ADVERTISEMENT

മഴക്കെടുതിയിൽ നഷ്ടങ്ങളേറെയുണ്ടായ കർഷകരുടെ ആശങ്കയിലേക്കാണ് ഇന്നു കർഷകദിനം കടന്നുവരുന്നത്. കഴിഞ്ഞ മഹാപ്രളയത്തിലുണ്ടായ കനത്ത നാശത്തിനുശേഷം അത്യധികം ക്ലേശിച്ചു പുതുജീവിതത്തിലേക്കു തിരിച്ചുവരവിനൊരുങ്ങുന്ന കർഷകരിൽ ഒട്ടേറെപ്പേരെ മഴക്കലിയുടെ കൊടുംകെടുതി തകർത്തുകളഞ്ഞു. ഇപ്പോഴത്തെ മഴക്കെടുതികളിൽ സംസ്ഥാനത്ത് ഏകദേശം 1170 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന കൃഷിവകുപ്പിന്റെ കണക്കിനോടൊപ്പം, നമ്മുടെ ഒട്ടേറെ കർഷകരുടെ മാഞ്ഞുപോയ ഹരിതസ്വപ്നങ്ങളുമുണ്ട്. ഇന്നലെ വരെയുള്ള കണക്കുപ്രകാരം, വിവിധ മേഖലകളിലെ 1,22,326 കർഷകർക്കാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഇത്തവണ കൃഷി നഷ്ടമായത്.

കുത്തിയൊലിച്ച ജലം ജീവിതസാഹചര്യങ്ങളാകെ തകർത്തുകളഞ്ഞ കൃഷിക്കാരന്റെ തിരിച്ചുവരവ് മറ്റുള്ളവരെക്കാൾ ദുഷ്കരമാണെന്നതാണു സത്യം. സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകൾ വേണ്ടരീതിയിൽ യാഥാർഥ്യമായില്ലെന്നു മാത്രമല്ല, പല പ്രതിസന്ധികളും കർഷകരുടെ മുന്നിലെത്തുകയും ചെയ്തു. വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ നമ്മുടെ കർഷകരിൽ വലിയൊരു പങ്കും എങ്ങനെ ജീവിതത്തെയും കൃഷിയെയും നേരിടണമെന്നറിയാതെ അന്തിച്ചുനിൽക്കുകയാണ് ഇപ്പോൾ.

സംസ്ഥാനത്ത് 31,330 ഹെക്ടറിലെ കൃഷി നശിച്ചുകഴി‍ഞ്ഞു. കഴിഞ്ഞ പ്രളയത്തിലെന്ന പോലെ നെൽക്കൃഷിക്കാണ് ഇത്തവണയും വ്യാപകനാശം. കാർഷികവിളകളുടെ വിലത്തകർച്ചയിൽ ചെറുകിട കർഷകർക്കു താങ്ങായിരുന്ന ക്ഷീരോൽപാദനരംഗത്തും വലിയ നാശമാണുണ്ടായത്. കേരളത്തിലെ മഴയ്ക്കൊപ്പം തമിഴ്നാട്ടിലും കർണാടകയിലും മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ അവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞിട്ടുണ്ട്. മഴ കനത്തുനിന്നാൽ പച്ചക്കറിവില കുത്തനെ ഉയരുമെന്ന ആശങ്കയുമുണ്ട്.

മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും മൂലമുള്ള ഉൽപാദനനഷ്ടം കൂടി പരിഗണിക്കുമ്പോൾ ഇതുവരെ കണക്കാക്കിയതിലും എത്രയോ കനത്ത ആഘാതമാണു കൃഷിമേഖലയെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷമുണ്ടായ കാലാവസ്ഥാവ്യതിയാനത്തിൽ എല്ലാ വിളകളും രോഗഭീഷണിയിലാവുകയുണ്ടായി. കുരുമുളകിനു ദ്രുതവാട്ടവും കമുകിനും നേന്ത്രവാഴയ്ക്കും മഞ്ഞളിപ്പും വ്യാപകമാവുകയും ചെയ്തു. ഇപ്പോഴത്തെ ദുരന്താനന്തരവും രോഗങ്ങൾ നമ്മുടെ കൃഷിയിടങ്ങളെ ആക്രമിച്ചേക്കാം. ഈ ദുർഘടസാഹചര്യത്തിലും കർഷക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

വിള ഇൻഷുർ ചെയ്ത കർഷകർക്കു നഷ്ടപരിഹാരത്തുകയിൽ ആനുപാതിക വർധനയുണ്ടാകും. കഴിഞ്ഞ പ്രളയകാലത്ത് 50 ശതമാനത്തിലധികമുള്ള നെൽക്കൃഷി നാശം പൂർണ നാശനഷ്ടമായി കണക്കാക്കി വിള ഇൻഷുറൻസ് പദ്ധതിപ്രകാരം നഷ്ടപരിഹാരം നൽകിയിരുന്നു. ഇൻഷുറൻസ് പദ്ധതി വ്യാപകമാക്കാനും അതിൽനിന്നു 

പൂർണഫലം കർഷകർക്കു ലഭിക്കാനുമുള്ള  ശ്രദ്ധ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കൃഷിവായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബർ 31ന് അപ്പുറത്തേക്കു നീട്ടിക്കിട്ടാനും നടപടി വേണം. സ്വർണപ്പണയ കൃഷിവായ്പ പദ്ധതിയുടെ പ്രയോജനം അർഹരായ എല്ലാ കൃഷിക്കാർക്കും ലഭിക്കത്തക്കവിധം നടപടി ഉണ്ടാകണം. കുറ‍ഞ്ഞ പലിശയ്ക്കു വായ്പ കർഷകർക്കു ലഭ്യമാകാതെവന്നാൽ, ഗ്രാമങ്ങളിൽ കൊള്ളപ്പലിശക്കാരുടെ പിടി മുറുകുകയാവും ഫലം.

കഴിഞ്ഞ പ്രളയാനന്തരം കൂടുതൽ ദുരിതമനുഭവിച്ച മേഖലകൾക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളിൽ നിരുത്തരവാദിത്തത്തിന്റെ മട വീണുകഴിഞ്ഞു. ഇപ്പോഴത്തെ ദുരന്തത്തെത്തുടർന്നും പാക്കേജുകൾ പ്രഖ്യാപിച്ചേക്കാം. കർഷകജീവിതം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ പ്രഖ്യാപനങ്ങൾ വെറുംവാക്കാകാതിരിക്കാനുള്ള ആത്മാർഥതയും ശ്രദ്ധയും സർക്കാർ കാണിച്ചേതീരൂ. കർഷകർക്കു വഴികാട്ടാനും തുണനൽകാനും സർക്കാരും ബന്ധപ്പെട്ട വികസന ഏജൻസികളും ഉദ്യോഗസ്ഥരും ആത്മാർഥമായി മനസ്സുവയ്ക്കണം. നമ്മുടെ കർഷകരുടെ ഹൃദയവിലാപം പാഴായിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com