sections
MORE

കേരളത്തിന്റെ ചങ്കിടിക്കരുത്

SHARE

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങളിൽ മുഖ്യസ്ഥാനത്താണ് അനധികൃത ഖനനവും അതുകൊണ്ടുള്ള പരിസ്ഥിതി ആഘാതവും. നിർമാണ പ്രവർത്തനങ്ങൾക്കു കരിങ്കല്ലും മറ്റും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തെ ചൂഷണം ചെയ്താണ് നമുക്ക് ആവശ്യമുള്ളതിലധികം പ്രകൃതിവിഭവങ്ങളുടെ ഖനനം നടക്കുന്നത്. അനുവദിച്ചതിൽ കൂടുതൽ ഖനനം നടത്തിയും അനുവദനീയമായ ക്വാറിയോടു ചേർന്നുള്ള പ്രദേശത്ത് അനുമതിയില്ലാതെ ഖനനം ചെയ്തുമാണ് പ്രധാനമായും ഇത്തരക്കാരുടെ പ്രവർത്തനം. 

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനുശേഷം സംസ്ഥാനത്തെ പരിസ്ഥിതി ആഘാതം പഠിക്കാൻ നിയോഗിക്കപ്പെട്ട നിയമസഭാ പരിസ്ഥിതി സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ക്വാറികളുടെ പ്രവർത്തനംകൊണ്ട് പശ്ചിമഘട്ടത്തിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ, വിള്ളലുകൾ, പുഴ വഴിമാറി ഒഴുകൽ, പുതിയ മൺതിട്ടകൾ രൂപപ്പെടൽ എന്നിവ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിപ്രാധാന്യമുള്ള മേഖലയിലെ അനിയന്ത്രിതമായ ചൂഷണം കാലാവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണവും സമിതിയുടേതായുണ്ട്. 

കനത്ത മഴയിൽ മണ്ണിനടിയിൽ മർദം വർധിക്കുന്ന സമയത്ത് ക്വാറികളിൽ സ്ഫോടനങ്ങൾ നടത്തുമ്പോൾ ഭൂമിയുടെ അടിത്തട്ടിലെ കരിങ്കൽപാളികളിൽ ഉണ്ടാകുന്ന കുലുക്കവും വിള്ളലും ഉരുൾപൊട്ടലുണ്ടാക്കുമെന്നു ഭൗമശാസ്ത്രജ്ഞരും പറയുന്നു. മണ്ണിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കാൾ പതിന്മടങ്ങു ശക്തമായിരിക്കും ഈ ഉരുൾപൊട്ടൽ. 

നിയമസഭാ സമിതിയുടെ റിപ്പോർട്ടിൽ ഇതുവരെ നടപടികളൊന്നും എടുക്കാത്ത സർക്കാർ അനധികൃത ഖനനത്തിനെതിരെയും  കണ്ണടച്ചിരിക്കുകയാണ്. 2018ലെ പ്രളയത്തിനുശേഷം മാത്രം കേരളത്തിൽ പുതുതായി 119 ക്വാറികൾക്കാണ് അനുമതി നൽകിയത്.  ഒട്ടേറെപ്പേർ മരിച്ച കവളപ്പാറയിലെ ഉരുൾപൊട്ടൽ സ്ഥലത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ മാത്രം 66 ക്വാറികളാണു പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ എത്ര ക്വാറികൾ പ്രവർത്തിക്കുന്നുവെന്നോ എത്ര ടൺ പാറ ഖനനം ചെയ്യുന്നുവെന്നോ കൃത്യമായി പറയാൻ കഴിയാത്തതുതന്നെ അധികൃതരുടെ അനാസ്ഥയ്ക്കു തെളിവാകുന്നു. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ചങ്കിടിച്ച് കേരളം’ എന്ന പരമ്പര ഈ ദിശയിലുള്ള അന്വേഷണമാണ്.

പരിസ്ഥിതിക്ക് കൂടുതൽ ആഘാതം വരുത്തുന്ന പുതിയ നയങ്ങളും നിയമങ്ങളും നടപ്പാക്കാനും ഈ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരിസ്ഥിതിലോല മേഖലകളിൽ കൂടുതൽ ക്വാറികൾ അനുവദിക്കുന്നതു വിലക്കിക്കൊണ്ടുള്ള 2013ലെ കേന്ദ്ര വിജ്ഞാപനത്തിൽ ഇളവുതേടി  സംസ്ഥാന സർക്കാർ അപേക്ഷ നൽകിയതും 1964ലെ ഭൂപതിവു ചട്ടപ്രകാരം കൃഷിക്കു വേണ്ടി പതിച്ചുനൽകിയ ഭൂമിയിൽ ഖനനം അനുവദിക്കാനുള്ള തീരുമാനമെടുത്തതും ഈ നയംമാറ്റങ്ങൾക്കുള്ള ഉദാഹരണമാണ്. തിരുവനന്തപുരം പള്ളിച്ചൽ മുക്കുന്നിമലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറി അഴിമതിക്കേസിന്റെ അന്വേഷണം അട്ടിമറിച്ചതു പോലുള്ള കാര്യങ്ങളും ഇതിനൊപ്പം നടക്കുന്നു. 

ഉദ്യോഗസ്ഥ, രാഷ്ട്രീയ തലങ്ങളിൽ നടക്കുന്ന വലിയതോതിലുള്ള അഴിമതി തന്നെയാണ് സർക്കാരിന്റെ ഈ കണ്ണടയ്ക്കലിനു പിന്നിലെന്നുവേണം കരുതാൻ. ആവശ്യക്കാരിൽ എത്തുമ്പോൾ 1000 മുതൽ 1200 രൂപ വരെയാകുന്ന കരിങ്കല്ലിന്റെ പേരിൽ  സ്വകാര്യഭൂമിയിലെ ക്വാറിയിൽനിന്നു ടണ്ണിന് 24 രൂപയും സർക്കാർ ഭൂമിയിൽനിന്ന് 74 രൂപയും മാത്രമേ സർക്കാരിനു റോയൽറ്റി കിട്ടുന്നുള്ളൂ എന്നത് ഈ അഴിമതികൊണ്ടു തന്നെയല്ലേ? ഒരുമാസം ഏറ്റവും കുറഞ്ഞത് 200 കോടി രൂപ ഈ മേഖലയിലെ ഇടപാടുകളിൽ കോഴപ്പണമായി എത്തുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 

പരിസ്ഥിതിക്കു പ്രാമുഖ്യം നൽകിക്കൊണ്ടുള്ള നയരൂപീകരണത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. പരിസ്ഥിതിലോല മേഖലകളിലെയും ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെയും ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും മറ്റു സ്ഥലങ്ങളിൽ ഇവയുടെ പ്രവർത്തനത്തിനു നിയന്ത്രണം കൊണ്ടുവരികയും വേണം. നിലവിലെ ക്വാറികളിൽനിന്ന് ആവശ്യത്തിനു പാറ പൊട്ടിച്ചതിനു ശേഷം മാത്രം പുതിയവയ്ക്ക് അനുമതി നൽകുന്ന തരത്തിൽ നിയമം ശക്തമാക്കണം. കരിങ്കല്ലിന്റെയും മണലിന്റെയും ഉപയോഗം കുറച്ചുകൊണ്ടുള്ള ബദൽ നിർമാണരീതികളെക്കുറിച്ചു ജനങ്ങൾ ചിന്തിച്ചുതുടങ്ങുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA