ADVERTISEMENT

കളരിഗുരു പ്രശസ്തനാണ്. അദ്ദേഹവുമായി മത്സരിച്ച് ഇന്നുവരെ ആരും ജയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ മറുനാടുകളിൽ നിന്നുപോലും ഒട്ടേറെ ആളുകൾ എത്താറുണ്ട്. ഒരിക്കൽ അയൽനാട്ടിലെ യോദ്ധാവ് ഗുരുവിനെ പോരാട്ടത്തിനു ക്ഷണിച്ചു. 

മത്സരത്തിന് എത്തിയപ്പോൾ ആളുകളുടെ മുന്നിൽവച്ച് അപമാനിക്കാൻ തുടങ്ങി. അസഭ്യം പറഞ്ഞു, ചെളി വാരിയെറിഞ്ഞു. മുഖത്തു തുപ്പിയിട്ടു പോലും ഗുരു അനങ്ങിയില്ല. അവസാനം യോദ്ധാവു പിന്മാറി. ഗുരുവിന്റെ കൂടെ വന്ന ശിഷ്യൻ ചോദിച്ചു, അയാൾ ഇത്രയധികം അവഹേളിച്ചിട്ടും അങ്ങ് എന്താണു പ്രതികരിക്കാതിരുന്നത്? ഗുരു ഒരു മറുചോദ്യം ചോദിച്ചു, നിങ്ങൾക്ക് ഒരാൾ സമ്മാനം നൽകുമ്പോൾ നിങ്ങൾ വാങ്ങിയില്ലെങ്കിൽ അത് ആരുടേതാകും? 

ഒരാളുടെ അനുവാദം കൂടാതെ ആർക്കും അയാളെ നിന്ദിക്കാനാകില്ല. നിന്ദനത്തിനു കീഴ്‌പ്പെടുന്നതും പ്രതികരിക്കുന്നതും ആത്മനിയന്ത്രണം ഇല്ലാത്തവരാണ്. സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ മറ്റുള്ളവരുടെ വിരൽത്തുമ്പിലേക്ക് എറിഞ്ഞുകൊടുക്കരുത്. 

ഒരാളെ എത്ര എളുപ്പത്തിൽ പ്രകോപിതനാക്കാം എന്നതാകും അയാളുടെ മാനസിക പക്വതയും ചിന്താനിലവാരവും അളക്കാനുള്ള എളുപ്പമാർഗം. അകാരണവും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ മനഃസാന്നിധ്യത്തോടെ പെരുമാറാനുള്ള കഴിവാണ് സ്വഭാവ സമഗ്രത. 

അപരനെ അവഹേളിക്കുന്നവരെല്ലാം സ്വയം താഴ്‌ത്തിക്കെട്ടുകയാണ്. സ്വയം ചെളിയിൽ പുതയാതെ അന്യന്റെ ദേഹത്ത് ചെളിവാരിയെറിയാനാവില്ല. മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ, അപ്രകാരം പെരുമാറണമെന്നുള്ളത് സുവർണ നിയമം. മറ്റുള്ളവരുടെ പെരുമാറ്റ വൈകല്യങ്ങൾക്കുപോലും വശംവദരാകാതെ ഔചിത്യപൂർണമായ പെരുമാറ്റത്തിന് ഉടമയാകണമെന്നത് വ്യക്തിത്വ വിശുദ്ധിയുടെ അടയാളം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com