ADVERTISEMENT

വീണ്ടുമൊരു കുടിയേറ്റത്തിന്റെ തയാറെടുപ്പാണ് പാലായിൽ. കെ.എം.മാണിയിൽ നിന്നു പിൻഗാമിയിലേക്കു കുടിയേറാൻ പാലാക്കാർ ഒരുങ്ങുന്നു. അതേസമയം, പാലാക്കാരുടെ മനസ്സിലേക്കു കുടിയേറാൻ ജോസ് ടോമും മാണി സി.കാപ്പനും എൻ.ഹരിയും. കെ.എം.മാണിയുടെ സിംഹാസനത്തിൽ വോട്ടർ ആരെ അഭിഷേകം ചെയ്യുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നു. കേരള രാഷ്ട്രീയത്തിന്റെ പാലാഴി കടയുമ്പോൾ എന്തൊക്കെ പുറത്തു വരും? വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ സെമി ഫൈനൽ കൂടിയാണിത്. അതു കഴിഞ്ഞാൽ തദ്ദേശ തിരഞ്ഞെടുപ്പും. ശബരിമലയിൽ തെറ്റുതിരുത്തിയ ശേഷം സിപിഎം വോട്ടർമാരെ കാണുന്നതും പാലായിലാണ്. 

54 വർഷം കെ.എം.മാണി കയ്യടക്കിവച്ച പാലാ നിലനിർത്താനുള്ള നിയോഗം മാണികുടുംബത്തിന്റെ വിശ്വസ്തൻ ജോസ് ടോം പുലിക്കുന്നേലിനാണ്. കേരള കോൺഗ്രസിലെ തർക്കമാണ് ജോസ് ടോമിനെ സ്ഥാനാർഥിയാക്കിയത്. പാലായിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നേതാവാണ് ജോസ് ടോം. നാട്ടിൽ ബസിൽ യാത്ര ചെയ്യുന്ന സാധാരണക്കാരൻ. കേരള കോൺഗ്രസ് സ്ഥാപക അംഗം ജോസഫ് പുലിക്കുന്നേലിന്റെ സഹോദര പുത്രനും. കേരള സ്റ്റുഡന്റ്സ് കോൺഗ്രസിലൂടെ പൊതുരംഗത്തെത്തിയ തീപ്പൊരി. കേരള സർവകലാശാലാ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു. സംഘടനാരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. പാലായിൽ വിപുലമായ സൗഹൃദവും.

കെ.എം.മാണിയുടെ കോട്ട വീഴ്ത്താൻ മാണി സി.കാപ്പനു കഴിയുമെന്നാണ് എൻസിപിയുടെയും എൽഡിഎഫിന്റെയും വിശ്വാസം. തുടർച്ചയായി മൂന്നുവട്ടം കെ.എം.മാണിയോടു മത്സരിച്ചത് മാണി സി.കാപ്പനാണ്. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ചെറിയാൻ ജെ.കാപ്പന്റെ മകനാണ് മാണി. 2016ൽ കെ.എം.മാണിയുടെ ഭൂരിപക്ഷം 4703 ആയി കുറയ്ക്കാൻ മാണി സി.കാപ്പനു കഴിഞ്ഞിരുന്നു. പാലായിലാകെ പരിചിതനുമാണ്. 

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിക്ക് പാലായിൽ രണ്ടാമൂഴമാണ്. 2016ൽ കാൽ ലക്ഷത്തോളം വോട്ട് നേടിയ മികച്ച പ്രവർത്തനമാണ് എൻ.ഹരിയെ വീണ്ടും സ്ഥാനാർഥിയാക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. പാലായിൽനിന്നു ദൂരെയല്ലാത്ത പള്ളിക്കത്തോട് പഞ്ചായത്തിൽ 10 വർഷം അംഗമായിരുന്നു ഹരി. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമരങ്ങളിലും മുന്നണിപ്പോരാളി. ഘടകകക്ഷി നേതാക്കളായ പി.സി.തോമസിന്റെയും പി.സി. ജോർജിന്റെയും പാലായിലെ പിന്തുണ ബിജെപിയുടെ വിശ്വാസം വർധിപ്പിക്കുന്നു.

കെ.എം.മാണിയോടുള്ള സ്നേഹം വോട്ടാകുമെന്ന പ്രതീക്ഷയും ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം നൽകുന്ന ആത്മവിശ്വാസവുമാണ് യുഡിഎഫിന്റെ ശക്തി. എന്നാൽ, രണ്ടില ചിഹ്നം സംബന്ധിച്ച അവ്യക്തതയും കേരള കോൺഗ്രസ് തർക്കവും ബാധിക്കുമോ എന്ന ഭീതിയുമുണ്ട്. മനസ്സുകൊണ്ടു പിളർന്നു മാറിയെങ്കിലും പി.ജെ. ജോസഫിനു പറയാൻ പാലായിൽ ഒരു ഓഫിസ് പോലുമില്ല. ജോയി ഏബ്രഹാം അടക്കമുള്ള നേതാക്കളും കുറച്ചു പ്രവർത്തകരും ജോസഫിനൊപ്പമുണ്ട്. ഇതാണ് മാണി ഗ്രൂപ്പിന്റെ വിലയിരുത്തൽ.

കെ.എം.മാണിയുടെ അസാന്നിധ്യവും കേരള കോൺഗ്രസിലെ തർക്കവും എൽഡിഎഫിനു പ്രതീക്ഷ നൽകുന്നു. മാണി സി.കാപ്പന്റെ വ്യക്തിഗത വോട്ടിലും ഇടതുമുന്നണിയുടെ പ്രചാരണ ശക്തിയിലുമാണ് അവരുടെ പ്രതീക്ഷ.

കേന്ദ്ര സർക്കാരിന്റെ പ്രതിഛായയും പ്രവർത്തനവുമാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല പ്രതിഷേധം ശക്തമായ സ്ഥലങ്ങളിലൊന്നായിരുന്നു പാലാ. 

രാഷ്ട്രീയം കഴിഞ്ഞാൽ, റബർവിലയും പ്രളയവും സാമ്പത്തികമാന്ദ്യവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ പാലായിൽ 33,472 വോട്ടിന്റെ ലീഡാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ നേടിയത്. പാലാ നഗരസഭയും 8 പഞ്ചായത്തുകളും യുഡിഎഫ് ഭരണത്തിലാണ്. 3 പഞ്ചായത്തുകൾ സിപിഎമ്മും മീനച്ചിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് വിമതരും ഭരിക്കുന്നു. 

പാലാ നിയമസഭാ മണ്ഡലം:

ആകെ വോട്ടർമാർ: 1,77,850, പുരുഷന്മാർ: 87,036, സ്ത്രീകൾ: 90,814. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com