ADVERTISEMENT

ശ്രീറാം വെങ്കിട്ടരാമൻ അറിഞ്ഞുകൊണ്ട് ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കാത്ത മനുഷ്യനാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പൊലീസുകാരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹം ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അതു മനസാ വാചാ കർമണാ അറിയാതെയായിരിക്കും. അറിഞ്ഞു കൊണ്ടാണെങ്കിൽ തന്നെ അത് അദ്ദേഹം അടുത്ത നിമിഷം മറന്നിരിക്കും. 

റിട്രോഗ്രേഡ് അംനീഷ്യ എന്നാണത്രെ ഈ കടുത്ത രോഗത്തിന്റെ പേർ. വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ കമ്പോടുകമ്പു പരതിയാണു മെഡിക്കൽ ബോർ‍ഡിലെ വിദഗ്ധ ഡോക്ടർമാർ ഈ കനപ്പെട്ട പേർ കണ്ടെത്തിയത്. ഹൈലോക്രിയസ് ഹെമിട്രാഗസ് ഒഗിൽവി എന്നാണ് ആദ്യം രോഗത്തിന്റെ പേരായി നിർദേശിക്കപ്പെട്ടത്. മെഡിക്കൽ ബോർഡിൽ ഉണ്ടായിരുന്ന ഒരു മൃഗഡോക്ടർ അതു വരയാടിന്റെ ശാസ്ത്രീയ നാമമാണെന്നു ചൂണ്ടിക്കാട്ടിയതുകൊണ്ടു മാത്രമാണു മെഡിക്കൽ ബോർഡ് റിട്രോഗ്രേഡ് അംനീഷ്യ എന്ന സെക്കൻഡ് ക്വാളിറ്റി രോഗം മതിയെന്നു തീരുമാനിച്ചത്. 

ഈ രോഗം ശ്രീറാം വെങ്കിട്ടരാമനു കലശലാണെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്ത പൊലീസുകാരും സമ്മതിക്കുന്നു. 

അപകടമുണ്ടായ ദിവസം രാത്രി താങ്കൾ വഫയെ വിളിച്ചിരുന്നോ എന്നു പൊലീസ് ഓഫിസർ ചോദിച്ചപ്പോൾ വൈഫൈയോ, ഞാൻ വൈഫൈ ഉപയോഗിക്കാറില്ല എന്നാണു ശ്രീറാം മറുപടി നൽകിയത്. 

മറവി ഒരു രോഗമല്ല, അനുഗ്രഹമാണെന്ന വാദവുമുണ്ട്. എന്തായാലും ഈ സംഭവത്തിൽ അംനീഷ്യ ശരിക്കും അനുഗ്രഹം തന്നെയായി. അദ്ദേഹത്തിന്റെ നാക്കു കുഴയുന്നുണ്ടായിരുന്നുവെന്നാണു സംഭവസ്ഥലത്ത് ആദ്യമെത്തിയ ദൃക്സാക്ഷി പൊലീസിനോടു പറഞ്ഞതെന്നും കേൾക്കുന്നു. ഇതു മദ്യപിച്ചതു കൊണ്ടല്ലെന്നും മറവിരോഗം മൂലമാണെന്നും കണ്ടെത്താൻ പൊലീസിന്റെയോ മെഡിക്കൽ ബോർഡിന്റെയോ ആവശ്യമൊന്നുമില്ല. റിട്രോഗ്രേഡ് അംനീഷ്യ വന്നാൽ ആദ്യം മറക്കുന്നതു മാതൃഭാഷയുടെ അക്ഷരമാലയാണ്. 

‘അ’ എന്നു പറഞ്ഞാൽ അമ്മയെന്നും ‘ആ’  എന്നു പറയുമ്പോൾ ആനയെന്നും തോന്നണമെങ്കിൽ അൽപസ്വൽപം ബോധം വേണം. ബോധമില്ലാത്തവരോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിനു പൊലീസ് മാന്വലിൽ വിലക്കുണ്ട്. ശ്രീറാം വെങ്കിട്ടരാമനു ബോധമുണ്ടായിരുന്നില്ല എന്ന കാര്യത്തിൽ പൊലീസിനും മെഡിക്കൽ ബോർഡിനും ഒരു സംശയവുമുണ്ടായിരുന്നില്ല. 

ഏതായാലും റി‍ട്രോഗ്രേഡ് അംനീഷ്യ  എന്ന ഒറ്റപ്രയോഗത്തിൽ ശ്രീറാം വെങ്കിട്ടരാമനെ മുജ്ജൻമകാലത്തു ചെയ്ത കുറ്റകൃത്യങ്ങളിൽ നിന്നു പോലും  കുറ്റവിമുക്തനാക്കാൻ ഏതു കോടതിയും നിർബന്ധിതമാകും. അതിന് അരങ്ങൊരുക്കുകയെന്ന കുറ്റം മാത്രമേ കേരള പൊലീസ് ചെയ്തിട്ടുള്ളൂ.  

