ADVERTISEMENT

ഇന്ത്യക്കാർക്ക് പൊതുനിയമനങ്ങളിൽ 60% ഒഴിവുകൾ മാറ്റിവച്ചുകൊണ്ട് 1926ൽ സ്ഥാപിച്ച പബ്ലിക് സർവീസ് കമ്മിഷനിൽ നിന്നാണ് ഇന്ത്യയിൽ പിഎസ്‌സികളുടെ തുടക്കം. ആദ്യത്തെ പബ്ലിക് സർവീസ് കമ്മിഷന്റെ നിയന്ത്രിതമായ അധികാരങ്ങൾ വിപുലീകരിക്കാൻ സ്വാതന്ത്ര്യസമരകാലത്തു പ്രക്ഷോഭമുണ്ടായി. അതിന്റെ ഫലമായാണ് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഫെഡറൽ പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിച്ചത്.

പഠനമാധ്യമം മാതൃഭാഷയിലാക്കണമെന്ന് ആവശ്യപ്പെട്ട് 1937ൽ ഗാന്ധിജി ഇന്ത്യയിലെ ഭാഷാവൈവിധ്യം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭരണഘടനയിലെ 315 – 323 വകുപ്പുകൾ പ്രകാരം കേന്ദ്രത്തിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനും സംസ്ഥാനങ്ങളിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനുകളും നിലവിൽവന്നു.

എല്ലാ സംസ്ഥാനങ്ങളിലും പിഎസ്‌സി പരീക്ഷ നടത്തുന്നത് അവിടങ്ങളിലെ ഭാഷകളിലാണ്. അതിനു വേണ്ടിയാണ്  ഭരണഘടനാ പിതാക്കൾ ഓരോ സംസ്ഥാനത്തിനും പിഎസ്‌സി അനുവദിച്ചത്. യുപിഎസ്‌സി പോലും ഐഎഎസ് തുടങ്ങിയ സിവിൽ സർവീസ് ഉദ്യോഗങ്ങളുടെ പരീക്ഷകളും ഇംഗ്ലിഷിനു പുറമേ, ഇന്ത്യയിലെ ഇതര ഭാഷകളിലും നടത്തുന്നു. ഇതിന് അപവാദമായി നിലകൊള്ളുന്നത് കേരളത്തിലെ പിഎസ്‌സിയാണ്.

കേരളത്തിലെ ജനസംഖ്യയുടെ 97% ആളുകളുടെയും മാതൃഭാഷ മലയാളം ആണെന്നിരിക്കെ, കേരള പബ്ലിക് സർവീസ് കമ്മിഷൻ ഇപ്പോഴും പരീക്ഷകൾ നടത്തുന്നത് ഇംഗ്ലിഷിലാണ്. ഇതിനെതിരെ, ഓഗസ്റ്റ് 29നു കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്ത ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിരാഹാരസമരം മലയാളികളുടെ ശ്രദ്ധ അർഹിക്കുന്നു.

2015 ഡിസംബറിൽ മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ നിയമസഭ പാസാക്കി. 2017 ഏപ്രിൽ 26ന് മലയാളം ഭരണഭാഷയാണെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിൽ വൈമുഖ്യം കാണിക്കുന്ന ഉദ്യോഗസ്ഥർ ശിക്ഷാർഹരാണെന്ന ഉത്തരവും പുറത്തുവന്നു. അങ്ങനെ സർക്കാരിന്റെ ഭാഷാനയത്തിന് അനുസൃതമായി ഇനിയും പ്രവർത്തിക്കാൻ കൂട്ടാക്കാത്ത സംസ്ഥാന പിഎസ്‌സിയെക്കുറിച്ച് എന്തു പറയണം?

ഒറ്റവാക്കിൽ പിഎസ്‌സിയുടെ ഇംഗ്ലിഷ് പക്ഷപാതം ജനദ്രോഹപരമാണെന്നു പറയേണ്ടി വരും. പ്രശ്നം ഭാഷാഭിമാനത്തിന്റെയോ മാതൃഭാഷാപ്രേമത്തിന്റെയോ അല്ല; അത് അവസരതുല്യതയുടേതാണ്. ഇംഗ്ലിഷ് കൂടുതൽ പ്രാപ്യമാകുന്നത് സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർക്കാണ്. അതിനു വിദ്യാഭ്യാസച്ചെലവു കൂടും. അങ്ങനെ ലക്ഷക്കണക്കിനു പാവങ്ങളുടെയും സാധാരണക്കാരുടെയും തൊഴിലവസരങ്ങൾ കൊണ്ടാണ് കേരള പിഎസ്‌സി കളിക്കുന്നത്.

എന്തുകൊണ്ടാണ് പിഎസ്‌സി ഇത്തരമൊരു നിലപാടെടുക്കുന്നത്? ഒരു പത്ര റിപ്പോർട്ട് അനുസരിച്ച്, ഇംഗ്ലിഷിൽനിന്നു ചോദ്യക്കടലാസ് മലയാളത്തിലേക്കു വിവർത്തനം ചെയ്യുമ്പോൾ അതിന്റെ രഹസ്യസ്വഭാവം ചോർന്നുപോകുമെന്നാണ് അവർ കരുതുന്നത്. നല്ല കഥ! മുടന്തൻന്യായത്തിന് ഒരു ഒളിംപിക്സ് മത്സരമുണ്ടെങ്കിൽ അതിൽ സ്വർണപ്പതക്കം നേടിയേക്കാവുന്ന വിശദീകരണം. ഇംഗ്ലിഷിൽ നടത്തിയിട്ടും സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ചോദ്യച്ചോർച്ചയുണ്ടായത് ജനം മറക്കുന്നതിനു മുൻപാണിത്! പിഎസ്‌സി അവരുടെ വ്യവസ്ഥ സുദൃഢമാക്കുകയാണു വേണ്ടത്; അല്ലാതെ, അവസരതുല്യത ഹനിക്കുകയല്ല. 

സൂരജ് പറയുന്നു, ‘കാസ്റ്റ്  മാറ്റേഴ്സ്’

suraj-yengde
സൂരജ് യെങ്ഡെ

സൂരജ് യെങ്ഡെയുടെ ‘കാസ്റ്റ് മാറ്റേഴ്സ്’ (ജാതി വലിയ കാര്യമാണ്) എന്ന പുസ്തകം ദലിത്‌ രാഷ്ട്രീയത്തെക്കുറിച്ച് നാളിതുവരെ വന്ന പുസ്തകങ്ങളിൽനിന്നു വ്യത്യസ്തമാണ്. ഈയിടെ പുറത്തിറങ്ങിയ ഈ പുസ്തകം, ഇന്ത്യയിൽ ഇന്നും പ്രകടമായതും പലപ്പോഴും ഒളിപ്പിച്ചുവയ്ക്കുന്നതുമായ ജാതിവെറിയെ സധൈര്യം, പലപ്പോഴും കടുത്ത അമർഷത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നേരിടുന്നു. ഓർക്കുക, ദലിതർ ഹിന്ദുമതത്തിനകത്തു നേരിട്ടിരുന്ന ജാതിപീഡനം സഹിക്കാതെ അംബേദ്കർ ബുദ്ധമതവിശ്വാസിയായി. എന്നാൽ, സൂരജ് യെങ്ഡെ എങ്ങും ഒളിച്ചോടാൻ തയാറല്ല; അദ്ദേഹം ജാതിക്കോമരത്തിന്റെ കണ്ണുകളിലേക്ക് ഇമ പൂട്ടാതെ നോക്കുന്നു.

സൂരജ് യെങ്ഡെയ്ക്ക് ഇപ്പോൾ 30 വയസ്സായി. ജനിച്ചതു മഹാരാഷ്ട്രയിലെ ചെറിയ പട്ടണമായ നാന്ദേഡിൽ ഒരു ദലിത് കുടുംബത്തിലാണ്. മഴ പെയ്താൽ ചോരുന്ന തകരഷീറ്റുകളിട്ട മേൽക്കൂരയ്ക്കു താഴെ, ഒറ്റമുറിയിലാണ് അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സൂരജ് വളർന്നത്. സമൂഹവും ചുറ്റുപാടും ദലിതനായതിന്റെ മുറിപ്പാടുകൾ ഏൽപിച്ചുകൊണ്ടേയിരുന്നു.

