ADVERTISEMENT

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) യാഥാർഥ്യമാകുന്നത് എപ്പോഴാണെന്നു സംസ്ഥാനത്തെ 11 ലക്ഷം കുടുംബങ്ങൾ ആശങ്കയോടെ ചോദിക്കുകയാണ്. 

കഴിഞ്ഞ ഡിസംബറിൽ മെഡിസെപ് ആരംഭിക്കുമെന്നാണു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പിന്നെ, ജൂണിൽ തുടങ്ങുമെന്നായി 

ഉറപ്പ്. എന്തു സംഭവിച്ചാലും ഓഗസ്റ്റ് 15നു തന്നെയെന്ന് ഏറ്റവുമൊടുവിൽ പറഞ്ഞു. ഇന്ന് ഓഗസ്റ്റ് പത്തൊൻപതാം തീയതിയാണ്. ജനകീയ വാഗ്ദാനങ്ങൾപോലും പാലിക്കാൻ സർക്കാരിനു സാധിക്കാത്തത് എന്തുകൊണ്ടാണ്? മെഡിസെപ് വരുന്നതും പ്രതീക്ഷിച്ചിരിക്കുന്നത് ഒട്ടേറെപ്പേരാണ്. ഡോക്ടർമാർ ചെലവേറിയ ശസ്ത്രക്രിയകൾ ശുപാർശ ചെയ്തിട്ടും അതിനു തയാറാകാതെ, മെഡിസെപ് നടപ്പായശേഷം ശസ്ത്രക്രിയ നടത്താൻ കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മെഡിസെപ് നടപ്പാകുന്ന വാർത്ത കാത്തിരുന്നവർ പക്ഷേ അറിഞ്ഞത്, പദ്ധതി തന്നെ മുങ്ങുന്നുവെന്ന വിവരമാണ്. 

റിലയൻസ് ജനറൽ ഇൻഷുറൻസിനാണ് മെഡിസെപ്പിന്റെ കരാർ ലഭിച്ചത്. ഒരു അംഗം വർഷം 5000 രൂപയിലേറെ പ്രീമിയമായി നൽകണമെന്ന് ടെൻഡറിൽ പങ്കെടുത്ത മറ്റ് ഇൻഷുറൻസ് കമ്പനികൾ നിർദേശിച്ചപ്പോൾ, ഒരു അംഗം വർഷം 2992.48 രൂപ നൽകിയാൽ പദ്ധതി നടപ്പാക്കാമെന്നാണു റിലയൻസ് നിർദേശിച്ചത്. ഒരു കുടുംബത്തിനു മൂന്നു വർഷത്തേക്ക് ആറു ലക്ഷം രൂപയുടെ പരിരക്ഷയാണു നൽകുന്നത്. റിലയൻസിനെ മെഡിസെപ് ഏൽപിക്കാൻ തീരുമാനിച്ച സർക്കാർ, അംഗങ്ങളിൽ നിന്നു പ്രീമിയം ഇനത്തിൽ മാസം 250 രൂപ വീതം ഈടാക്കാനും നിശ്ചയിച്ചു. 

മെഡിസെപ്പിലേക്ക് ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ചുമതല റിലയൻസിനാണ്. ഇതുവരെ 104 ആശുപത്രികളെ മാത്രമാണ് ഉൾപ്പെടുത്താനായത്. നഗരങ്ങളിൽ പോലും മികച്ച ആശുപത്രികൾ കണ്ടെത്താൻ അവർക്കു സാധിച്ചില്ല. ചില സൂപ്പർ, മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളെ ഉൾപ്പെടുത്തിയെങ്കിലും ആ ആശുപത്രികളിലെ എല്ലാ ചികിത്സാവിഭാഗങ്ങളിലും മെഡിസെപ് ബാധകമാക്കിയതുമില്ല. കൂടുതൽ ആശുപത്രികളെ ചേർക്കാൻ ധനവകുപ്പു കൂടി ഇടപെടാമെന്നു പറഞ്ഞെങ്കിലും അതും ഫലവത്തായില്ല.

സാധാരണക്കാർക്കുള്ള സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി (കാസ്പ്), മെഡിസെപ് എന്നിവ നടപ്പാക്കുന്നതിനു മുൻപുതന്നെ ചികിത്സാനിരക്കുകൾ നിശ്ചയിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. പക്ഷേ, ഈ നിരക്കുകൾ അംഗീകരിക്കാനാവില്ലെന്നു സ്വകാര്യ ആശുപത്രികൾ പറയുന്നു. മെഡിസെപ്പിലെ നിരക്ക് അംഗീകരിച്ചാൽ സ്വാഭാവികമായി ഇതര രോഗികളുടെ ചികിത്സയ്ക്കും ആ നിരക്കു ബാധകമാക്കേണ്ടിവരും. 

മെഡിസെപ്പിനെ തകർക്കാൻ മറ്റ് ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ജീവനക്കാരും പെൻഷൻകാരും ഇപ്പോൾ ഈ കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളാണ്. കുറഞ്ഞ പ്രീമിയത്തിൽ മെഡിസെപ് വരുമ്പോൾ നിലവിലുള്ള കമ്പനികളെ ഇവർ ഉപേക്ഷിക്കുമെന്നതിനാലാണ് അണിയറനീക്കങ്ങളെന്നാണ് ആക്ഷേപം. ഇതിനകം ചേർന്ന ആശുപത്രികളുടെ എണ്ണത്തിലുള്ള കുറവും പദ്ധതിക്കായി സർക്കാർ സമിതി നിശ്ചയിച്ച ചികിത്സാനിരക്ക് വർധിപ്പിക്കണമെന്ന ആശുപത്രികളുടെ ആവശ്യത്തിൽ റിലയൻസിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും പദ്ധതിക്കു വലിയ വെല്ലുവിളി തന്നെയാണ്. 

ഈ പദ്ധതി കാത്തിരിക്കുന്നവരുടെ മനസ്സിൽ ചോദ്യങ്ങൾ പലതുണ്ട്: റിലയൻസിനെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിക്കുമോ? ഇപ്പോഴത്തെ കുരുക്കുകൾ ഒഴിവാക്കി മുന്നോട്ടുപോകുമോ? ടെൻഡർ റദ്ദാക്കിയാൽ പുതിയ ടെൻഡർ ഉറപ്പിക്കാൻതന്നെ പിന്നെയും മൂന്നു മാസമെങ്കിലും വേണം. അതിൽ പങ്കെടുക്കുന്ന കമ്പനികൾ ഉയർന്ന നിരക്ക് നിർദേശിച്ചാൽ പ്രീമിയവും വർധിക്കും. 

ശസ്ത്രക്രിയകൾ മാറ്റിവച്ചുപോലും കാത്തിരിക്കുന്നവരടക്കമുള്ളവരുടെ അവസ്ഥ സർക്കാർ മനസ്സിലാക്കിയേതീരൂ. സംസ്ഥാനത്തെ 11 ലക്ഷം കുടുംബങ്ങൾ കാത്തിരിക്കുന്ന ജനകീയപദ്ധതി എത്രയും വേഗം യാഥാർഥ്യമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com