ADVERTISEMENT

ദിവസവും മൂന്നുനേരം നിസ്സാര തുകയ്ക്കു നല്ല ഭക്ഷണം ലഭിച്ചുകൊണ്ടിരുന്ന ബെംഗളൂരു നഗരത്തിലെ ‘ഇന്ദിര കന്റീനുകൾ’, കർണാടക സർക്കാർ മാറിയതോടെ തരംതാഴ്ത്തൽ ഭീഷണിയിലാണ്. ബെംഗളൂരു കോർപറേഷനിലെ 100 കന്റീനുകളുടെ നടത്തിപ്പ് കോൺഗ്രസ് മേയറുടെ നിയന്ത്രണത്തിലാണെങ്കിലും മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, സർക്കാർ സബ്‌സിഡിയോടെ പ്രത്യേക കെട്ടിടത്തിലോ മൊബൈൽ വാനുകളിലോ പ്രവർത്തിക്കുന്ന കന്റീനുകളുടെ പ്രവർത്തനം പുനഃപരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കന്റീനുകളുടെ പേര് എന്തായാലും മാറും. കാരണം, ഒട്ടേറെ ക്ഷേമപദ്ധതികൾ നെഹ്റു – ഗാന്ധി കുടുംബത്തിലെ നേതാക്കളുടെ പേരിലാണെന്നു ബിജെപിക്ക് ആക്ഷേപമുണ്ട്. 

കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ പ്രിയ പദ്ധതിയായിരുന്നു ഇത്. പക്ഷേ, പാവപ്പെട്ട തൊഴിലാളികൾക്കും ചേരിനിവാസികൾക്കും നിസ്സാര തുകയ്ക്കു 3 നേരം ഭക്ഷണം നൽകിയിരുന്ന പദ്ധതിയും, വോട്ട് കിട്ടാനുള്ള തന്ത്രം മാത്രമായാണു ബിജെപി കണ്ടത്‌. ഇന്ദിര കന്റീനുകൾ അടച്ചുപൂട്ടുകയോ എണ്ണം കുറയ്ക്കുകയോ ചെയ്താൽ അതു വ്യക്തമാക്കുന്നത്, നേതാക്കളുടെ പേരിലുള്ള ജനക്ഷേമ പദ്ധതികളൊന്നും അവരുടെ കക്ഷിയുടെ ഭരണകാലത്തിനപ്പുറം പോകില്ല എന്നതാണ്. അയൽസംസ്ഥാനമായ ആന്ധ്രപ്രദേശിൽ, ചന്ദ്രബാബു നായിഡു സർക്കാർ കൊണ്ടുവന്ന ‘അണ്ണാ കന്റീൻ’ പദ്ധതി നിർത്തലാക്കിയതായി മുഖ്യമന്ത്രി വൈ. എസ്. ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കുദേശം പാർട്ടി സ്ഥാപകൻ എൻ.ടി.രാമറാവുവിനെ ജനങ്ങൾ വിളിച്ചിരുന്നത് അണ്ണാ എന്നാണ്. 

രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ ബിജെപി സർക്കാർ നടപ്പാക്കിയ ‘അന്നപൂർണ മൊബൈൽ കന്റീൻ’ പദ്ധതിയുടെ പ്രാധാന്യം കുറച്ചു. ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വലിയ ആഘോഷമായാണ് ജയ്പുരിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. സഞ്ചരിക്കുന്ന ഈ ഭക്ഷണശാലയുടെ പുറത്ത് വസുന്ധരയുടെ കൂറ്റൻ ചിത്രവും ഉണ്ടായിരുന്നു.

പക്ഷേ ഇതെല്ലാം, 2011ൽ തമിഴ്നാട്ടിൽ ജയലളിത നടപ്പാക്കിയ ‘അമ്മ കന്റീൻ’ പദ്ധതിയുടെ പകർപ്പുകൾ മാത്രമായിരുന്നു. ആദ്യം ചെന്നൈയിൽ ആരംഭിച്ച അമ്മ കന്റീൻ സംസ്ഥാനത്തെ മറ്റു പട്ടണങ്ങളിലേക്കും വിജയകരമായി വ്യാപിപ്പിച്ചു. അണ്ണാ ഡിഎംകെയുടെ ഒരു മേയർ 5 രൂപയ്ക്ക് ഉച്ചയൂണു നൽകുന്ന കന്റീൻ ആരംഭിച്ചതു കണ്ടു പ്രചോദിതയായാണ് ജയലളിത അമ്മ കന്റീനിനു രൂപംനൽകിയത്. അതു വൻ വിജയമായിരുന്നു. അതിനു മുന്നിൽ ഭക്ഷണത്തിനായി നീണ്ടനിര എന്നുമുണ്ടായിരുന്നു. ഈ പദ്ധതിയിലൂടെയാണ് ഡിഎംകെയുടെ ശക്തികേന്ദ്രമായ ചെന്നൈയിൽ ജയലളിത അവരെ വെല്ലുവിളിച്ചത്. 

കന്റീനുകൾ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മിന്നൽപരിശോധനയ്ക്കു ചെന്നൈ നഗരസഭാ ഉദ്യോഗസ്ഥരെയും തന്റെ വിശ്വസ്തരെയും ജയലളിത ചുമതലപ്പെടുത്തിയിരുന്നു. വാശിയേറിയ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ വിജയമുറപ്പാക്കിയതിലും അമ്മ കന്റീനു വലിയ പങ്കുണ്ടായിരുന്നു. എന്നാൽ, ജയലളിതയുടെ മരണശേഷം, അവരുടെ ചിത്രം പോക്കറ്റിൽ കുത്തിനടക്കുന്ന നേതാക്കൾക്കു കന്റീൻ നടത്തിപ്പ് നല്ലനിലയിൽ തുടരാൻ വലിയ താൽപര്യമുണ്ടായില്ല. ഭക്ഷണത്തിന്റെ നിലവാരം ഇടിഞ്ഞു, കന്റീനുകളുടെ എണ്ണവും വെട്ടിക്കുറച്ചു. ഇവയുടെ നടത്തിപ്പു പരിശോധിക്കാൻ പുതിയ മുഖ്യമന്ത്രി പളനിസാമി ഉത്സാഹം കാട്ടിയതുമില്ല. 

ക്ഷേമപദ്ധതി തുടങ്ങിവച്ചവരുടെ കാലം കഴിഞ്ഞിട്ടും അതു വിജയകരമായി തുടർന്നതിനും ഇപ്പോഴും തുടരുന്നതിനുമുള്ള ഏക ഉദാഹരണം, സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയാണ്. കോളനിഭരണകാലത്തു മദ്രാസ് പ്രവിശ്യയുടെ കീഴിലുള്ള സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം നൽകിയിരുന്നു. പിന്നീട് അതു നിർത്തലാക്കി. സ്കൂൾ വിദ്യാഭ്യാസം പാതിയിൽ മുടക്കേണ്ടിവന്ന കെ.കാമരാജ് മുഖ്യമന്ത്രിയായപ്പോഴാണു തമിഴ്നാട്ടിലെ സ്കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയത്. ‌എംജിആർ മുഖ്യമന്ത്രിയായപ്പോൾ അതു കുറച്ചുകൂടി വിശാലമാക്കി. കുട്ടികൾക്കു പോഷകാഹാരം ഉറപ്പാക്കാനായി പിന്നീട് കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതി ഏറ്റെടുത്തു. 

1995ൽ പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇതൊരു ദേശീയപദ്ധതിയായി പ്രഖ്യാപിച്ചത്. ഇതോടെ ഇതിനുള്ള ചെലവ് സംസ്ഥാനവും കേന്ദ്രവും പങ്കിടാൻ തുടങ്ങി. രാജ്യത്ത് ഒന്നു മുതൽ 10വരെ ക്ലാസുകളിലെ 12 കോടി വിദ്യാർഥികളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നു സർക്കാർ പറയുന്നു. 

ഇതേ നിലയിൽ ഏതെങ്കിലും കക്ഷിയുടെ സംസ്‌ഥാനത്തെ ജനപ്രിയപദ്ധതി എന്ന നിലയിൽനിന്ന് കാര്യക്ഷമമായ ദേശീയ പദ്ധതിയായി, നഗരങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സംവിധാനമായി ഇന്ദിര കന്റീനുകളെ പരിവർത്തനം ചെയ്യേണ്ടതുണ്ട്. കേന്ദ്രതലത്തിൽ നടപ്പാക്കിയാൽ മാത്രമേ, സംസ്ഥാനത്തു ഭരണം മാറുന്നതനുസരിച്ച് ഇവ നിർത്തലാക്കുന്നതും പ്രാധാന്യം കുറയ്ക്കുന്നതും തടയാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com