ADVERTISEMENT

കേരളത്തിലെ അനധികൃത ക്വാറികൾ എത്ര? ആകെ ക്വാറികളോ? കൃത്യമായൊരു ഉത്തരം നൽകാൻ ആർക്കുമാകില്ല! അനധികൃതമായ ഖനനത്തിലൂടെ കടത്തുന്ന കല്ലിന്റെ അളവുമറിയില്ല. സർക്കാർ നയങ്ങളിലെ പിടിപ്പുകേട് അനധികൃത ക്വാറികളെ തഴച്ചുവളരാൻ സഹായിക്കുന്നു.  2018ലെ പ്രളയത്തിനു ശേഷം മാത്രം കേരളത്തിൽ പുതുതായി തുറന്നത് 119 ക്വാറികൾ. കവളപ്പാറയിലെ ഉരുൾപൊട്ടൽ സ്ഥലത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ മാത്രം പ്രവർത്തിക്കുന്നത് 66 ക്വാറികൾ.

2018ലെ മഹാപ്രളയവും ഉരുൾപൊട്ടലുകളും കഴിഞ്ഞ് 3 മാസത്തിനു ശേഷം കേന്ദ്രസർക്കാർ ഒരു തീരുമാനമെടുത്തു. പരിസ്ഥിതിലോല മേഖലകളിൽ ക്വാറികൾ അനുവദിക്കുന്നതു വിലക്കിക്കൊണ്ടുള്ള 2013ലെ ഉത്തരവിൽനിന്നു കേരളത്തിലെ 4000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലകളെ ഒഴിവാക്കി. പ്രളയത്തിനു മുൻപ് 2018 മേയ് 4നു സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. ഇതോടെ പ്രളയത്തിനു ശേഷം ഒരു വർഷത്തിനിടെ കേരളത്തിൽ ആരംഭിച്ചത് 119 ക്വാറികൾ!

ഈ വർഷത്തെ പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കു ശേഷം കേരളത്തിലെ പരിസ്ഥിതിക്കുള്ള സർക്കാരിന്റെ ഉപഹാരം മറ്റൊരു ഉത്തരവായി പുറത്തിറങ്ങാൻ ഊഴം കാത്തു കിടക്കുന്നുണ്ട്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം കൃഷിക്കു വേണ്ടി പതിച്ചുനൽകിയ ഭൂമിയിൽ ഖനനം അനുവദിക്കാനാണു പുതിയ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മന്ത്രിസഭ ഇതിനുള്ള തീരുമാനമെടുക്കുകയും സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നെങ്കിലും മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ട് ഉത്തരവു മരവിപ്പിച്ചു. ഉത്തരവ് വീണ്ടും ഇറക്കാനുള്ള അണിയറനീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഉത്തരവിറങ്ങുമെന്ന ഉറപ്പിൽ ചില ക്വാറി സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ക്വാറി ഉടമകളിൽനിന്നു വൻ പണപ്പിരിവാണു നടന്നത്.

 എത്ര ക്വാറി, ആർക്കറിയാം?

സംസ്ഥാനത്തെ അനധികൃത ക്വാറികളുടെയോ ആകെ ക്വാറികളുടെയോ കണക്ക് ആർക്കുമറിയില്ല എന്ന അവസ്ഥയാണ്. പല രേഖകളിൽ ക്വാറികളുടെ എണ്ണം സംബന്ധിച്ചു പറയുന്നത് പലതരം കണക്കുകളാണ്.

∙ 2006ൽ ജിയോളജി വകുപ്പ് പ്രസിദ്ധീകരിച്ച 9 ജില്ലകളിലെ കരിങ്കൽ ക്വാറികളുടെ എണ്ണം 5707.

∙ 2016ൽ ജിയോളജി വകുപ്പിന്റെ തന്നെ ഈ 9 ജില്ലകളിലെ സർവേ റിപ്പോർട്ടിൽ ക്വാറികളുടെ എണ്ണം 1084 മാത്രം. 

∙ എന്നാൽ, 2016ലെ തന്നെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ സംസ്ഥാനത്ത് 20821 (കരിങ്കല്ല്, ചെങ്കല്ല് അടക്കം) അനധികൃത ക്വാറികളുണ്ടെന്നു പറയുന്നു. ഇവയിൽ 30 ശതമാനവും കരിങ്കൽ ക്വാറികളാണെന്നു പറയുമ്പോൾ അവയുടെ എണ്ണം 6246. ഇതെക്കുറിച്ച് സിഎജി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ ‘അനധികൃത ഖനനത്തിലൂടെ കടത്തിക്കൊണ്ടുപോയ പാറയുടെ കണക്ക് എത്രയാണെന്നറിയാൻ ജിയോളജി വകുപ്പിന്റെ അറുപഴഞ്ചൻ അളവുസമ്പ്രദായം കൊണ്ടു കഴിയില്ല.’

അനധികൃത ക്വാറികൾ ഇങ്ങനെ

മൈനിങ് പ്ലാനിൽ അനുവദിച്ചതിൽ കൂടുതൽ ഖനനം നടത്തിയും അനുവദനീയമായ ക്വാറിയോടു ചേർന്നുള്ള പ്രദേശത്ത് അനുമതിയില്ലാതെ ഖനനം ചെയ്തുമാണ് പ്രധാനമായും അനധികൃത ക്വാറികളുടെ പ്രവർത്തനം. അനുമതിയോ രേഖകളോ ഒന്നുമില്ലാതെ ക്വാറി പ്രവർത്തിപ്പിക്കൽ അപൂർവമാണെങ്കിലും ഇതും കേരളത്തിൽ നടന്നിട്ടുണ്ട്. 

