sections
MORE

ആര്‍ക്കും എവിടെയും 'പൊട്ടിക്കാം'; കൂട്ടിനുണ്ട് നേതാക്കള്‍: അറിയണം അംബികയുടെ ജീവിതം

quarry2
മലപ്പുറത്തെ ഊരകംമലയിൽ നിന്നുള്ള ഒരു പാറമടക്കാഴ്ച. ചിത്രം:സമീർ എ.ഹമീദ് ∙ മനോരമ
SHARE

പീച്ചി റിസർവ് വനഭൂമിയിലെ കാളക്കുന്നിൽ അടുത്തകാലം വരെ ഒരു ക്വാറി ഉണ്ടായിരുന്നു. വനഭൂമിയിൽ പാറമടയ്ക്കു പട്ടയം ലഭിക്കുമോ എന്നു സംശയം വേണ്ട. സംഭവം വ്യാജനാണ്. പക്ഷേ, കള്ളപ്പട്ടയം വില്ലേജ് ഓഫിസർ പോക്കുവരവു ചെയ്തു നൽകി, കരവും അടപ്പിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് വനഭൂമിക്കു കൈവശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്കെച്ചും നൽകി.നാട്ടുകാരുടെ പരാതി ജില്ലാ സർവേ സൂപ്രണ്ടിന്റെ ഓഫിസ് വരെ എത്തിയപ്പോഴാണ് പട്ടയത്തിലെ വ്യാജൻ വെളിയിലായത്. പിന്നീട് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പ്രദേശത്തെ 11 ക്വാറികളുടെയും പ്രവർത്തനം നിർത്തി. വില്ലേജ് ഓഫിസർ സസ്പെൻഷനിലുമായി. 

കരാറിന് ഇടനില നേതാക്കന്മാർ

‘മേൽപ്പടി ക്രഷറും ക്വാറിയും നടത്തുന്നതിനെ രണ്ടാം കക്ഷി ഒരുകാലത്തും ഒരുവിധത്തിലും എതിർക്കില്ല’– കോഴിക്കോട് കോടഞ്ചേരി നിരന്നപാറ ഐഎച്ച്ഡിപി കോളനിവാസികളും പ്രദേശത്തെ ക്വാറി ഉടമകളും തമ്മിൽ എഴുതിയുണ്ടാക്കിയ കരാറിലെ ആദ്യ ഉടമ്പടിയാണിത്. കരാറിന് സാക്ഷികളായതു കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹിയും സിപിഎമ്മിന്റെ 2 ഏരിയാ കമ്മിറ്റി അംഗങ്ങളും. ഗ്രാമസഭ എതിർത്തപ്പോഴും ക്വാറി ഉടമകൾക്കു സഹായവുമായി എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് കോളനിവാസികൾ പ്രതിഷേധം ആരംഭിച്ചപ്പോൾ മധ്യസ്ഥത വഹിച്ച്  ഇവർ കരാറിൽ ഒപ്പിട്ടു.

കിണറ്റിലും കിട്ടും പാറ

തൃശൂർ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ സിപിഎം നേതാവിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഒന്നര വർഷം മുൻപ് സബ് കലക്ടറും സംഘവും റെയ്ഡ് നടത്തി. കിണറ്റിനുള്ളിലെ പാറ തുരക്കാനുള്ള ലൈസൻസ് ഉപയോഗിച്ചു പാറമട നടത്തുന്നതു കണ്ടെത്തിയപ്പോൾ ക്വാറി പൂട്ടിക്കുകയും ചെയ്തു. സിപിഎം നേതാവിന്റെ ക്വാറിയാണെന്ന് അറിയാതെയായിരുന്നു റെയ്ഡ്. പൂട്ടിയ ക്വാറി അതേ വേഗത്തിൽ തുറക്കപ്പെട്ടു. ഇപ്പോഴും പുലർച്ചെ മൂന്നുമുതൽ ആറുവരെ പാറപൊട്ടിക്കൽ സജീവം.

അങ്കണവാടി ക്വാറി ഓഫിസായി  

ക്വാറിയുടെ നിശ്ചിത ദൂരപരിധിക്കുള്ളിൽ വീടുകളോ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ ഖനനത്തിന് അനുമതി ലഭിക്കില്ല. പഞ്ചായത്തിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ തൊട്ടടുത്തുള്ള പാറമടയിൽ ഖനനത്തിന് അനുമതി ലഭിക്കാനായി ഉടമ അങ്കണവാടി തന്നെ സ്വന്തമാക്കി.

പഞ്ചായത്ത് ഭരണസമിതിയും ഒപ്പം നിന്നതോടെ, അങ്കണവാടിക്കെട്ടിടം ക്വാറിയുടെ ഓഫിസായി മാറി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ മൈസൂർപ്പറ്റയിലാണ് സംഭവം. അങ്കണവാടിക്കായി മറ്റൊരിടത്ത് സ്ഥലവും കെട്ടിടവും നൽകിയായിരുന്നു ഈ ഏറ്റെടുക്കൽ.