‘ഈ വീട് പാർട്ടി  നിരീക്ഷണത്തിലാണ്’ 

കേരളത്തിലെ മിക്കവാറും എല്ലാ വീടുകൾക്കു മുന്നിലും ‘ഈ വീട് (സിപിഎം) ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ബോർഡ് സമീപഭാവിയിൽ പ്രത്യക്ഷപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. ഇവിടെ ചവർ തള്ളാൻ പാടില്ലെന്നു കൂടി ബോർഡിൽ എഴുതിവച്ചാൽ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും ഒരു തീരുമാനമാകും. 

സംസ്ഥാനത്തെ ഒരോ വീടിനെയും നിരീക്ഷിക്കാൻ സിപിഎം നിരീക്ഷകരെ നിയോഗിക്കാൻ പോകുകയാണത്രെ. ഇതിനെതിരെ ആദ്യ പ്രതിഷേധം ഉയർന്നതു കമ്യൂണിസ്റ്റ് ഭരണത്തിലുള്ള അപൂർവം രാജ്യങ്ങളിലൊന്നായ നേപ്പാളിൽ നിന്നാണ്. ഇന്ത്യയിൽ സെക്യൂരിറ്റി ജോലി ചെയ്തു ജീവിതം കഴിക്കുന്നവരിൽ നല്ലൊരു പങ്കും നേപ്പാളിൽ നിന്നു വരുന്ന ഗൂർഖകളാണല്ലോ? 

വീടുകൾ 24x7 സിപിഎം ക്യാമറയുടെ നിരീക്ഷണത്തിലാണെങ്കിൽ എന്തിനു വെറുതെ ഗൂർഖകൾക്കു മാസാമാസം അമ്പതോ നൂറോ കൊടുത്തു പാഴാക്കണം? ഗൂർഖകളാണെങ്കിൽ കള്ളൻമാരെ പിടിക്കുകയേയുള്ളൂ. സിപിഎം നിരീക്ഷകരാണെങ്കിൽ വീട്ടിനു മുന്നിൽ നടക്കുന്ന സർവകാര്യങ്ങളും ക്യാമറയിൽ റെക്കോർഡ് ചെയ്ത് എകെജി സെന്ററിലെ മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അയയ്ക്കും. പിന്നെ ഏതു കാര്യത്തിനും എകെജി സെന്ററിനെ ആശ്രയിച്ചാൽ മതി.

 തെറ്റിദ്ധരിക്കപ്പെട്ട എംഎൽഎ

പി.വി.അൻവർ എംഎൽഎ ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തിനു പരിസ്ഥിതികാര്യങ്ങളിലുള്ള പിടിപാട് മാധവ് ഗാഡ്‌ഗിലോ കസ്തൂരിരംഗനോ ചോദ്യം ചെയ്തിട്ടില്ല. നിലമ്പൂരിലേക്കു വരുന്ന മഴമേഘങ്ങളെ ജപ്പാൻകാർ അടിച്ചുമാറ്റി അവിടെ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യ അറിയുന്ന അപൂർവം മലയാളികളിൽ ഒരാളാണ് അൻവർ സായ്‌വ്. 

നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിൽ ചുഴലിക്കാറ്റു വീശിയപ്പോൾ ‘ബനാന സർ, കുലച്ചത് 3143, കുലയ്ക്കാത്ത ബനാന 5123 സർ, കോക്കനട് സർ കുലച്ചത് 3245 സർ, കുലയ്ക്കാത്തതു സർ 1234 സർ, അരിക്കനട് സർ....’ എന്ന് അതിദീർഘമായി ആര്യാടൻ സായ്‌വ് നിയമസഭയിൽ പ്രസംഗിച്ചിട്ടുണ്ട്.

അൻവർ സായ്‌വ് വിചാരിച്ചാലും അര ആര്യാടൻ സായ്‌വാകാൻ പറ്റും. പരിസ്ഥിതി, ക്വാറി, വാട്ടർ തീം പാർക്, ചെക് ഡാം എന്നിവയിലെ അവസാന വാക്കാണ് അൻവർ സായ്‌വ്. അതുകൊണ്ടാണ് അദ്ദേഹം ചീങ്കണ്ണിപ്പാറയിൽ തടയണ കെട്ടിയതും കവളപ്പാറയിൽ ഉരുൾപൊട്ടിയതിനെക്കുറിച്ചോർത്തു ഗദ്ഗദകണ്ഠനായതും. 

സ്റ്റോപ് പ്രസ്: ഉപതിരഞ്ഞെടുപ്പിൽ ബന്ധുക്കൾക്കു സീറ്റ് നൽകണമെന്നു കർണാടകയിലെ അയോഗ്യരാക്കപ്പെട്ട ജനതാദൾ, കോൺഗ്രസ് വിമതർ.

ആശ്രിത നിയമനത്തിന്റെ ഗുണങ്ങൾ അടുത്തകാലത്തു കോൺഗ്രസിനു ബോധ്യപ്പെട്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com