ADVERTISEMENT

ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെ പ്രൊഫൈൽ അവരുടെ ആധാറുമായി ബന്ധിപ്പിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഒരു കേസ് നടന്നുവരുന്നു. സമാനമായ കേസുകൾ ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും ഉണ്ടായിരുന്നു. ഈ കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹർജിയിൽ കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്രസർക്കാരിനും തമിഴ്നാട് സർക്കാരിനും ഗൂഗിൾ, യുട്യൂബ് തുടങ്ങിയ സ്ഥാപനങ്ങൾക്കും സുപ്രീം കോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു.

ഒരു രാജ്യത്തും നടപ്പാക്കാത്ത കാര്യമാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിബന്ധന. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവർ മുതൽ, ബ്ലൂവെയ്ൽ തുടങ്ങിയ കളികളിലൂടെ ജീവഹാനി ഉണ്ടാക്കുന്നവർ വരെ സമൂഹമാധ്യമങ്ങളിലെ ‘അജ്ഞാതനാമധാരികളിൽ’ ഉണ്ടെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. അഭിപ്രായ സ്വാതന്ത്ര്യം ഒരു അവകാശമാണെങ്കിൽ, ഓരോ വ്യക്തിക്കും സ്വത്വം വെളിപ്പെടുത്താനുള്ള കടമയും ഉണ്ടെന്ന് അവർ പറയുന്നു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് അറിയാം, അതിനുള്ളിൽ നടക്കുന്നതു ശുദ്ധമായ ആശയവിനിമയം മാത്രമല്ലെന്ന്.  അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാൻ രാഷ്ട്രീയപാർട്ടികൾ മുതൽ സിനിമാതാരങ്ങൾ വരെ അജ്ഞാതനാമധാരികളുടെ വലിയ സംഘങ്ങളെ പോറ്റുന്നു. ഇതിനു പുറമേയാണ് ‘ബോട്ടുകൾ’ എന്നു വിളിക്കുന്ന സോഫ്റ്റ്‌വെയർ മനുഷ്യരെപ്പോലെ പെരുമാറിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ വിഹരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ബുദ്ധിമുട്ടിക്കാൻ നടക്കുന്നവരും  സഭ്യതയുടെ അതിർവരമ്പു ലംഘിക്കുന്ന ഭാഷ ഉപയോഗിക്കുന്നവരും അനേകം.

thalsamayam
മേവൻ ബബകർ (വലത്ത്) എഗ്ബർട്ടിനെ കണ്ടുമുട്ടിയപ്പോൾ.

 പോരായ്മകൾ പലതുമുണ്ടെങ്കിലും, 21ാം നൂറ്റാണ്ടിൽ ആത്മാവിഷ്കാരത്തിനുള്ള ഏറ്റവും തുറന്ന വേദി സമൂഹമാധ്യമങ്ങൾ തന്നെയാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങൾക്ക്, സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച്, പലപ്പോഴും പേരു വെളിപ്പെടുത്തുക പ്രയാസമായിരിക്കും. പുരാതന റോമാസാമ്രാജ്യത്തിൽ ഏകാധിപതികളായ ഭരണാധികാരികൾ ജനവികാരം അറിഞ്ഞിരുന്നതു ചുമരെഴുത്തുകളിൽ കൂടിയായിരുന്നെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ ചുമരെഴുത്തുകളാണ് ട്വിറ്റർ, ഫെയ്സ്ബുക് തുടങ്ങിയവ.

മറ്റൊരു പ്രധാനപ്രശ്നം സ്വകാര്യതയുടേതാണ്. അജ്ഞാതനാമധാരികൾ പോകട്ടെ, പേരറിയാവുന്നവരുടെ സ്ഥിതി എന്താണ്? അത്തരത്തിലുള്ള ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഫെയ്സ്ബുക് ചോർത്തിക്കൊടുത്ത കാര്യം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് ആധാർ വിവരങ്ങൾ ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ കയ്യിൽ എത്രത്തോളം സുരക്ഷിതമായിരിക്കും എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

ലാൻസെറ്റ് പറഞ്ഞത് 

കശ്മീരിലെ സംഘർഷാവസ്ഥയെക്കുറിച്ച്, ലോകത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള വൈദ്യശാസ്ത്ര വാരിക ‘ദ് ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ ഇന്ത്യയിലെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമായ കശ്മീരിനെക്കുറിച്ച്, ശാസ്ത്രലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്ന ദ് ലാൻസെറ്റ് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നാണ് ഐഎംഎയുടെ നിലപാട്. 

1823ൽ പ്രസിദ്ധീകരണം ആരംഭിച്ച ദ് ലാൻസെറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായല്ല രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നതെന്ന് അതിന്റെ സ്ഥിരം വരിക്കാരായ ഡോക്ടർമാർ അറിയേണ്ടതാണ്. പാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും മനുഷ്യാവകാശ ലംഘനങ്ങളെയും ഇറാഖ് തുടങ്ങിയ സംഘർഷം നിലനിൽക്കുന്ന ഇടങ്ങളെയും കുറിച്ച് ആ വാരിക എഴുതിയിട്ടുണ്ട്. കശ്മീരിനെക്കുറിച്ചു മുഖപ്രസംഗം വന്ന അതേ ലക്കത്തിൽത്തന്നെ, ഈയിടെ യുഎസ് സാക്ഷിയാകേണ്ടിവന്ന കൂട്ടക്കൊലകളെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ ഭരണവും തീവ്ര വലതുപക്ഷവും വഹിക്കുന്ന പങ്കിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. 

അനുഛേദം 370ലെ ചില വ്യവസ്ഥകൾ റദ്ദാക്കിയതിനു ശേഷമുണ്ടായ നടപടികളെക്കാൾ, ദീർഘകാലമായി കശ്മീരിൽ നടന്നുവരുന്ന ഭീകരവാദ പ്രവർത്തനം മാനസികമായി തകർത്ത ജനതയ്ക്കു വേണ്ടിയിരുന്നത് പരിചരണമാണ് എന്നാണ് ദ് ലാൻസെറ്റ് എഴുതിയത്. ഒരു സമൂഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ഒരു വൈദ്യശാസ്ത്ര വാരികയ്ക്കു പറയാമല്ലോ.

ഗാസയിലെ യുദ്ധത്തെ വിമർശിച്ചുകൊണ്ട് 2014ൽ ദ് ലാൻസെറ്റ് എഴുതിയ മുഖപ്രസംഗത്തിൽ നയം വ്യക്തമാക്കിയിട്ടുണ്ട് – ‘ജീവിതത്തെ സംരക്ഷിക്കുക, അതിനെ പരിപാലിക്കുക, അതിനുവേണ്ടി ശബ്ദമുയർത്തുക, ഇതെല്ലാമാണ് ഒരു ഡോക്ടറുടെ കടമ. ഇവ തന്നെയാണ് വൈദ്യശാസ്ത്ര അനുകാലികത്തിന്റെയും ലക്ഷ്യം’. രാജ്യാതിർത്തികളെക്കാൾ മനുഷ്യജീവനു മുൻതൂക്കം നൽകുന്ന തൊഴിൽ ചെയ്യുന്നവർ അംഗങ്ങളായിട്ടുള്ള ഐഎംഎക്കും ഈ പറഞ്ഞതിനോട് എതിരഭിപ്രായം ഉണ്ടാകാൻ ഇടയില്ല.

മേവൻ കണ്ടെത്തി,ആ സ്നേഹമനുഷ്യനെ 

ട്വിറ്ററിൽ ഒരു അദ്ഭുതം എന്റെ കൺമുന്നിൽ സംഭവിച്ചു. കുറച്ചു ദിവസം മുൻപ്, ഓഗസ്റ്റ് 12ന്, ട്വീറ്റുകൾ അലസമായി നോക്കുന്നതിനിടെ മേവൻ എന്നു പേരുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ഈ ട്വീറ്റിൽ എന്റെ കണ്ണുടക്കി: ‘ഹേ ഇന്റർനെറ്റ്, ഇതൊരു കറക്കിക്കുത്തലാണ്. ഞാൻ 1990കളിൽ അഞ്ചു വർഷം അഭയാർഥിയായിരുന്നു.

