ADVERTISEMENT

കേരളത്തിലെ മഴയൊന്നും തമിഴ്നാട്ടിലില്ല. കേരളത്തോടു ചേർന്നുകിടക്കുന്ന ചില ജില്ലകളിൽ മഴക്കെടുതിയുണ്ടെങ്കിലും ചെന്നൈയിലൊക്കെ ഇപ്പോഴും മഴയ്ക്കുവേണ്ടിയുള്ള പ്രാർഥനയാണ്. പക്ഷേ, മഴ ആവശ്യത്തിനില്ലെങ്കിലും സംസ്ഥാനത്തു പ്രളയമുണ്ട് – മഴവെള്ള സംഭരണപദ്ധതികളുടെ പ്രളയം. മന്ത്രി എസ്.പി.വേലുമണിയാണ് ആദ്യ തുള്ളി പെയ്തിട്ടത്. മന്ത്രി നാട്ടുകാരെ മഴവെള്ള സംഭരണത്തിന് ഉദ്ബോധിപ്പിക്കുന്ന റെയിൻവാട്ടർ ഹാർവെസ്റ്റിങ് ചാലഞ്ച് ചാനലുകളിലും തിയറ്ററുകളിലും നിറഞ്ഞോടുന്നു. 52 മിനിറ്റ് വിഡിയോയിൽ പച്ച ടിഷർട്ടണിഞ്ഞ്, നെറ്റിയിൽ കുങ്കുമം ചാർത്തിയാണു മന്ത്രി പ്രത്യക്ഷപ്പെടുന്നത്. പറയുന്നതു മഴവെള്ള സംഭരണത്തെക്കുറിച്ചാണെങ്കിലും കണ്ണ് രണ്ടുവർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണെന്നു ശത്രുക്കൾ പറഞ്ഞു തുടങ്ങി.

ജയലളിതയുടെ കാലത്തായിരുന്നെങ്കിൽ മന്ത്രിമാർ ടിവിയിൽ പ്രത്യക്ഷപ്പെടുന്നതൊക്കെ സങ്കൽപിക്കാവുന്നതിനപ്പുറത്തായിരുന്നു. മുഖം കാണിക്കുന്നതു പോകട്ടെ, മന്ത്രിമാർ പത്രം വായിച്ചിരുന്നതുതന്നെ താനിപ്പോഴും മന്ത്രിസഭയിലുണ്ടെന്ന് ഉറപ്പാക്കാനായിരുന്നത്രെ !

ആ കാലമൊക്കെ ഇങ്ങിനി മടങ്ങിവരാത്തവണ്ണം കടന്നുപോയെന്ന് എടപ്പാടി കെ.പളനിസാമിക്ക് അറിയാം. പദ്ധതിയെ നേരിടാനുള്ള ഫലപ്രദമായ വഴി മറ്റൊരു പദ്ധതിയാണെന്നു കർഷകനായ അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. വേലുമണിയുടെ ചാലഞ്ച് ഹിറ്റായതിനു പിന്നാലെ, എടപ്പാടി അടുത്ത ജലസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചു. പേരിനു തന്നെയുണ്ടൊരു ഗാംഭീര്യം- തമിഴ്നാട് വാട്ടർ റിസോഴ്സസ് കൺസർവേഷൻ ആൻഡ് ഓഗ്‌മെന്റേഷൻ മിഷൻ. ഭരണപക്ഷമിങ്ങനെ തേങ്ങയുടയ്ക്കുമ്പോൾ പ്രതിപക്ഷം ചിരട്ടയെങ്കിലും ഉടയ്ക്കാതെങ്ങനെ?ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിൻ സംസ്ഥാന ജലസംരക്ഷണ ജാഥയ്ക്കൊരുങ്ങുന്നുവെന്നാണു റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിനു മുൻപ് എത്ര ‘വെള്ളംകളി’ കാണാനിരിക്കുന്നു?

ഞങ്ങളെങ്ങനെ പഠിക്കും?

തൃശൂർ ഡിസിസി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പൊളിറ്റിക്കൽ സ്കൂൾ പൂട്ടി. പൂട്ടാനുള്ള കാരണങ്ങളിലൊന്നാണു രസകരം. ക്ലാസെടുത്തവർ പഠിപ്പിച്ചത് അതേപടി അനുസരിക്കാൻ ശിഷ്യർക്കു മാർഗമില്ല. പാർട്ടിപത്രത്തിൽ വരുന്ന എഡിറ്റോറിയൽ ദിവസവും വായിക്കണമെന്നായിരുന്നു അധ്യാപകനായ ഡോ. പി.വി.കൃഷ്ണൻ നായർ പഠിപ്പിച്ചത്. ശിഷ്യർക്ക് അതനുസരിക്കാൻ നിർവാഹമില്ലാതായി. കാരണം ഡിസിസി ഓഫിസിൽ പത്രം കിട്ടാനില്ല.

മറ്റു ജില്ലകളിൽനിന്നു വ്യത്യസ്തമായി തൃശൂരിൽ ഡിസിസിക്കാണ് പത്രത്തിന്റെ ജില്ലാ എഡിഷന്റെ നടത്തിപ്പ്. അച്ചടിക്കാൻ പണം നൽകേണ്ടതും ഡിസിസിയാണ്. എന്നാൽ, പൊളിറ്റിക്കൽ സ്കൂളിൽ ഹാജർവിളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്രത്തിന്റെ തൃശൂർ എഡിഷൻ പൂട്ടി. അച്ചടിക്കാൻ ഡിസിസി ഫണ്ട് കൊടുത്തില്ല. ജൂൺ എട്ടിനു പത്രം അച്ചടി നിർത്തി. ഡിസിസിയിൽ പത്രം കിട്ടാതെയുമായി. പിന്നെങ്ങനെ പൊളിറ്റിക്കൽ സ്കൂളിലെ വിദ്യാർഥികൾ മുഖപ്രസംഗം വായിക്കും. രണ്ടുമാസമാണ് സ്വന്തം പാർട്ടിയുടെ മുഖപത്രമില്ലാതെ ജില്ലാ കമ്മിറ്റി ഓഫിസ് ‘പ്രവർത്തിച്ചത്’. ആശാൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന പൊളിറ്റിക്കൽ ശിഷ്യർ മുഖപ്രസംഗം വായിക്കാനാവാതെ വീർപ്പുമുട്ടി ക്ലാസിൽ വരാതായി. കൊച്ചി എഡിഷൻ പത്രം രണ്ടാഴ്ചയായി കാശുകൊടുത്തു വാങ്ങുന്നുണ്ട്. പക്ഷേ, സ്കൂളിൽ കുട്ടികളില്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com