ADVERTISEMENT

സൈനിക ശേഷിയിൽ വളരെ പിന്നിലായിരുന്നു ആ രാജ്യം. ശത്രുരാജ്യം ദിവസങ്ങൾക്കുള്ളിൽ തങ്ങളെ ആക്രമിക്കും എന്ന വിവരം അവർക്കു ലഭിച്ചു. രാജാവും ജനങ്ങളും എന്തു ചെയ്യണമെന്നറിയാതെ ഭയചകിതരായി. പിറ്റേന്നു രാവിലെ മറ്റൊരു രാജ്യത്തുനിന്നുള്ള ദൂതൻ അവിടെ വന്നു പറഞ്ഞു, ‘നിങ്ങൾ പേടിക്കേണ്ട. നിങ്ങളെ രക്ഷിക്കാൻ എന്റെ രാജ്യത്തെ സൈന്യം ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്’. പറഞ്ഞതുപോലെ സൈന്യമെത്തി ശത്രുരാജ്യത്തെ പരാജയപ്പെടുത്തി. 

സന്തോഷത്താൽ മതിമറന്ന ജനങ്ങൾ തങ്ങളുടെ രക്ഷകനായ ആ ദൂതനെ പുതിയ രാജാവായി വാഴിച്ചു. അന്നുമുതൽ രാജ്യത്തു പ്രശ്‌നങ്ങളായി. പുതിയ രാജാവ് എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ടു. അവസാനം ജനങ്ങൾ അദ്ദേഹത്തെ നാടുകടത്തി. 

സന്ദേശവാഹകൻ ഒരു സന്ദേശമാകണമെന്നില്ല. സന്ദേശം പ്രചരിപ്പിക്കാനുള്ള കഴിവും ആ സന്ദേശമാകാനുള്ള കഴിവും രണ്ടാണ്. പറയുന്ന കാര്യങ്ങൾ വിശ്വസിപ്പിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയുന്നവർക്ക് അതു സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ കഴിഞ്ഞെന്നുവരില്ല. വഴികാട്ടികളെല്ലാം ആ വഴിയേ സഞ്ചരിക്കുന്നവരാണ് എന്നു കരുതിയാൽ തെറ്റി. അവർക്കു കാലിടറുകയോ അവർ വഴിമാറുകയോ ചെയ്‌താൽ വഴിയെ പഴിക്കുന്നതിലും അർഥമില്ല. നേതൃത്വത്തെക്കുറിച്ചു മികച്ച പ്രഭാഷണം നടത്തുന്നവരോ ഉപന്യാസമെഴുതുന്നവരോ മികച്ച നേതാക്കന്മാരാകണമെന്നില്ല. ഭാഷണം അറിയാവുന്നവർക്ക് ഭരണം അറിയണമെന്നുമില്ല. 

ഒരു രാത്രികൊണ്ടു രൂപപ്പെടുന്ന നേതാക്കന്മാരെല്ലാം പരിമിതികൾ ഉള്ളവരായിരിക്കും. ആടുകളുടെ മണമില്ലാത്ത ഇടയന്മാരെല്ലാം അപ്രത്യക്ഷരാകും. കൺകെട്ടുവിദ്യകൾ കൊണ്ടു കാലത്തെ അതിജീവിക്കാനാകില്ല. അർഹരായവരെ മാത്രം ദൗത്യമേൽപിക്കാനും യോജ്യമായ പ്രവൃത്തികൾ മാത്രം ചെയ്യാനുമുള്ള മിടുക്കാണ് ഒരു സമൂഹത്തിന്റെ വൈദഗ്‌ധ്യവും വിളവും തീരുമാനിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com