നെതർലൻഡ്സിലെ സ്വലെ എന്ന അഭയാർഥിക്യാംപിൽ ജോലിചെയ്തിരുന്ന ഒരാൾ, അയാളുടെ ഹൃദയത്തിലെ കനിവു കാരണം എനിക്കൊരു സൈക്കിൾ വാങ്ങിത്തന്നു. സന്തോഷം കാരണം എന്റെ 5 വയസ്സു പ്രായമുള്ള ഹൃദയം പൊട്ടിത്തെറിച്ചു. എനിക്ക് അദ്ദേഹത്തിന്റെ പേരു മാത്രം അറിഞ്ഞാൽ മതി. സഹായിക്കാമോ?’ സൈക്കിൾ സമ്മാനിച്ച ആളുടെ അന്നത്തെ ചിത്രവും മേവൻ പോസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ആ ട്വീറ്റ് ജനം ഏറ്റെടുത്തു. പലരും സഹായകരമായ പല നിർദേശങ്ങളും മുന്നോട്ടുവച്ചു. അതിൽ ഏറ്റവും പ്രധാനം, ഡച്ച് ഭാഷയിൽ ട്വിറ്റർ ഉപയോഗിക്കുന്നവരുടെ അടുത്ത് ഈ വാർത്ത എത്തിച്ചതായിരുന്നു. ചിലർ അഭയാർഥിക്യാംപുണ്ടായിരുന്ന സ്വലെയിൽ ട്വിറ്റർ ഉപയോഗിക്കുന്ന ആളുകളുമായി ബന്ധപ്പെട്ടു. പിറ്റേ ദിവസം മേവന്റെ ട്വീറ്റ് വന്നു: ‘ആളെ കിട്ടി! 3000 റിട്വീറ്റുകൾക്കും 3 പത്രവാർത്തകൾക്കും ഒരു വിഡിയോയ്ക്കും ലോകമെമ്പാടും നിന്നുള്ള അദ്ഭുതകരമായ ആയിരക്കണക്കിനു സന്ദേശങ്ങൾക്കും ശേഷം ഒരു ട്വിറ്റർ ഉപയോക്താവ് എന്നെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുത്തി. എനിക്കറിയാം ഇന്റർനെറ്റ് ഗംഭീരമാണെന്ന്. പക്ഷേ, ഇത് അതിലും മേലെയാണ്’. 

ഇറാഖിലെ ബഗ്ദാദിൽ ജനിച്ച കുർദിഷ് വംശജയായ മേവൻ ബബകറുടെ ഐതിഹാസികമായ അന്വേഷണം വിദേശമാധ്യമങ്ങളിലൂടെ പിന്നീടു പുറത്തുവന്നു. അഞ്ചു വയസ്സുള്ളപ്പോൾ അഭയാർഥിയായ മേവൻ ഇപ്പോൾ ലണ്ടനിലാണു ജോലി ചെയ്യുന്നത്. 24 വർഷങ്ങൾക്കു മുൻപ് അവൾക്ക് തിളങ്ങുന്ന ചുവന്ന സൈക്കിൾ സമ്മാനിച്ച എഗ്ബർട്ടിനെ, അവൾ ആദ്യത്തെ ട്വീറ്റ് ചെയ്ത് 36 മണിക്കൂറുകൾക്കകം നേരിട്ടു കണ്ടു. 

1990കൾ മുതൽ അഭയാർഥികളെ സഹായിച്ചിരുന്ന എഗ്ബർട്ട് ഇപ്പോൾ കുടുംബസമേതം, ഓർക്കിഡ് കൃഷിയുമായി ജർമനിയിൽ ജീവിക്കുന്നു. ഇന്റർനെറ്റ് കാലത്തെ ഒരു യക്ഷിക്കഥ, എല്ലാ യക്ഷിക്കഥകളെയും പോലെ സുഖപര്യവസായിയായി അവസാനിക്കുന്നു.

സ്കോർപ്പിയൺ കിക്ക്: ഈ വർഷം സാലറി ചാലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരിൽ നിന്നു ധനം സമാഹരിക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

ഒരു വർഷം വൈകിയെത്തിയ തീരുമാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com