ADVERTISEMENT

വിദ്യാർഥിസംഘടനകൾക്ക് ക്യാംപസിൽ പ്രവർത്തിക്കാൻ നിയമസംരക്ഷണം നൽകാൻ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിനോട് തത്വത്തിൽ വിയോജിക്കാൻ കഴിയുന്നില്ല; പ്രത്യേകിച്ച്, അത് ഏക സംഘടനാ ക്യാംപസുകൾക്ക് അറുതിവരുത്തുമെങ്കിൽ. എന്നാൽ, പ്രായോഗികതലത്തിൽ ഈ ഓർഡിനൻസിനോട് സൂക്ഷ്മമായ വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടതുണ്ട്.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഉദാത്ത മൂല്യങ്ങളിലൊന്നാണ് പരിധികളില്ലാത്ത ചിന്ത. അതുകൊണ്ടുതന്നെ, വിദ്യാർഥിരാഷ്ട്രീയവും ആവിഷ്കാര സ്വാതന്ത്ര്യവും വിമർശനചിന്തയും അനുവദിക്കാത്ത ഇടങ്ങളെ ക്യാംപസ് എന്നു വിളിക്കാനാകില്ല. എന്നാൽ, പരിധികളില്ലാത്ത ചിന്തയ്ക്കും സംഘടനാപ്രവർത്തനത്തിനുമുള്ള സ്വാതന്ത്ര്യത്തിൽ, അക്രമവും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും സമാധാനവും നിഷേധിക്കുന്നതും ഉൾപ്പെടുന്നില്ല.

ചില സെൽഫ് ഫിനാൻസ് കോളജുകളിൽ സംഘടനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, മറ്റിടങ്ങളിൽ ആ സ്വാതന്ത്ര്യം ചില സംഘടനകൾ കയ്യടക്കിവച്ച് അതു ബഹുഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യമില്ലായ്മയായി മാറ്റിയിരിക്കുന്നു. ഇത്തരം പാർട്ടിക്യാംപസുകളിൽ വിദ്യാർഥിരാഷ്ട്രീയം എന്നത് സ്വാതന്ത്ര്യനിഷേധം, ജനാധിപത്യധ്വംസനം, ഗുണ്ടായിസം ഇവയൊക്കെയായി പരിണമിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ സംഘടനാപ്രവർത്തനത്തിന്റെ സംരക്ഷണം മാത്രം പരാമർശിക്കുന്ന ഓർഡിനൻസ് ഏകപക്ഷീയമായിപ്പോയി. ക്യാംപസിൽ പത്തിവിടർത്തിയാടുന്ന ഗുണ്ടാവാഴ്ചയ്ക്കു നേരെ കണ്ണടച്ച്, സെൽഫ് ഫിനാൻസ് കോളജുകളിൽ കൂടി അത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയേക്കാവുന്നതാണ് പുതിയ ഓർഡിനൻസ്.

ക്യാംപസിലെ അക്രമങ്ങളെയും ഗുണ്ടാവാഴ്ചയെയും നിസ്സാരവൽക്കരിക്കുന്നതിന്റെ ചില സൂചനകൾ നേരത്തേ തന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പെട്ടെന്നു ബാഷ്പീകരിച്ചുപോയ ചില താൽക്കാലിക നടപടികൾ എടുത്ത സമയത്തു തന്നെ, ഗുണ്ടാവിളയാട്ടം നടന്ന ക്യാംപസുകൾ മികവിന്റെ കേന്ദ്രങ്ങളാണെന്നു മറക്കേണ്ട എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രസ്താവിച്ചു കണ്ടു. നിയോ ലിബറൽ അജൻഡയെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ കോർപറേറ്റ്‌വൽക്കരണത്തിന്റെ ലക്ഷണമെന്നുമൊക്കെ വിമർശിക്കപ്പെട്ട അക്രഡിറ്റേഷനും റാങ്കിങ്ങുമാണ് അദ്ദേഹം അതിനു തെളിവായി ഉപയോഗിച്ചതെന്നത് കൗതുകകരമാണ്.

