sections
MORE

ലക്ഷക്കണക്കിനു ലീറ്റർ വെള്ളവുമായി തലയ്ക്കു മീതെ ജലബോംബ്; ചങ്കിടിച്ച് കേരളം

Quary-at-Thrissur-Kunjalippara
തൃശൂർ ചാലക്കുടിയിൽ മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ക്വാറിയിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെ ആകാശദൃശ്യം.
SHARE

പാറ തെളിക്കുമ്പോൾ നീക്കം ചെയ്യുന്ന മണ്ണും മേൽമട്ടിയും പാറപൊട്ടിച്ചു രൂപപ്പെടുന്ന ഗർത്തം നികത്താൻ ഉപയോഗിക്കണമെന്നാണു നിയമമെങ്കിലും, ഒരു പാറമട ഉടമ പോലും അതു പാലിക്കാറില്ല. മണ്ണു സംരക്ഷിക്കണമെന്നും പരിസ്ഥിതി പൂർവ സ്ഥിതിയിലാക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. ഇതു പാലിക്കാൻ പാറമട ഉടമകൾ ബാധ്യസ്ഥരാണെങ്കിലും, ഖനനം കഴിഞ്ഞാൽ അവർ തിരിഞ്ഞുനോക്കാറില്ല എന്നതാണു വസ്തുത. നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിലും കണ്ണടയ്ക്കുന്നു.

ഖനനത്തിനു ശേഷമുള്ള പാറമടകൾ ശരിക്കും മരണമടകളാണ്. മഴക്കാലത്തു വെള്ളം നിറഞ്ഞാൽ ഇവ അപകടക്കുളങ്ങളാകും. മഴ ശക്തമാകുമ്പോൾ 30 മുതൽ 70 മീറ്റർ വരെ താഴ്ചയിൽ ക്വാറികളിൽ വെള്ളം കെട്ടിനിൽക്കും. സംരക്ഷണവേലി പോലുമില്ലാത്ത പാറമടകളിൽ മുങ്ങിമരണങ്ങൾ പതിവ്. ഇവ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകിയാൽ ഉരുൾപൊട്ടൽ ഭീഷണി വേറെ. 45 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള പ്രദേശത്ത് ക്വാറി അനുവദിക്കരുതെന്നാണു നിയമമെങ്കിലും, പല ജില്ലകളിലും ക്വാറികൾ 70 മുതൽ 80 ഡിഗ്രി വരെ ചെരിവുള്ള മലമുകളിലാണ്. ഇടുക്കി ജില്ലയിലാണ് ഇത്തരം ക്വാറികൾ കൂടുതലുള്ളത്.

ക്വാറി സേഫ്റ്റി ഫണ്ടോ?

ഉപേക്ഷിക്കപ്പെട്ട ക്വാറികൾ സുരക്ഷിതമാക്കാൻ എന്തു നടപടിയെടുത്തു എന്നു ചോദിച്ചാൽ, സുരക്ഷിതമാക്കാൻ നിർദേശം നൽകാറുണ്ട് എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു പറയാനുള്ളത്. ക്വാറി സേഫ്റ്റി ഫണ്ട് എന്ന പേരിൽ റോയൽറ്റിയായി സർക്കാർ ഈടാക്കുന്ന തുക ഉപയോഗിച്ച് ക്വാറികൾ സുരക്ഷിതമാക്കണമെന്നാണു നിയമം.  കലക്ടറുടെ പേരിലാണ് അക്കൗണ്ട്. പക്ഷേ, ഈ തുക പലരും ഉപയോഗിക്കാറില്ല. തുക എന്തിനൊക്കെ ഉപയോഗിച്ചു എന്നു വിവരാവകാശ പ്രകാരം ചോദിച്ചാലും അഴകൊഴമ്പൻ മറുപടിയാകും ലഭിക്കുക.

