sections
MORE

മഹനീയ നേതൃത്വം; ആർദ്ര മാതൃത്വം

SHARE

കർമപൂർണമായ അരങ്ങൊഴിയുമ്പോൾ സുഷമ സ്വരാജ് ബാക്കിയാക്കുന്നത് അപാരമായ സ്നേഹവും സൗമ്യതയും കരുണയുമാണ്. ഏത് അധികാരസ്ഥാനത്തിനും അളവില്ലാത്ത മാനുഷികത കൈവരിക്കാനാവുമെന്ന് അവർ അറിയിച്ചു; എത്ര ഉയരത്തിലിരുന്നാലും നിരാലംബരുടെ മുറവിളികൾക്കു മാതൃഭാവത്തോടെ ചെവിയോർക്കാനാവുമെന്നും  ഒട്ടുംവൈകാതെ ആശ്വാസം നൽകാനാകുമെന്നും ഓർമിപ്പിച്ചു. മലയാളികളടക്കം രാജ്യത്തെ എത്രയോ പേരുടെ മനസ്സു നിറയുന്ന നന്ദിയും ഓർമയും സുഷമ സ്വരാജിന്റെ ഒടുവിലത്തെ യാത്രയിൽ അനുഗമിക്കും. 

സാർഥകമായിരുന്നു മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ പൊതുജീവിതം. മൂല്യങ്ങളുടെ സൂചിക കൊണ്ടാണ് അവർ എപ്പോഴും രാഷ്ട്രീയത്തെയും അധികാരത്തെയും അളന്നത്. സൗമ്യമായ കാർക്കശ്യമെന്തെന്ന് അധികാര പദവിയിലിരിക്കുമ്പോൾ അവർ അറിയിച്ചുകൊണ്ടേയിരുന്നു. മറ്റുള്ളവർ ഒഴിഞ്ഞുമാറിയ ദുഷ്‌കരദൗത്യങ്ങൾക്കു നിയോഗിക്കപ്പെട്ടപ്പോൾ അവ ഏറ്റെടുക്കാൻ ഒട്ടും മടികാണിച്ചതുമില്ല. ബെള്ളാരിയിൽ സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുകയെന്ന ദൗത്യം ഏറ്റെടുക്കേണ്ടിവന്നതടക്കം ഇതിന് ഉദാഹരണങ്ങളേറെയാണ്. 

ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന അവർ, കേന്ദ്രത്തിൽ വിവിധ മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താവിനിമയം, ആരോഗ്യം, കുടുംബക്ഷേമം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളും വിദേശകാര്യത്തിനു പുറമേ കൈകാര്യം ചെയ്തിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതൃസ്‌ഥാനത്തെത്തിയ, ബിജെപി അധ്യക്ഷസ്‌ഥാനത്തേക്കുതന്നെ പരിഗണിക്കപ്പെട്ട സുഷമ സ്വരാജ്, രാഷ്ട്രീയം ജീവിതത്തിലേക്കു സ്വീകരിച്ച ഇന്ത്യൻ പെൺമയുടെ തേജസ്സാർന്ന മുഖങ്ങളിലൊന്നാണ്. പലപ്പോഴും, പുരുഷാധിപത്യ രാഷ്ട്രീയത്തോട് എതിരിട്ടുപോലും  നേതൃത്വത്തിന്റെ ഉന്നതികളിലേക്കു നടന്നുനീങ്ങിയ സുഷമയിൽ എന്നും ഒരു പോരാളി ഉണ്ടായിരുന്നു. 

രാജ്യത്ത് അധികാരത്തിന്റെ ഉന്നത പദവിയിലെത്തിയവരിൽ ഇന്ദിരാ ഗാന്ധിക്കുശേഷമുള്ള ഏറ്റവും ശ്രദ്ധേയ വനിതയാണ് സുഷമ സ്വരാജ്. ഇന്ദിരയ്ക്കുശേഷം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയും അവർതന്നെ. കശ്മീർ വിഷയവും ഭീകരവാദവും ചൈനയുമായുള്ള പ്രശ്നങ്ങളുമൊക്കെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത വിദേശകാര്യ മന്ത്രി മാത്രമായിരുന്നില്ല സുഷമ; മനുഷ്യന്റെ സങ്കടവും യാതനയും തിരിച്ചറിഞ്ഞു പരിഹാരം കണ്ട വ്യക്തികൂടിയായിരുന്നു. ജനകീയ സർക്കാർ ജനത്തിന്റെ വിളിപ്പുറത്താവണമെന്നതു തിരിച്ചറിഞ്ഞതു തന്നെയായിരുന്നു  ആ മന്ത്രിയുടെ ലളിതമായ ജീവിതദർശനവും വിജയമന്ത്രവും.

അർഹമായ ഏതു വിളിയൊച്ചയ്ക്കും അപ്പോൾത്തന്നെ അവർ മറുപടി നൽകി. ട്വിറ്ററിൽ ഒരഭ്യർഥന മതിയായിരുന്നു,  ഒന്നേകാൽ കോടിയിലേറെ ഫോളോവേഴ്സുള്ള സുഷമ സ്വരാജിന്റെ ശ്രദ്ധ കിട്ടാൻ. വിദേശകാര്യ മന്ത്രിയായിരിക്കെ, ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിലേക്ക് എപ്പോഴും അവരുടെ കണ്ണെത്തിയതിന്റെ കാരണവും ട്വിറ്റർ സന്ദേശങ്ങളും വിഡിയോ സന്ദേശങ്ങളുമൊക്കെത്തന്നെയാണ്. പാസ്പോർട്ട് അപേക്ഷകർക്കു മുതൽ ഹൃദയശസ്ത്രക്രിയയ്ക്കു വീസ കിട്ടാതെ വിഷമിച്ച പാക്ക് ബാലികയ്ക്കുവരെ ആ വിദേശകാര്യ മന്ത്രി തുണനിന്നു. വിദേശരാജ്യങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനാവണം വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഥമ പരിഗണനയെന്ന് അവർ എപ്പോഴും ഒപ്പമുള്ളവരെ ഓർമിപ്പിച്ചു.

സുഷമ സ്വരാജിനായി എത്രയോ മലയാളികളുടെ കണ്ണീർപ്രണാമം കൂടിയുണ്ടാവും. പല പ്രശ്നങ്ങളിലും പെട്ടുഴലുന്ന ഒട്ടേറെ പ്രവാസി മലയാളികൾക്ക് അവരിലൂടെ സത്വരപരിഹാരം ലഭിച്ചു. അതിഭീകരമായ ഏറ്റുമുട്ടലിനിടെ ഇറാഖിൽനിന്ന് മലയാളി നഴ്‌സുമാരെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തി കേരളത്തിൽ എത്തിച്ചതിലും യെമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിലുമടക്കം പല കാര്യങ്ങളിലും ആ ശക്തസാന്നിധ്യമുണ്ടായി. 

രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുടെ ഉടമയായിരുന്നു സുഷമ സ്വരാജ്. ഏതു സാഹചര്യത്തിലും  ആർദ്രമന്ദസ്മിതം നിലനിർത്തുകയും ചെയ്തു. മറഞ്ഞുപോകുന്നത്, അധികാര രാഷ്ട്രീയത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകരുതാത്ത മൂല്യങ്ങളുടെ കാവലാൾകൂടിയാണ്.     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA