ADVERTISEMENT
കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോൾ വീണ്ടുമുണ്ടായ പ്രളയസമാന സാഹചര്യം കേരളത്തെ നടുക്കിയിരിക്കുന്നു. മുഖ്യമായും വടക്കൻ ജില്ലകളിൽനിന്നാണു നാശത്തിന്റെ സങ്കടവാർത്തകൾ പുറത്തുവരുന്നത്. ഈ ദുഷ്കര സാഹചര്യത്തിൽ, നാടിന്റെ രക്ഷയ്ക്കായി വീണ്ടും കൈകോർക്കുകയാണു കേരളജനത. ഉരുൾപൊട്ടലിലും മഴക്കെടുതിയിലും എത്രയോ പേരുടെ ജീവനാണു കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പൊലിഞ്ഞുപോയത്. കാണാതെപോയവരും കുറവല്ല. ഉണ്ടായിരുന്നതെല്ലാം മഴപ്പാച്ചിലിൽ നഷ്ടമായ തീരാവേദനയോടെ ഒട്ടേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ഇത്തവണയും ദുരന്തത്തിനു മുന്നിൽ തലകുനിക്കാതെ, സംയമനത്തോടെയും വിവേകത്തോടെയും നാം നിലയുറപ്പിക്കേണ്ട വേളയാണിത്. സംസ്ഥാനത്തെ മിക്ക ജില്ലകളും മഴക്കെടുതിയുടെ പിടിയിലായിക്കഴിഞ്ഞു. ഏകദേശം 64,000 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയിട്ടുള്ളത്. ദുരന്തത്തിന്റെ ഏറ്റവും കൊടിയ വിപത്ത് അനുഭവിക്കേണ്ടിവരുന്ന വയനാട്ടിൽമാത്രം ഇരുപതിനായിരത്തിലേറെ പേർ ക്യാംപുകളിലുണ്ട്. നാടെങ്ങും ക്യാംപുകളിലേക്കുള്ള പ്രവാഹം തുടരുകയുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെയും സർവസ്വത്തുക്കളും മഴ കൊണ്ടുപോയവരുടെയും വിലാപങ്ങൾ ക്യാംപുകളിൽ നിന്നുയരുമ്പോൾ കേരളത്തിന്റെ നെഞ്ചും പിടയുന്നുണ്ട്. മഹാപ്രളയത്തിന്റെ ഒന്നാം വാർഷികവേളയിലുണ്ടായ മഴക്കെടുതിയും ഉരുൾപൊട്ടലും, നമ്മുടെ ഞാറ്റുവേലകൾപോലെ പ്രകൃതിയുടെ ദുരന്തങ്ങൾക്കും ചാക്രികത ഉണ്ടോ എന്ന സംശയം ഉയർത്തുകയാണിപ്പോൾ. സംഹാരശേഷിയുള്ള ഉരുൾപൊട്ടലുകളാണു പലയിടത്തും ഉണ്ടാവുന്നത്. വയനാട് മേപ്പാടി പുത്തുമലയിലും നിലമ്പൂർ ഭൂദാനത്തുമുണ്ടായ ഉരുൾപൊട്ടൽ പല ജീവനുകളാണു കവർന്നത്. ഇപ്പോഴും ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആശങ്ക. ഏക്കറുകണക്കിനു പ്രദേശമാകെ ഇല്ലാതായ ഇവിടങ്ങളിൽ രക്ഷാദൗത്യം തുടരുകയാണ്. വീടുകൾ ഇടിഞ്ഞും മലവെള്ളപ്പാച്ചിലിൽപെട്ടുമൊക്കെ മരിച്ചവരും സംസ്ഥാനത്തു കുറവല്ല. മഴക്കെടുതിയിലെ വൈദ്യുതിതടസ്സം പരിഹരിക്കാനുള്ള ദൗത്യത്തിനിടെ തോണിമറിഞ്ഞു മരിച്ച തൃശൂർ വിയ്യൂർ കെഎസ്ഇബിയിലെ അസിസ്റ്റന്റ് എൻജിനീയർ കെ.എ.ബൈജുവിനെ ഈ ദുരന്തകാലത്തിന്റെ ത്യാഗസ്മൃതിയിൽ കേരളം ചേർത്തുവയ്ക്കുകയും ചെയ്യും. ഗതാഗതമാർഗങ്ങളെല്ലാം തടസ്സപ്പെട്ടിട്ടുണ്ട്. പലയിടത്തും റോഡുകൾ തകരുകയും പാലങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. എത്രയോ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. തീരങ്ങളിലുള്ളവർ അങ്ങേയറ്റത്തെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡാമുകൾ തുറന്നുവിടുന്ന കാര്യത്തിൽ അധികൃതർ സൂക്ഷ്മശ്രദ്ധ പുലർത്തിയേതീരൂ; കഴിഞ്ഞ പ്രളയകാലത്തെ ദുരനുഭവം കേരളത്തിനുമുന്നിലിരിക്കെ വിശേഷിച്ചും. അതേസമയം, ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നുവിട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതിനെതിരെ കെഎസ്ഇബി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ ദൃശ്യങ്ങൾ പുതിയതാണെന്ന മട്ടിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്തുന്ന ചില ശ്രമങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തിൽനിന്നുള്ള മുൻകരുതൽപാഠങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും അപകടം ഒഴിവാക്കാൻ അതീവജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കുകയുണ്ടായി. അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശമാണ് കലക്ടർമാർക്കു നൽകിയിട്ടുള്ളതെന്നും കഴിഞ്ഞ പ്രളയത്തിന്റെ അനുഭവം ഉൾക്കൊണ്ട് എല്ലാവരും രക്ഷാപ്രവർത്തകരുടെ നിർദേശങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞതു കേരളം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. മേപ്പാടി, നിലമ്പൂർ എന്നീ മേഖലകളിലാണു കൂടുതൽ പ്രശ്നങ്ങളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തോടുള്ള യുദ്ധവിജയത്തിന്റെ ഈ ഒന്നാം വാർഷികം നമുക്കു കൂടുതൽ ആത്മവിശ്വാസമാണു നൽകുന്നതെന്നതു മറക്കാതിരിക്കാം. ഈ മഴക്കലിക്കു കേരളത്തെ തോൽപിക്കാനാവില്ലെന്ന് കൈകോർത്ത്, മെയ് ചേർത്ത്, ഒരേ സ്വരത്തിൽ നമുക്കു പ്രഖ്യാപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com