എന്നാൽ, ആ പരാമർശം പോലും അപൂർണമായിരുന്നു. കത്തിക്കുത്തും ആത്മഹത്യാശ്രമവും നടക്കുകയും 187 വിദ്യാർഥികൾ ടിസി വാങ്ങി പോകുകയും ചെയ്ത കോളജ് ‘നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക്’ പ്രകാരം, കേരളത്തിലെ ഒന്നാം റാങ്ക് നേടിയ കോളജാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, 5 വർഷത്തെ സമഗ്ര വിലയിരുത്തലിൽ നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) നൽകിയ ഗ്രേഡ് പോയിന്റ് പ്രകാരം അതേ കോളജ് കേരളത്തിൽ 86ാം സ്ഥാനത്താണെന്ന് അദ്ദേഹം അറിയുന്നുണ്ടോ?

സംസ്ഥാനതല അക്രഡിറ്റേഷൻ പ്രക്രിയയിലും ക്യാംപസിലെ ജനാധിപത്യം അക്രഡിറ്റേഷനായി പരിഗണിക്കുന്നില്ല എന്നതു ശ്രദ്ധേയം. മതനിരപേക്ഷത, ശാസ്ത്രചിന്ത, നവോത്ഥാനം ഒക്കെ ചേർത്താണ് സാക് (സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) കേരളീയമായ അക്രഡിറ്റേഷന് ഒരുങ്ങുന്നത്.

ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയാണ്. അത്തരമൊരു അവസരത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്നത് അനുചിതമായിപ്പോയി. ഓർഡിനൻസായി കൊണ്ടുവരാനുള്ള സാഹചര്യവും വ്യക്തമല്ല. ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് സമ്പൂർണ ചർച്ചയിലൂടെ കൊണ്ടുവന്നിരുന്നെങ്കിൽ കൂടുതൽ ഉചിതമാകുമായിരുന്നു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കാൻ പാടില്ല. അതേസമയം, ക്യാംപസിലെ അക്രമരാഷ്ട്രീയവും ഗുണ്ടായിസവും നിരോധിക്കുകതന്നെ വേണം.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ തീരുമാനിച്ചാൽ ക്യാംപസുകളിലെ അക്രമരാഷ്ട്രീയം വലിയൊരളവു വരെ നിലയ്ക്കും. അവരുടെ അണികളിലെത്തിച്ചേരുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ അതു ഗണ്യമായ കുറവുണ്ടാക്കും. സമൂഹത്തിന്റെ നേട്ടം മുൻനിർത്തി ഈ ത്യാഗം അവർ സഹിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

ക്ലാസ്മുറികളിൽ മാറ്റൊലികൊള്ളുന്ന സ്വാതന്ത്ര്യത്തിന്റെയും യുക്തിയുടെയും മനുഷ്യാവകാശത്തിന്റെയും മാനവികതയുടെയും നവോത്ഥാനത്തിന്റെയും ഉദാത്ത ചിന്തകൾ സ്വന്തം ക്യാംപസിൽത്തന്നെ ചവിട്ടിമെതിക്കപ്പെടുമ്പോഴും, അവിടെ ജനാധിപത്യം നിലനിൽക്കുന്നുവെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന അവസ്ഥയിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്ന സ്റ്റോക്കോം സിൻഡ്രോമിലാണ് ഇന്നു പല ക്യാംപസുകളും. ഇതു നമ്മുടെ ഭാവിതലമുറയെ എങ്ങനെയാകും രൂപപ്പെടുത്തുക?

വിദ്യാർഥികളുടെ ജീവിതദർശനവും രാഷ്ട്രീയ ആഭിമുഖ്യവും എന്തുമാകട്ടെ; നിർഭയരായി, അഭിമാനക്ഷതമില്ലാതെ (നി)സഹകരിക്കാനുള്ള സ്വാതന്ത്ര്യത്തോടെ കലാലയങ്ങളിൽ പഠിക്കാനും കൂട്ടുകൂടാനും ചിന്തിക്കാനും പാറിപ്പറന്നു നടക്കാനുമുള്ള അവകാശം അവർക്ക് ഉറപ്പാക്കണം. ഏതു ലക്ഷ്യത്തിന്റെ പേരുപറഞ്ഞായാലും ഏതു സിദ്ധാന്തം ഉദ്ധരിച്ചാണെങ്കിലും ഈ അവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പുമേധാവിയാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com