അനധികൃത ക്വാറി ഇടപാടുകൾക്കായി നടത്തുന്ന നയംമാറ്റങ്ങളിലുടെ ഓരോ വർഷവും കോടികളുടെ നഷ്ടമാണു ഖജനാവിന് ഉണ്ടാകുന്നത്. സെസും പ്രളയ സെസും ഒക്കെയായി സാധാരണക്കാരെ മുണ്ടുമുറുക്കി ഉടുപ്പിക്കുന്നതിനു മുൻപ് ഈ ചോർച്ച അടയ്ക്കണ്ടേ...

 പൊട്ടിച്ചു തീർത്തത് ഖജനാവും 

അനധികൃത ഖനനം നടന്നാൽ, ധാതുവിന്റെ യഥാർഥ വിലതന്നെ ഈടാക്കണമെന്നു 2018 മാർച്ച് 23നു മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എല്ലാ ജില്ലാ ജിയോളജിസ്റ്റുകൾക്കും നിർദേശം നൽകി. സുപ്രീം കോടതിയുടെയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഉത്തരവിനെത്തുടർന്നാണ് ഇതെന്നും 3703–എം 3–2018 കത്തിൽ പറയുന്നു.

സുപ്രീം കോടതി ഉത്തരവുണ്ടായത് 2017 ഓഗസ്റ്റ് രണ്ടിനാണ്. ‌കേന്ദ്ര ഉത്തരവ് 2018 ജനുവരി അഞ്ചിനും. എന്നിട്ടും ജിയോളജി ഡയറക്ടറേറ്റിൽ നിന്ന് കത്തിറങ്ങാൻ 3 മാസത്തോളമെടുത്തു. അനധികൃത ഖനനം നടത്തിയവരൊക്കെ, ഇതിനിടെ ധൃതിയിൽ പിഴയടച്ചു തടിയൂരി. പക്ഷേ, ഈ നിർദേശം ഒരു ജില്ലയിലും നടപ്പായില്ലെന്നതാണു സത്യം. 

സുപ്രീം കോടതിയെയും കേന്ദ്രസർക്കാരിനെയും തെറ്റിദ്ധരിപ്പിക്കാൻ കത്തിറക്കിയെങ്കിലും ഇപ്പോഴും അനധികൃത ഖനനത്തിനു റോയൽറ്റിയുടെയും സീനയറേജിന്റെയും (പൊതുസ്ഥലത്തു ഖനനം നടത്തുന്നതിനു ക്വാറി നടത്തിപ്പുകാർ സർക്കാരിനു നൽകേണ്ട തുക. ഒരു ടൺ കരിങ്കല്ലിന് 50 രൂപയാണ് സീനിയറേജ്) 3 മടങ്ങു മാത്രമാണ് ഈടാക്കുന്നത്.

സ്വകാര്യ ഭൂമിയിൽ അനധികൃത ഖനനം നടത്തിയതു കണ്ടെത്തിയാൽ റോയൽറ്റി ടണ്ണിന് 72 രൂപയും (നിയമാനുസൃത ഖനനമെങ്കിൽ റോയൽറ്റി ടണ്ണിന് 24രൂപ) സർക്കാർ ഭൂമിയാണെങ്കിൽ ഇതിനൊപ്പം 150 രൂപ സീനിയറേജും അടയ്ക്കണം. അതായത്, സർക്കാർ ഭൂമിയിൽ നിന്ന് കരിങ്കല്ല് അനധികൃത ഖനനം നടത്തിയാൽ അടയ്ക്കേണ്ടത് ടണ്ണിന് വെറും 222 രൂപ മാത്രം. 2017 ജൂൺ 22നു കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണിത്. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിലൂടെ ഓരോ വർഷവും കോടികളുടെ നഷ്ടമാണു ഖജനാവിന് ഉണ്ടാകുന്നത്.

quarry3
അംബിക വീട്ടിൽ.

നിങ്ങളറിയണം, അംബികയുടെ ജീവിതം 

‘ഭക്ഷണം കഴിക്കാനും സംസാരിക്കാനും വയ്യാതായി. വീടിനുള്ളിൽപോലും നടക്കാനാകില്ല. നടക്കണമെങ്കിൽ നീളമുള്ള ട്യൂബ് മൂക്കിൽ ഘടിപ്പിക്കണം. ആശുപത്രിയിൽ പോകുമ്പോൾ പോലും ഈ സിലണ്ടറും കൊണ്ടു പോകണം’-തന്നെക്കാൾ പൊക്കമുള്ള ഓക്സിജൻ സിലണ്ടർ ചൂണ്ടിക്കാട്ടി അംബിക പറഞ്ഞു. 

തിരുവനന്തപുരം പള്ളിച്ചൽ മൂക്കുന്നിമലയിലെ അനധികൃത പാറ ഖനനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിൽ ഒരാളാണ് പ്രാവച്ചമ്പലം ഇടയ്ക്കോട് കാക്കലാംപാട് മേലെ പുത്തൻവീട്ടിൽ വിജയന്റെ ഭാര്യ അംബിക (56). 9 വർഷമായി സിലിക്കോസിസ് എന്ന മാരകരോഗത്തിന്റെ അടിമ. കരിങ്കല്ലിന്റെ പൊടിപടലം ശ്വസിക്കുന്നതു മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇതെന്നു ഡോക്ടർമാർ പറയുന്നു. 

2 വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണു ശ്വസിക്കുന്നത്. മരുന്നിനു മാത്രം മാസം 10,000 രൂപ വേണം. പ്രതിരോധശക്തി വർധിപ്പിക്കാനായി എടുക്കുന്നത് 5000 രൂപയുടെ കുത്തിവയ്പ്. ഓക്സിജൻ സിലണ്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിനു വൈദ്യുതി ചാർജ് മാസം 7000 രൂപ. 56,000 രൂപ വായ്പയെടുത്ത് ഇലക്ട്രിക്കൽ ഓക്സിജൻ യൂണിറ്റ് വീട്ടിൽ സ്ഥാപിച്ചു.

മൂക്കുന്നിമലയിൽ നിന്ന് നേരത്തേ ഇവരുടെ വീടിനു മുന്നിലെ റോഡിലൂടെയാണു ക്വാറി ഉൽപന്നങ്ങളുമായി ലോറികൾ പോയിരുന്നത്. പ്രദേശത്തു രോഗികളുടെ എണ്ണം വർധിച്ചതോടെ മൂക്കുന്നിമല സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇതുവഴിയുള്ള ക്വാറി ലോറികൾ തടഞ്ഞു.

quarry series
ഫാജിദ്

നാട്ടിൽ നിൽക്കാനാവാതെ ഫാജിദ്

മലപ്പുറം ഊരകത്തെ ക്വാറികളുടെ പ്രവർത്തനത്തിനെതിരെ പരാതി നൽകിയതിന് 75 ദിവസമായി വീട്ടിൽ കയറാനാകാത്ത അവസ്ഥയിലാണ് ഊരകം മേൽമുറി ഞാറയ്ക്കൽ ഹൗസിൽ ഫാജിദ്. ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തെ ഇപ്പോൾ സംരക്ഷിക്കുന്നതു നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന്. 

ഫാജിദിന്റെ ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചു പൊലീസിനെക്കൊണ്ടു പിടികൂടിച്ചതായിരുന്നു ആദ്യ പ്രതികാരം. ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ സത്യം തെളിയുകയും ക്വാറി നടത്തിപ്പുകാരൻ ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. 

ക്വാറിയിലെ പട്ടിക ജാതിക്കാരനായ ജീവനക്കാരനെ ആക്രമിച്ചു എന്നായിരുന്നു ഒടുവിലത്തെ പരാതി. ഫാജിദിന് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായി. ഇതോടെയാണു കുടുംബത്തെ ഉപേക്ഷിച്ച് ഒളിവിൽ പോകേണ്ടിവന്നത്. പൊലീസിലെ ഒരുവിഭാഗം ക്വാറിക്കാർക്ക് അനുകൂലമായതിനാൽ നാട്ടിൽനിന്നു വിട്ടുനിൽക്കുകയല്ലാതെ വഴിയില്ലെന്നു ഫാജിദ് പറയുന്നു.

 അളവിലല്ല കാര്യം

കൺസോളിഡേറ്റ‍ഡ് റോയൽറ്റി പേയ്മെന്റ് സിസ്റ്റം എന്ന രീതി വലിയ തട്ടിപ്പിലേക്കു നയിക്കുന്നതായി 2017ലെ സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്വാറിയിൽ‌നിന്നു ലഭിക്കുന്ന കരിങ്കല്ലിന്റെ അളവു വച്ചല്ല, ഈ രീതിയിൽ സർക്കാരിലേക്കു നൽകേണ്ട പണം നിശ്ചയിക്കുന്നത്. പകരം, ക്വാറിയുടെ വിസ്തീർണം വച്ചാണ്. ഒരു ഹെക്ടർ വരെയുള്ള ക്വാറികൾക്കാണ് ഈ രീതി. പണം മുൻകൂർ അടച്ചാൽ എത്ര പാറ വേണമെങ്കിലും ഖനനം ചെയ്യാം. എത്ര പാസ് നൽകാമെന്ന നിബന്ധനയുണ്ടെങ്കിലും എത്ര അളവെന്നു പറയുന്നില്ല.

ആർക്കും എവിടെയും ഇഷ്ടം പോലെ ഖനനം നടത്താനുള്ള അനുമതിയും അതിനുള്ള നിയമങ്ങളും ഉണ്ടാകുമ്പോൾ ബാക്കിയാവുന്നത് പുത്തുമലയും കവളപ്പാറയുമൊക്കെയാണ്. അനധികൃത ഖനനവും ഉപയോഗം കഴിഞ്ഞ പാറമടകളും പരിസ്ഥിതിക്കു വരുത്തുന്ന നാശവും അതിന്റെ ഭീതിയിൽ ജീവിക്കുന്ന മനുഷ്യരെയും...അതെക്കുറിച്ച് നാളെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA