ADVERTISEMENT

ഇന്റർനെറ്റ് വ്യാപകമാകുന്നതിനും മുൻപേ ലോകത്തു പ്രചരിച്ച ചില വ്യാജവാർത്തകൾ പതിറ്റാണ്ടുകൾ കഴിഞ്ഞ് ഇതാ ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്നു. ചിത്രത്തിൽ കാണുന്ന കൂറ്റൻ അസ്ഥികൂടവും തലയോട്ടിയും ആരുടേതാണെന്നറിയാമോ? ബൈബിളിലെ കരുത്തനായ ഗോലിയാത്തിന്റേത്!

ദാവീദ് വധിച്ച ഗോലിയാത്തിന്റെ തലയോട്ടി കണ്ടെത്തി എന്ന വാർത്ത പടം സഹിതം 1993ൽ വീക്ക്‌ലി വേൾഡ് ന്യൂസ് എന്ന അമേരിക്കൻ പത്രമാണ് പ്രസിദ്ധീകരിച്ചത്. സാങ്കൽപിക വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ (കു)പ്രസിദ്ധമായ പത്രമായിരുന്നു ഇത്. അതിമാനുഷ ജീവിതങ്ങളും അഭൗമസംഭവങ്ങളുമൊക്കെ പത്രത്തിൽ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു. ഈ പത്രത്തിന്റെ ഒന്നാം പേജാണ് ഇപ്പോൾ ഗോലിയാത്തിന്റെ തലയോട്ടി കണ്ടെത്തി എന്ന വാർത്തയായി പ്രചരിക്കുന്നത്.

എന്നാൽ, ഗോലിയാത്തിന്റെ അസ്ഥികൂടം എന്ന പേരിൽ കറങ്ങുന്ന കൂറ്റൻ അസ്ഥികൂടത്തിന്റെ സ്രോതസ്സു വേറെയാണ്. ഇറ്റാലിയൻ കലാകാലരനായ ജിനോ ഡേ ഡൊമിനിസസിന്റെ ‘കോസ്മിക് മാഗ്നറ്റ്’ എന്നു പേരുള്ള ശിൽപമാണത്. അസ്ഥികൂടത്തിന്റെ വലുപ്പം കണ്ട ആരോ അതു ഗോലിയാത്തിന്റേതായി പ്രചരിപ്പിച്ചു തുടങ്ങിയിട്ട് 10 വർഷത്തോളമായി. രസകരമായ കാര്യം മഹാഭാരതത്തിലെ ഘടോൽക്കചന്റെ അസ്ഥികൂടം എന്ന പേരിലും ഇതേ ചിത്രം ഇടയ്ക്കു കറങ്ങിയിരുന്നു. 

വ്യാജഗുളിക 3 നേരം! 

പാരസെറ്റമോൾ ഗുളികകളുടെ ഒരു ബാച്ചിൽ മാച്ചുപോ എന്ന മാരക വൈറസ് ഉണ്ടെന്നും അതുപയോഗിക്കരുതെന്നും പറയുന്ന ഒരു ഫോർവേഡ് മെസേജും ഈ ദിവസങ്ങളിൽ കറങ്ങിനടക്കുന്നുണ്ട്. ഗുളിക കഴിച്ചു വൈറസ് ബാധിച്ച ചിലരുടെ ചിത്രങ്ങളും ഒപ്പമുണ്ടാകും. പക്ഷേ, വ്യാജവാർത്തയാണ്. അതു തൊണ്ടതൊടാതെ വിഴുങ്ങരുത്. രണ്ടു വർഷം മുൻപേ ഈ വ്യാജഗുളിക പലയിടത്തും എത്തിയിരുന്നു. ഇതിപ്പോൾ വൈറസിന്റെ രണ്ടാം വരവാണ് (ഏതു മരുന്നും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ). 

ആ കുട്ടികൾ സിറിയയിലേത്

തമിഴ്നാട്ടിൽ ആന്തരികാവയവങ്ങൾ നീക്കംചെയ്ത കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന അടിക്കുറിപ്പോടെ ചില ചിത്രങ്ങൾ നിങ്ങളുടെ വാട്സാപ്പിൽ ഈയിടെ വന്നിരുന്നോ? ഡസൻകണക്കിനു കുട്ടികളുടെ മൃതദേഹങ്ങൾ ഒരു കണ്ടെയ്നറിൽ തമിഴ്നാട് പൊലീസ് കണ്ടെടുത്തുവെന്നാണു പ്രചാരണം.

കുട്ടികളുടെ മൃതദേഹങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്ന ചിത്രങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കാനാകില്ല. എന്തായാലും, അത്തരം പടങ്ങളും വാർത്തയും കണ്ടാൽ വിശ്വസിക്കരുത്. ആ ചിത്രങ്ങൾ സിറിയയിൽ നിന്നുള്ളതാണ്. അവിടത്തെ ആഭ്യന്തര യുദ്ധത്തിനിടെ വിഷവാതകം പ്രയോഗിച്ചുള്ള ആക്രമണത്തിൽ മരിച്ച കുട്ടികളാണത് (ഈ ചിത്രങ്ങളും ഏതാനും വർഷമായി പ്രചാരത്തിലുള്ളതാണ്).

ചുവപ്പു ടിക് വ്യാജനാണ്

വാട്സാപ് മെസേജുകളിൽ 3 നീല ടിക്കുകൾ കണ്ടാൽ സർക്കാർ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കുന്നു, 2 നീല ടിക്കും ഒരു ചുവപ്പു ടിക്കും കണ്ടാൽ ഈ സന്ദേശത്തിന്റെ പേരിൽ സർക്കാരിനു നടപടിയെടുക്കാം, ഒരു നീല ടിക്കും 2 ചുവപ്പു ടിക്കുമാണെങ്കിൽ സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു എന്നൊക്കെയാണ് അർഥം എന്നു പറയുന്ന മെസേജ് കണ്ടിരുന്നോ? പഴയതു വീണ്ടും പൊടിതട്ടിയെടുത്തതാണ്. സർക്കാർ നമ്മുടെ വാട്സാപ് സന്ദേശം നോക്കി ടിക്കിടുന്ന പരിപാടിയൊന്നും തൽക്കാലം തുടങ്ങിയിട്ടില്ല. സംഗതി വ്യാജനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com