നിയമവിരുദ്ധമായി ഖനനം ചെയ്ത കരിങ്കല്ലിന്റെ യഥാർഥ വിപണിവില ഈടാക്കണമെന്നാണു സുപ്രീം കോടതി നിർദേശവും കേന്ദ്രനിയമവും. പക്ഷേ, റോയൽറ്റിയുടെയും ധാതുവിന്റെയും 3 മടങ്ങ് ഈടാക്കിയാൽ മതിയെന്നു കേരളം 2017ൽ ചട്ടം ഭേദഗതി ചെയ്തു. അതായത്, അനധികൃത ഖനനം നടത്തിയതു സർക്കാർ ഭൂമിയിലാണെങ്കിൽ ടണ്ണിന് 222 രൂപയും സ്വകാര്യ ഭൂമിയിലാണെങ്കിൽ ടണ്ണിന് 72 രൂപയും വില നൽകിയാൽ മതി. എല്ലാം കൂട്ടി വായിച്ചാൽ, അനധികൃത ഖനനം നടത്തി പിഴ ഒടുക്കുന്നതിനെയാണു സർക്കാർ പിന്തുണയ്ക്കുന്നതെന്നു വ്യക്തം. 

സാധാരണക്കാരൻ ഒരു മതിൽ കെട്ടണമെങ്കിൽ പോലും ദിവസങ്ങളോളം ഓഫിസുകൾ കയറിയിറങ്ങേണ്ട നാട്ടിൽ പച്ചയായ ഈ നിയമലംഘനത്തിന് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും പൂർണ പിന്തുണയുണ്ട്. കോഴയും പാറമടകളിലെ പങ്കാളിത്തവും നിക്ഷേപവുമൊക്കെയായി വളരുന്ന അഴിമതിയുടെ തണലിലാണിത്.

പറഞ്ഞതും ചെയ്തതും

എൽഡിഎഫ് പ്രകടന പത്രിക

∙ കേരളത്തിന്റെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിലാക്കും.

∙ ഖനനത്തിനു ശക്തമായ സാമൂഹികനിയന്ത്രണം കൊണ്ടുവരും.

∙ ആവശ്യമായ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും.

സർക്കാർ ചെയ്തത് 

∙ അംഗീകൃത ക്വാറികളുടെ എണ്ണം ഇരട്ടിയാക്കി.

∙ അനധികൃത ക്വാറികളുടെ എണ്ണം പതിന്മടങ്ങായി.

∙ പരിസ്ഥിതിപഠനം നടത്താതെയും സ്ഥലം പരിശോധിക്കാതെയും വൻകിട ക്വാറികൾക്ക് അനുമതി നൽകി.

∙ ക്വാറികളുടെ അതിർത്തിയിൽനിന്നു റിസർവോയറുകൾ, നദികൾ, കനാലുകൾ, ആരാധനാലയങ്ങൾ, ശ്മശാനം, വില്ലേജ് റോഡ്, വീട് എന്നിവയിലേക്കുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു.

∙ നാഷനൽ പാർക്ക്, വൈൽഡ് ലൈഫ് സാങ്ച്വറി എന്നിവയുടെ അതിർത്തിയിൽനിന്നുള്ള ദൂരപരിധി ഒരു കിലോമീറ്ററായി നിജപ്പെടുത്തി.

∙ മറ്റുള്ള സ്ഥലങ്ങളിൽ വനാതിർത്തിയിൽനിന്നു ക്വാറികളിലേക്കുള്ള ദൂരപരിധി ഒഴിവാക്കി.

∙ 2018 മാർച്ച് 9, നവംബർ 21 തീയതികളിൽ വ്യവസായമന്ത്രി ജിയോളജിസ്റ്റുകളുടെ യോഗം വിളിച്ച് ഖനനാനുമതിക്കുള്ള അപേക്ഷകളിൽ സമയബന്ധിതമായി അനുമതി നൽകണമെന്നു കർശനമായി നിർദേശിച്ചു.

പഠിച്ചതാണ് ഇതൊക്കെ

2018ലെ മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ പരിസ്ഥിതി ആഘാതം പഠിക്കാൻ നിയോഗിക്കപ്പെട്ട നിയമസഭാ പരിസ്ഥിതി സമിതി 2019 ജൂലൈ 4നു സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ

∙ കേരളത്തിൽ ഉൾപ്പെട്ട, പശ്ചിമഘട്ടത്തിന്റെ 458 കിലോമീറ്റർ ദൂരത്തിൽ അംഗീകൃത ക്വാറികളും പതിന്മടങ്ങ് അനധികൃത ക്വാറികളും പ്രവർത്തിക്കുന്നു

∙ ഭൗമശാസ്ത്ര പഠനകേന്ദ്രവും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 13,000 ഉരുൾപൊട്ടൽ മേഖലയും 17,000 മലയിടിച്ചിൽ മേഖലയുമുണ്ട്.

∙ ക്വാറികൾ മൂലം പശ്ചിമഘട്ടത്തിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ, വിള്ളലുകൾ, പുഴകൾ വഴിമാറി ഒഴുകൽ, പുതിയ മൺതിട്ടകൾ രൂപപ്പെടൽ എന്നിവ ഉണ്ടായി.

∙ മലയോരങ്ങളിലെ ലക്ഷക്കണക്കിനുള്ള നിർമിതികൾ ഏതു നിമിഷവും അറബിക്കടലിലേക്ക് ഒലിച്ചു വരാം. ഈ മേഖലയിലെ അനിയന്ത്രിത ചൂഷണം കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും തകർക്കും. 

English Summary: Kerala Govt. to allow more quarries with the help of new policy

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com