പാറ പൊട്ടിക്കലും ഉരുൾപൊട്ടലും

representational-image

ഉരുൾപൊട്ടൽ സാധ്യതയുള്ള ചെരിവുള്ള പ്രദേശങ്ങളിൽ ഭൂമിയിലെ ചെറിയ കുലുക്കം പോലും ഉരുൾപൊട്ടലിനു കാരണമായേക്കാം. കനത്ത മഴയിൽ മണ്ണിനടിയിൽ മർദം വർധിക്കുന്ന സമയത്ത് ക്വാറികളിലെ സ്ഫോടനം ഭൂമിയുടെ അടിത്തട്ടിലെ കരിങ്കൽപാളികളിൽ ഉണ്ടാക്കുന്ന കുലുക്കവും വിള്ളലും ഉരുൾപൊട്ടലുണ്ടാക്കുമെന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു. മണ്ണിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കാൾ പതിന്മടങ്ങു ശക്തമായിരിക്കും ഈ ഉരുൾപൊട്ടൽ.

ക്വാറികളിൽ സ്ഫോടനം നടക്കുമ്പോൾ പുറത്തേക്കു തെറിക്കുന്ന കല്ലുകൾ ഏകദേശം 500 മീറ്റർ പരിധിവരെ എത്തുമെന്നും ചുരുങ്ങിയതു 300 മീറ്റർ പരിധിയിൽ ഭൂമിക്കടിയിൽ പ്രകമ്പനങ്ങൾ ഉണ്ടാകുമെന്നുമാണ് കണ്ടെത്തൽ. ശബ്ദതരംഗം ഏറ്റവും കൂടുതൽ വേഗത്തിൽ കടന്നുപോകുന്നത് വജ്രത്തിലൂടെയും കരിങ്കല്ലിലൂടെയുമാണ്. ഒരു സ്ഥലത്തു സ്ഫോടനമുണ്ടായാൽ അതിന്റെ തുടർച്ച എവിടെ വരെ ഉണ്ടോ അവിടെ വരെ ശബ്ദതരംഗം കടന്നുപോകും.

പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരുടെ ജീവനെക്കുറിച്ചും ഒരു ചിന്തയുമില്ലാതെയാണ് കേരളത്തിലെ അനധികൃത ക്വാറി ഇടപാടുകൾ തുടരുന്നത്. അഴിമതിയുടെ തിളക്കത്തിൽ നിയമങ്ങൾ ഇല്ലാതാക്കുന്നവർ ഓർക്കണം, ഇതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരിക പാറമടകൾക്കു സമീപം താമസിക്കുന്നവർ മാത്രമാകില്ല. 

കേരളത്തിൽ ‘ക്ഷാമം’;  പാറ പറക്കുന്നു

bribe

കേരളത്തിൽ കരിങ്കല്ലും എംസാൻഡുമൊന്നും കിട്ടാനില്ലെന്നാണു സർക്കാർ പല്ലവി. അതിന്റെ മറവിലാണ് ബാറുകൾ തുറക്കുന്നതു പോലെ ക്വാറികൾക്കും വാരിക്കോരി അനുമതി നൽകുന്നത്. എന്നാൽ, കോടികളുടെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നതായി സർക്കാർ കണക്കുകളിൽ തന്നെയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളിൽനിന്നു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും തൂത്തുക്കുടി തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്കും പാറ പോകുന്നു. അലങ്കാര വിതാനശിലയാണ് (ഗ്രാനൈറ്റ് ഡൈമൻഷൻ സ്റ്റോൺ) വിദേശത്തേക്കു കയറ്റിവിടുന്നതിൽ കൂടുതലും. ദുബായ്, തയ്‌വാൻ, ദക്ഷിണ കൊറിയ, മാലദ്വീപ്, ചൈന എന്നീ രാജ്യങ്ങളിലേക്കാണു കയറ്റുമതി.

സംസ്ഥാനത്തിനു പുറത്തേക്കു പാറ കൊണ്ടുപോകാനുള്ള ജിയോളജി വകുപ്പിന്റെ ഒരു പാസിന്റെ മറവിൽ പല പല ലോഡുകൾ അതിർത്തി കടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 1400 ലോഡ് കരിങ്കല്ലാണു കേരളത്തിനു പുറത്തേക്കു പോയത്; എംസാൻഡ് 25,000 ലോഡും. എന്നാൽ, ശരിക്കും അതിർത്തി കടന്നത് ഇതിന്റെ പല ഇരട്ടിയാണ്. 

ചട്ടം വഴിമാറും, ചിലർക്കു വേണ്ടി

അനധികൃത ഇടപാടുകൾക്കു കുട പിടിക്കാനും വികസന പ്രവർത്തനങ്ങളെ ഉപയോഗിക്കുന്നതാണ് പുതിയ രീതി. വിഴിഞ്ഞം തുറമുഖ കമ്പനിക്കു കരിങ്കല്ലു നൽകാൻ നെയ്യാറ്റിൻകര പെരുങ്കടവിള വില്ലേജിൽ പ്രവർത്തിച്ചിരുന്ന ഒരു ക്വാറിക്ക് സർക്കാർ ചട്ടവിരുദ്ധ ഉത്തരവു നൽകിയതും ഇത്തരത്തിലാണ്.

വ്യവസായ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി എ.സി.മൊയ്തീൻ ആദ്യം എതിർപ്പു രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഉത്തരവിറക്കുകയായിരുന്നു. 2017ൽ പാട്ടക്കാലാവധി കഴിഞ്ഞ ക്വാറിയിൽ നിന്നു തുറമുഖ നിർമാണത്തിനു കരിങ്കല്ലു ലഭ്യമാക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണു സർക്കാരിനോട് ആവശ്യപ്പെട്ടത്.

കരിങ്കല്ലിന്റെ അളവു നിശ്ചയിച്ച ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നു മന്ത്രി ഫയലിൽ കുറിച്ചെങ്കിലും, അളവു കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു ജിയോളജി വകുപ്പിന്റെ വിചിത്ര മറുപടി. ഉന്നതരുടെ ഇടപെടൽ മൂലം ഖനനത്തിനു പിന്നീട് അനുമതി നൽകി. ഈ ഇടപാടിൽ സർക്കാരിനു ലഭിക്കുന്നതാകട്ടെ, ടണ്ണിന് റോയൽറ്റി ഇനത്തിലെ 24 രൂപ മാത്രം. ടണ്ണിനു 1463 രൂപയ്ക്കു കല്ലു വാങ്ങുമെന്ന് പദ്ധതിയുടെ കരാറിൽ സർക്കാരിനെ അറിയിച്ച തുറമുഖ കമ്പനിക്കു പാറ ലഭിക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്ക്. ഉത്തരവു മറയാക്കി, ഖനനം അവസാനിപ്പിച്ച ക്വാറിയിൽനിന്ന് ഇപ്പോൾ വ്യാപകമായി പാറ പൊട്ടിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടിന് മണ്ണെടുപ്പും

മണ്ണെടുപ്പിന് അനുമതി നൽകാനുള്ള അധികാരം 2015ലെ നിയമഭേദഗതി വഴി ലഭിച്ചതോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ മണ്ണെടുപ്പുകാരും പ്രധാനികളായി. കുന്നുകൾ വിലയ്ക്കെടുത്ത ശേഷം തദ്ദേശ സ്ഥാപനത്തിൽനിന്നു വീടു നിർമിക്കാനുള്ള പെർമിറ്റ് എടുത്താണ് ഇവർ തുടങ്ങുക. ഈ പെർമിറ്റുമായി ജിയോളജി വകുപ്പിൽനിന്നു പാസ് സ്വന്തമാക്കും. ഈ പാസ് ഉപയോഗിച്ചു കുന്നാകെ ഇടിച്ചുനിരത്തി വയലുകൾ നികത്തും. മഴക്കാലത്തു വെള്ളം കയറിക്കിടന്നിരുന്ന വയലുകളാണ് ഇങ്ങനെ നികത്തപ്പെട്ടതിൽ ഏറെയും. ചെറിയ മഴയിൽ പോലും ഇപ്പോഴവിടെ വെള്ളപ്പൊക്കമാണ്. മാന്തിയെടുത്ത കുന്നുകളിൽ മഴക്കാലത്ത് അപകടകരമായ മണ്ണിടിച്ചിലുമുണ്ടാകുന്നു.

അവസാനിച്ചു

തയാറാക്കിയത്: ജി.വിനോദ്, കെ.ജയപ്രകാശ് ബാബു, എസ്.വി.രാജേഷ്, എ.എസ്.ഉല്ലാസ്, കെ.പി.സഫീന, ജിതിൻ ജോസ്, എസ്.പി.ശരത്. സങ്കലനം: നിധീഷ് ചന്ദ്രൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA