്ഥാന കമ്മിറ്റി നൽകിയ മുന്നറിയിപ്പ് ജില്ലാ കമ്മിറ്റി കണക്കിലെടുത്തില്ലെന്നു കത്ത് വ്യക്തമാക്കുന്നു.

‘ഇത്തവണ ജയിക്കാനായെങ്കിലും ആവശ്യമായ തിരുത്തൽ വരുത്തിയില്ലെങ്കിൽ തോൽവിയിലേക്കാണു പോകുന്നതെന്ന തിരിച്ചറിവ് കാസർകോട് ജില്ലാ കമ്മിറ്റിക്കുണ്ടാകണം’– കഴിഞ്ഞ തിരഞ്ഞെടുപ്പ് അവലോകനരേഖ, ഈ കത്തിൽ പാർട്ടി ഓർമിപ്പിക്കുന്നു. പെരിയയിലെ ഇരട്ടക്കൊലപാതകം മാത്രമല്ല, സംഘടനാപരമായി സിപിഎമ്മിന്റെ സ്വാധീനശക്തിയിൽ കാസർകോട്ട് ഇടിവു തട്ടിയതും തോൽവിക്കു വഴിവച്ചു.

‘ഇതൊക്കെയാണെങ്കിലും ജയിക്കുമെന്നായിരുന്നു അവസാനം വരെയുള്ള പ്രതീക്ഷ’– കാസർകോട്ടും വോട്ടെണ്ണുംവരെ പ്രത്യാശ നിലനിന്നുവെന്നു വ്യക്തം.

എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദൾ വിഭാഗം ഇടതുമുന്നണിയിലേക്കു തിരിച്ചുവന്നതോടെ മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ കോഴിക്കോട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എ.പ്രദീപ്കുമാർ എംഎൽഎയെ സ്ഥാനാർഥിയാക്കിയതെന്ന് ആ മണ്ഡലത്തെക്കുറിച്ചുള്ള വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽപോലും മറിച്ചൊരു സ്ഥിതി മനസ്സിലാക്കാനായില്ല. എന്നാൽ, പ്രദീപ്കുമാറിന്റെ മണ്ഡലത്തിൽപോലും ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞില്ല’.

കോട്ടകൾ എങ്ങനെ വീണു? 

ഏതു പ്രതികൂല രാഷ്ട്രീയസാഹചര്യത്തിലും നിലനിർത്താൻ കഴിയുമെന്നു സിപിഎം പ്രതീക്ഷിച്ചത് മൂന്നു സീറ്റുകളാണ്: പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ. ഇവിടെയുണ്ടായ അട്ടിമറി പാർട്ടിയെ ഞെട്ടിച്ചുകളഞ്ഞെന്നു രേഖ വ്യക്തമാക്കുന്നു. ‘ആലത്തൂർ വിജയിക്കുമെന്നു പ്രതീക്ഷിച്ച മണ്ഡലമായിരുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ഭൂരിപക്ഷം നേടി. ഒരു കാരണവശാലും ഇത്തരമൊരു വിജയം യുഡിഎഫിന് ഉണ്ടാകേണ്ട മണ്ഡലമല്ല’. രമ്യ ഹരിദാസിന്റെ ആരോഹണത്തിലുണ്ടായ നടുക്കം പാർട്ടി പ്രകടിപ്പിക്കുന്നു. 

‘പാലക്കാട്ട് നല്ല ഭൂരിപക്ഷമാണു പ്രതീക്ഷിച്ചത്. സ്ഥാനാർഥിയുടെ പ്രതിഛായയും ബഹുജനസ്വാധീനവും ചേരുമ്പോൾ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പരാജയം വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം’– കോൺഗ്രസ് പോലും കണക്കുകൂട്ടാത്ത പാലക്കാട്ട് തോറ്റതിനെക്കുറിച്ച്.

‘നിയമസഭാ തിരഞ്ഞെടുപ്പിൽ‍ എൽഡിഎഫിനു നാൽപതിനായിരത്തിലേറെ ഭൂരിപക്ഷം ലഭിച്ച ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ വരെ പിറകിൽപോയി’– സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ‍ഡൽഹിയിൽ നിയമിതനായ എ. സമ്പത്തിനു ജനവിധിയിൽ സംഭവിച്ചതിനെക്കുറിച്ച്.

തിരുവനന്തപുരത്തു ജയിക്കുമെന്നെല്ലാമാണ് പുറമേ സിപിഎം–സിപിഐ നേതാക്കൾ പറഞ്ഞു നടന്നിരുന്നതെങ്കിലും ഉള്ളാലെ സിപിഎം കരുതിയതു തോൽക്കുമെന്നായിരുന്നു എന്ന വെളിപ്പെടുത്തലും പാർട്ടിക്കത്തിലുണ്ട്. ‘കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു പോയ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുമെന്നാണു കരുതിയത്’.

പക്ഷേ, പ്രതീക്ഷിച്ച വോട്ടിൽ ഒരു ലക്ഷത്തിലേറെ കുറവുണ്ടായി’. ബിജെപി കാര്യമായി പ്രതീക്ഷവച്ച പത്തനംതിട്ടയിൽ ആ പാർട്ടി ജയിക്കുമെന്ന നിലയിൽ പ്രവർത്തനം നടത്തിയിട്ടും മൂന്നാം സ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞതു നേട്ടമായി ചൂണ്ടിക്കാട്ടുന്നു. അസംബ്ലി തിരഞ്ഞെടുപ്പിൽ ഏഴിടത്തും ജയിച്ചിട്ടും തൃശൂർ കൈവിട്ടതു പ്രത്യേകം പരിശോധിക്കണമെന്നും നിർദേശമുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ഉജ്വലജയത്തിനു ശേഷം വോട്ടർമാരിലുണ്ടായ മാറ്റത്തിന്റെ തെളിവായാണ് മാവേലിക്കരയിലെ തോൽവിയെ സിപിഎം വിശേഷിപ്പിക്കുന്നത്. 

യുഡിഎഫിന്റെ ഏറ്റവും ഉറച്ച മണ്ഡലത്തിൽ  ശക്തമായ മത്സരം ഉറപ്പുവരുത്താനാണു പി.രാജീവിനെ സ്ഥാനാർഥിയാക്കിയതെങ്കിലും നിയമസഭാതിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിലും കുറവാണ് എറണാകുളത്തു ലഭിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യമാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടുക്കി നേടാൻ വഴിവച്ചതെങ്കിൽ ഇത്തവണ അനുകൂല ഘടകങ്ങളൊന്നുമുണ്ടായില്ല. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ സിപിഎമ്മിന്റെ ഉറച്ച വോട്ടുകൾ മാത്രമേ സമാഹരിക്കാനായുള്ളൂ. 

ന്യൂനപക്ഷ വോട്ടുകൾ പ്രതീക്ഷിച്ചുവെന്നും അതു കിട്ടാതെപോയത് തോൽവിയിലേക്കു നയിച്ചുവെന്നുമുള്ള നിഗമനം ഭൂരിപക്ഷം മണ്ഡലങ്ങളുടെ കാര്യത്തിലും ആവർത്തിക്കുന്നു. ‘കൂടുതൽ ആക്രമണത്തിനു വിധേയമാകുന്നതു സിപിഎമ്മാണെങ്കിലും എതിരായുള്ള പ്രചാരണങ്ങൾ സ്വാധീനം ചെലുത്തുന്നു.

ഷുക്കൂർവധം, ഷുഹൈബ് വധം ഇവ മുസ്‌ലിം ജനവിഭാഗങ്ങളെ സ്വാധീനിച്ചോയെന്നു പരിശോധിക്കണം’– കൊലപാതക രാഷ്ട്രീയം സൃഷ്ടിക്കുന്ന അപകടം പാർട്ടി തിരിച്ചറിയുന്നു. ആലപ്പുഴ തിരിച്ചുപിടിച്ച് സമ്പൂർണ തോൽവിയിൽനിന്നു കരകയറിയെങ്കിലും സ്ഥാനാർഥിയായ എ.എം.ആരിഫിന്റെ അരൂർ നിയമസഭാ മണ്ഡലത്തിൽ ഭൂരിപക്ഷം നേടാനാകാതെ പോയത് അപ്രതീക്ഷിതമാണ്– പാർട്ടി ചൂണ്ടിക്കാട്ടുന്നു. 

വലിയ തിരിച്ചടിയല്ലേ സിപിഎമ്മിനുണ്ടായതെന്ന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിക്കുശേഷം ചോദ്യമുയർന്നപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി, പ്രതീക്ഷിക്കാത്തതു സംഭവിച്ചാൽ അതു തിരിച്ചടി തന്നെയാണല്ലോ എന്നായിരുന്നു. കൊല്ലത്തു വീണ്ടും തോൽക്കാനിടയായതിനെക്കുറിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷണത്തിൽ ആ നിരാശയാകെയുണ്ട്.

‘ഇത്ര വലിയ പരാജയം അപ്രതീക്ഷിതമാണ്. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ഇതു തിരിച്ചറിയാൻ ഘടകങ്ങൾക്കു കഴിഞ്ഞില്ല. ജയിക്കുമെന്നു തന്നെയാണു കരുതിയത്. ഇത്രവലിയ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ എന്തുകൊണ്ടു കഴിഞ്ഞില്ലെന്നതു പരിശോധിക്കേണ്ടതാണ്.’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA