sections
MORE

കുഴിയിലാവരുത് കേരളം

SHARE

കേരളത്തിലെ റോഡപകടങ്ങളെ ഇനിയും കണക്കുകൾവച്ചു വിലയിരുത്തേണ്ട കാര്യമില്ല. നമ്മുടെ പാതകളിൽ വീഴുന്ന ചോരയിലൂടെ നീളുന്ന മരണപ്പട്ടിക അത്രയും വലുതാവുകയാണ്. പെരുകുന്ന അപകടങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്ന് റോഡിലെ മരണക്കുഴികൾതന്നെ. വികസനത്തിന്റെയും പുതിയ സാങ്കേതികവിദ്യയുടെയും രാജപാതയിലൂടെ ലോകം യാത്രചെയ്യുമ്പോൾ നിരന്തരം റോഡിലെ കുഴിയിൽ വീണു മരിക്കാനും നടുവൊടിയാനുമൊക്കെയാണു കേരളീയരുടെ വിധി.

റോഡുകളിലെ കുഴികൾ ഈ പരിഷ്കൃതകാലത്തെ നോക്കി പല്ലിളിക്കുകയാണ്. നമ്മുടെ പാതകളിലൊക്കെയും പാതാളക്കുഴികൾ പകയോടെ ഇങ്ങനെ ജീവനെടുത്തുകൊണ്ടിരിക്കുന്നതു കണ്ടിരിക്കാനുള്ളതാണോ? കേരളത്തിൽ റോഡിലെ കുഴികളിൽ വീണു വർഷം ശരാശരി 50 മരണം എന്നതാണു കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കണക്ക്. ഇതിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരാണുതാനും.

ദിനംപ്രതി റോഡിലെ കുഴികൾ പെരുകുകയും വലുതാവുകയും ചെയ്യുന്ന ദുരവസ്‌ഥയിൽനിന്നും ആ കുഴികളൊരുക്കുന്ന അപകടക്കെണിയിൽനിന്നും വാഹനയാത്രയുടെ കഷ്ടപ്പാടിൽനിന്നും എന്നാണു കേരളം മോചിതമാവുക? ഈ മഴക്കാലത്തോടൊപ്പം സംസ്ഥാനത്തു പലയിടത്തും റോഡ് യാത്ര അത്യധികം ക്ലേശകരമായിക്കഴിഞ്ഞു. നമ്മുടെ ചെറുതും വലുതുമായ പല റോഡുകളെയും ഇപ്പോൾ ആ പേരിൽ വിളിക്കാനാവില്ല എന്നതാണു യാഥാർഥ്യം. മുൻപു റോഡ് ഉണ്ടായിരുന്നിടം അടയാളപ്പെടുത്തുന്നതു കുണ്ടും കുഴികളും വെള്ളക്കെട്ടുമാണ്.

ഒരുകാലത്തും പൊളിയാത്ത, കുഴിയാത്ത റോഡുകൾക്കുവേണ്ടി കേരളം ഇനിയും എത്രകാലം കാത്തിരിക്കണം?  മഴക്കാലത്തു തകരുകയും വേനലിൽ മിനുക്കുപണിയിലൂടെ കുഴിയടയ്‌ക്കുകയും ചെയ്യുന്ന വാർഷികപരിപാടി ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചേതീരൂ. കുഴി ഉണ്ടായാൽ ഉടൻതന്നെ അടയ്‌ക്കാനുള്ള സംവിധാനമാണു വേണ്ടത്. റോഡ് കുത്തിപ്പൊളിച്ച്, അടയ്ക്കാതെ ഇടുന്ന പതിവു നാടകത്തിനും തിരശീല വീഴണം. കുഴികൾ മൂടാതെവയ്ക്കുന്നവരുടെ അലംഭാവം ഇവിടെ എത്രയോ പേരുടെ ജീവൻ എടുത്തുകൊണ്ടേയിരിക്കുന്നു. അടിയന്തരാവശ്യങ്ങൾക്കായി റോഡ് കുത്തിപ്പൊളിക്കേണ്ടി വന്നേക്കാമെന്നു വാദിച്ചാൽത്തന്നെ, ഒട്ടുംവൈകാതെ ഏറ്റവും മികച്ച രീതിയിൽ കുഴികൾ നികത്തി അറ്റകുറ്റപ്പണി നടത്താനും ശ്രദ്ധ കാണിക്കേണ്ടതല്ലേ?

മോശം റോഡുകൾ മൂലം അപകടങ്ങളിൽപെടുന്നവർക്കു ബെംഗളൂരു മഹാനഗരസഭ നഷ്ടപരിഹാരം നൽകണമെന്നു കർണാടക ഹൈക്കോടതി ഉത്തരവിട്ടതു കഴിഞ്ഞ മാസമാണ്. റോഡിൽ കുഴികളില്ലെന്ന് ഉറപ്പാക്കേണ്ടതു നിയമപരമായും ഭരണഘടനാപരമായും നഗരസഭയുടെ ബാധ്യതയാണെന്നാണ് കോടതി പറഞ്ഞത്. ബെംഗളൂരുവിൽ രണ്ടുവർഷത്തിനിടെ കുഴിയിൽ ബൈക്ക് മറിഞ്ഞ് 10 പേരാണു മരിച്ചത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുമുണ്ട്.

അല്ലെങ്കിൽത്തന്നെ കഴിഞ്ഞ രണ്ടു കൊടുംമഴക്കാലത്തിന്റെ കെടുതി അനുഭവിച്ചതാണു കേരളത്തിലെ റോഡുകൾ. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ മരാമത്തു വകുപ്പിന് 2611 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ജി.സുധാകരൻ പറയുകയുണ്ടായി. തകർന്ന 1600 കിലോമീറ്റർ റോഡിന്റെ പുനർനിർമാണത്തിന് 2000 കോടി രൂപ വേണം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മരാമത്തു വകുപ്പിനു 11,000 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്.

മഴയ്ക്കു മുൻപുതന്നെ തകർന്ന റോഡുകൾകൂടി കൊടുംമഴ കൊണ്ടുള്ള നാശത്തിന്റെ കണക്കിൽ പെടുത്താറുണ്ട്. മഴയ്ക്കു മുൻപുതന്നെ ഇത്തരം റോഡുകൾ നന്നാക്കാമായിരുന്നുവെങ്കിലും അതു നമ്മൾ ചെയ്തില്ല. ‌വർഷത്തിൽ നാലു മാസത്തോളം മഴ പെയ്യുന്ന കേരളം പോലുള്ള സംസ്ഥാനത്ത്, വെള്ളത്തിൽ തകരാത്ത റോഡുകൾ നിർമിക്കാൻ വ്യക്തമായ കാഴ്ചപ്പാടുകൂടി ഉണ്ടാവേണ്ടതുണ്ട്.

സഞ്ചാരയോഗ്യമായ റോഡുകൾ ജനങ്ങളുടെ അവകാശമാണ്. നികുതിയടയ്ക്കുന്ന ജനങ്ങൾ റോഡുകളിൽ അപകടഭീഷണി നേരിടേണ്ടിവരുന്നതിന് ഒരു ന്യായീകരണവുമില്ല. മഴയിൽ തകർന്ന റോഡുകളിലെ കുഴികളടച്ച് അറ്റകുറ്റപ്പണി നടത്തേണ്ടത് കേരളത്തിന്റെ അടിയന്തര ആവശ്യമാണെന്ന വസ്തുത സർക്കാരിന്റെ മുന്നിലുണ്ടായേതീരൂ. ബന്ധപ്പെട്ടവർ മനസ്സുവച്ചാൽ നമ്മുടെ റോഡും നന്നാവുമെന്നു തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA