ADVERTISEMENT

ഈയാഴ്ച നമ്മളിൽ മിക്കവരും വാട്സാപ്പിലും മറ്റുമൊക്കെ കണ്ട് അന്തംവിട്ടൊരു വാർത്തയുണ്ട്. സൗദിയിലെ ഒരു ശതകോടീശ്വരൻ, തന്റെ മകനു പിറന്നാൾ സമ്മാനമായി അബദ്ധത്തിൽ 2 എയർബസ് ജെറ്റ് വിമാനങ്ങൾ വാങ്ങി എന്നായിരുന്നു വാർത്ത. 

വിമാനക്കമ്പക്കാരനായ മകനു വേണ്ടി എയർബസ് എ 350–1000 വിമാനത്തിന്റെ ചെറിയ മാതൃകകൾ വാങ്ങാനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അതിനു വേണ്ടി എയർബസ് കമ്പനിയുമായി ബന്ധപ്പെട്ടു. ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് അവരുമായുള്ള സംഭാഷണം എളുപ്പമായിരുന്നില്ല. അവർ കുറെ ചോദ്യങ്ങൾ ചോദിച്ചു, വിമാനത്തിന്റെ ഉൾവശത്തിന്റ ഡിസൈന്റെ കാര്യമടക്കം. കളിവിമാനം ഉണ്ടാക്കുന്നതിൽ പോലും അവർ ഇത്രയും ശ്രദ്ധകൊടുക്കുന്നല്ലോ എന്ന് അദ്ഭുതപ്പെട്ടു. 

329 മില്യൻ യൂറോ (2600 കോടി രൂപയോളം) ആണ് വിമാനത്തിനു വില പറഞ്ഞത്. കയ്യോടെ ഇ–പേയ്മെന്റും നടത്തി. വൻ ധനികനായതു കൊണ്ട് കളിവിമാനത്തിന്റെ വില കൂടുതലാണല്ലോ എന്നൊന്നും ആലോചിച്ചില്ല! കുറച്ചുമാസം കഴിഞ്ഞു വിമാനങ്ങൾ കൊണ്ടുപോകാൻ പൈലറ്റുമാരുമായി വരണം എന്നാവശ്യപ്പെട്ട് എയർബസ് കമ്പനി വിളിച്ചപ്പോഴാണ് സംഗതി ശരിക്കുള്ള വിമാനമാണെന്നു കോടീശ്വരൻ തിരിച്ചറിഞ്ഞത് – ഇങ്ങനെയാണു വാർത്ത. 

ലോകമെങ്ങുമുള്ള ഒട്ടേറെ മാധ്യമങ്ങളിൽ ഈ വാർത്ത വന്നു. ഇന്ത്യയിലും പല പ്രമുഖ ദേശീയ മാധ്യമങ്ങളുടെയും ഓൺലൈൻ പതിപ്പുകളിൽ ഇതു വാർത്തയായി. പിന്നീടാണ് എല്ലാവരും അബദ്ധം മനസ്സിലാക്കിയത്. വ്യോമഗതാഗതത്തക്കുറിച്ചും വിമാനങ്ങളെക്കുറിച്ചുമൊക്കെയുള്ള തമാശവാർത്തകൾ പ്രസിദ്ധീകരിക്കുന്ന Thin air today വെബ്സൈറ്റിലാണ് ഈ വാർത്ത ആദ്യം വന്നത്. 

ഇൗ സൈറ്റിൽ ഇതുപോലെയുള്ള തമാശവാർത്തകൾ ഒരുപാടു വേറെയുമുണ്ട്. അവരുടെ വെബ്സൈറ്റിൽ, ‘വാർത്തകളെല്ലാം തമാശയാണ്’ എന്നു വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. ഇൗ സൂചന ശ്രദ്ധിക്കാതെയും വേണ്ടത്ര അന്വേഷണം നടത്താതെയും സംഗതി ശരിക്കുള്ളതാണെന്നു തെറ്റിദ്ധരിച്ച് പലരും വാർത്തയാക്കി. അതു കറങ്ങിത്തിരിഞ്ഞ് ലോകമെങ്ങുമെത്തി, നമ്മുടെ വാട്സാപ്പിലും! 

ഇതേ വെബ്സൈറ്റിൽ തന്നെ ഇൗയിടെ വന്ന മറ്റു ചില വാർത്തകളുടെ സാംപിൾ നോക്കൂ:

∙ അന്ധരായ പൈലറ്റുമാർക്ക് ഓടിക്കാൻ കഴിയുന്ന രീതിയിലുള്ള വിമാനങ്ങൾ നിർമിക്കണമെന്നു വിമാനക്കമ്പനികളോട് യൂറോപ്യൻ യൂണിയൻ പൊതു കോടതി നിർദേശിച്ചു. 

∙ ലോകത്തിലെ ആദ്യത്തെ ഭൂഗർഭ വിമാനത്താവളം ലണ്ടനിൽ വരാൻ പോകുന്നു. ഭൂഗർഭ റൺവേകൾ അടക്കമുള്ളതാണു പദ്ധതി. 

∙ ബ്രിട്ടിഷ് എയർവേയ്സ് 100ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 9,10, 27 തീയതികളിൽ അവരുടെ പൈലറ്റുമാർക്ക് അവധി നൽകാൻ തീരുമാനിച്ചു. ഇൗ ദിവസങ്ങളിലെ വിമാനങ്ങൾ മിക്കതും റദ്ദാക്കി. 

ഇതൊക്കെ കണ്ട് യാഥാർഥ്യമാണെന്നു കരുതിയാലോ! 

തമാശ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഇത്തരം സറ്റയർ – പാരഡി വാർത്താ സൈറ്റുകൾ ഒരുപാടുണ്ട്. ഇൗ സൈറ്റുകൾ പ്രസിദ്ധീകരിക്കുന്നതിനെ സത്യത്തിൽ വ്യാജവാർത്തകൾ എന്നു പറഞ്ഞുകൂടാ. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹികവിമർശനം നടത്തുകയൊക്കെയാണ് ഇവരുടെ ലക്ഷ്യം. സംഗതി ആക്ഷേപഹാസ്യമാണെന്നു തിരിച്ചറിയാതെ പലരും വിശ്വസിച്ചുപോകുന്നുവെന്നു മാത്രം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com