ADVERTISEMENT

എങ്ങനെ ജീവിക്കുന്നു എന്നത് എന്തിനുവേണ്ടി ജീവിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പണത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ ഏതു വിധേനയും പണമുണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കും. അവിടെ വഴികളും പദ്ധതികളും അപ്രസക്തമാണ്. പ്രശസ്തി ആഗ്രഹിക്കുന്നവർ എല്ലാം ചെയ്യുന്നത് നാലാൾ കാണുന്ന വിധത്തിലായിരിക്കും.

ഉദാത്തമായ സത്കർമങ്ങൾ മാത്രം ലക്ഷ്യമിടുന്നവർ ആരാലും ശ്രദ്ധിക്കപ്പെടാതെ അണിയറയുടെ ഏതെങ്കിലും കോണിലുണ്ടാകും. ഒരാളുടെ ദിനവൃത്താന്തം അറിഞ്ഞാൽ അയാളുടെ മനോഭാവവും മഹനീയതയും വളരെ വ്യക്തമായി തിരിച്ചറിയാം. ഗുണനിലവാരമുള്ള ജീവിതത്തിന് മികച്ച ദർശനങ്ങളും സത്യസന്ധമായ നിത്യാനുഷ്‌ഠാനങ്ങളും ഉണ്ടാകണം.

അവനവൻ ജീവിക്കുന്ന ലോകം എല്ലാവരുടേതും കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഉത്തരവാദിത്തപൂർണമായ പെരുമാറ്റം ഉണ്ടാകുന്നത്. ‘തനിക്കുവേണ്ടി മാത്രമായി’ സൃഷ്‌ടിക്കപ്പെടുന്ന ലോകത്ത് ആരും ആരുടെയും കാവൽക്കാരനല്ല. യജമാന മനോഭാവത്തിന്റെ സിംഹാസനത്തിലിരുന്ന് സ്വന്തം പരിസരത്തെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ച് സ്വയം നിയമങ്ങൾ ഉണ്ടാക്കി ജീവിക്കും. ചെയ്യുന്ന ദുഷ്കർമങ്ങൾ തന്നിലേക്കുതന്നെ തിരിച്ചെത്തുമെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും അവർക്കുണ്ടാകില്ല.

ഒരാളുടെ ശരീരവും മനസ്സും അയാൾ ജീവിക്കുന്ന ചുറ്റുപാടിനോടു കടപ്പെട്ടിരിക്കുന്നു. മതിലുകെട്ടി മാലിന്യവും വിഷവും വിതറുന്നവർക്ക് മതിലിനു മുകളിലും മണ്ണിനടിയിലുമുള്ള പരിസരത്തെക്കുറിച്ച് എന്തറിയാം. വായുവിനും ജലത്തിനും മതിലുകെട്ടാനാകില്ലെന്ന് ഇവരെ ആരു പഠിപ്പിക്കും? സമ്പാദ്യം പ്രലോഭനമാകുമ്പോൾ സന്മാർഗം തിരിഞ്ഞുനടക്കും. എങ്ങനെ ജീവിക്കണം എന്നത് സ്വന്തം തീരുമാനമാണ്. പക്ഷേ, അത് എങ്ങനെയും ജീവിക്കാം എന്നതിനുള്ള ലൈസൻസല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com