ADVERTISEMENT

അറിയപ്പെടുന്ന പ്രഭാഷകനാണ് അദ്ദേഹം. ഒരിക്കൽ പ്രസംഗത്തിനു ശേഷം അദ്ദേഹത്തിനൊരു കത്തു ലഭിച്ചു. രൂക്ഷവിമർശനമായിരുന്നു അതിൽ. പ്രസംഗത്തിലെ തെറ്റുകൾ അക്കമിട്ടു നിരത്തിയിരിക്കുന്നു. കോപാകുലനായ പ്രഭാഷകൻ അപ്പോൾത്തന്നെ തക്കതായ മറുപടിയും എഴുതി. കത്ത് പോസ്റ്റ് ചെയ്യാൻ ജോലിക്കാരനെ നോക്കിയപ്പോൾ, അയാൾ പോയിരിക്കുന്നു.

പിറ്റേ ദിവസം ജോലിക്കാരനെ കത്ത് എൽപിക്കുന്നതിനു മുൻപ് അദ്ദേഹം ഒന്നുകൂടി വായിച്ചു. അത്രയ്ക്കു കടുപ്പമാക്കേണ്ട എന്നു കരുതി കുറച്ചുഭാഗം വെട്ടിക്കളഞ്ഞു. കുറച്ചുകൂടി കാത്തിരുന്നാൽ ഇനിയും മാറ്റം വരുമെങ്കിലോ എന്നു കരുതി കത്ത് പോസ്റ്റ് ചെയ്തില്ല. ഓരോ ദിവസവും കത്തിൽ മാറ്റങ്ങൾ വന്നു. ഏഴാം ദിവസം ഒരു സുഹൃത്തിന് എഴുതുന്ന കത്തു പോലെ അത് ഊഷ്മളമായി.

കുറച്ചുസമയം അനുവദിച്ചാൽ എന്തിനും പരിഹാരമാകും. സമയത്തിനും കാലത്തിനും പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല. പെട്ടെന്ന് എല്ലാം ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ കലുഷിതമാകുന്നത്. സമയത്തിന് അസാധാരണമായ സൗഖ്യശേഷിയുണ്ട്. ഒരു പ്രശ്നത്തിൽ ഇപ്പോൾ അനുഭവിക്കുന്ന അതേ തീവ്രത 10 മിനിറ്റു കഴിയുമ്പോൾ ഉണ്ടാകില്ല. സമയം കഴിയുന്തോറും മനസ്സും ശരീരവും ശാന്തമാകും. ബഹളങ്ങൾ അടങ്ങും; വൈകാരികത വിചിന്തനത്തിനു വഴിമാറും. അസ്വാസ്ഥ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ഒരു പ്രവൃത്തിക്കും പക്വതയോ പൂർണതയോ ഉണ്ടാകില്ല.

അതിവൈകാരികതയുടെ അനന്തരഫലം പശ്ചാത്താപമാണ്. ക്രോധം കൊണ്ടു ചെയ്തുപോയ എല്ലാ കാര്യങ്ങളും മാനസാന്തരം കൊണ്ടു പരിഹരിക്കാനായെന്നും വരില്ല. വിമർശനങ്ങളോടുള്ള സമീപനമാണ് വ്യക്തിത്വത്തിന്റെ മാറ്റുരയ്ക്കുന്നത്. വിമർശിക്കപ്പെടാതിരിക്കാൻ മാത്രം വളർച്ച ആർക്കാണുണ്ടാവുക? വീഴ്ചകൾ മറച്ചുവയ്ക്കുന്നവരെയോ വീണിടത്തു കിടന്ന് ഉരുളുന്നവരെയോ അല്ല, വീഴ്ചകൾ തിരുത്തുന്നവരെയും വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരെയുമാണ് ലോകം അംഗീകരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com