അച്ഛൻ ഒരു ക്രിസ്ത്യൻ സ്കൂളിലാണു സൂരജിനെ ചേർത്തത്. അവിടെയും ജാതിപ്രശ്നമുണ്ടായിരുന്നു, പക്ഷേ തീവ്രമായിരുന്നില്ല. പഠിക്കാൻ മിടുക്കനായ കുട്ടിക്ക് മുംബൈ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചു. ‘ഞാൻ അഭിമാനത്തോടെ പറയട്ടെ, ഞാൻ സംവരണത്തിന്റെ ഗുണം അനുഭവിച്ച ആളാണ്’ – പിന്നീട് സൂരജ് പറഞ്ഞു.

മുംബൈയിൽനിന്നു ബർമിങ്ങാം സിറ്റി യൂണിവേഴ്സിറ്റിയിലേക്കു സൂരജ് പഠിക്കാൻ പോയത് സ്കോളർഷിപ്പോടെ ആയിരുന്നു.  2012ൽ അവിടന്ന് അദ്ദേഹത്തിനു നിയമത്തിൽ മാസ്റ്റേഴ്സ് ബിരുദം ലഭിച്ചു. അതിനുശേഷം, ദക്ഷിണാഫ്രിക്കയിലെ  യൂണിവേഴ്സിറ്റി ഓഫ് വിറ്റ്‌വാട്ടർസ്രാൻഡിൽ നിന്നു ഡോക്ടറേറ്റ് സമ്പാദിച്ചു. 2016ൽ ഹാർവഡിൽ എത്തി. ഇപ്പോൾ അവിടത്തെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ്.

4 ഭൂഖണ്ഡങ്ങളിലായി നീണ്ടുനിന്ന പഠനം സൂരജിനു നൽകിയ പാണ്ഡിത്യവും ആത്മവിശ്വാസവും ‘കാസ്റ്റ് മാറ്റേഴ്സ്’ എന്ന ഗ്രന്ഥത്തിൽ സ്പഷ്ടമാണ്. അദ്ദേഹം ആവർത്തിച്ചു പറയുന്നത്, ഇന്നത്തെ ഇന്ത്യയിൽ ജാതി ഒരു വലിയ കാര്യം തന്നെയാണെന്നും അതില്ല എന്നു നടിക്കുന്നത് യാഥാർഥ്യത്തിനു നേരെയുള്ള കണ്ണടയ്ക്കലാണ് എന്നുമാണ്.

ഗ്രന്ഥകർത്താവിന്റെ സ്വന്തം അനുഭവങ്ങളുടെ തീവ്രത പുസ്തകത്തിന്റെ ഒരോ പുറത്തിലുമുണ്ട്. 21ാം നൂറ്റാണ്ടിലെ ഇന്ത്യ പരസ്പരം സ്പർധ പുലർത്തുന്ന എതാണ്ട് 4000 ജാതികളുടെ സഞ്ചയമാണെന്നും അവയെയെല്ലാം കൂട്ടിയിണക്കുന്ന ഏക ഘടകം ഭരണഘടനയാണെന്നും സൂരജ് എഴുതുന്നു. ദലിത്‌ രാഷ്ട്രീയത്തിന്റെ ഈ പുത്തൻശബ്ദം ഇനിയും നാം കേട്ടുകൊണ്ടിരിക്കും.      

സ്കോർപ്പിയൺ കിക്ക്:

ചന്ദ്രനിലെ രണ്ടു കൂറ്റൻ ഗർത്തങ്ങൾക്കിടയിലെ സമതലത്തിൽ വിക്രം ലാൻഡർ, സോഫ്റ്റ് ലാൻഡ് ചെയ്തില്ലെങ്കിൽ ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെടും.

ഇവിടെ പാലായിൽ യുഡിഎഫിന്റെ സ്ഥിതിയും ഏതാണ്ട് അതുപോലെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com