ADVERTISEMENT

അപരിചിതനായ ആ യാത്രക്കാരൻ ആട്ടിടയനോടു ചോദിച്ചു, ഇന്നു കാലാവസ്ഥ എങ്ങനെയുണ്ടാകും? ഇടയൻ പറഞ്ഞു, എനിക്ക് ഇഷ്‌ടമുള്ള കാലാവസ്ഥയായിരിക്കും. സംഭാഷണം തുടർന്നു. അതെങ്ങനെ താങ്കൾക്കു മനസ്സിലായി? ‘അനുഭവത്തിൽ നിന്നാണു സാറേ... എനിക്ക് ഇഷ്‌ടമുള്ളതൊന്നും എപ്പോഴും കിട്ടാറില്ല. കിട്ടുന്നതിനെയെല്ലാം ഇഷ്‌ടപ്പെടാൻ സാവധാനം ഞാൻ പഠിച്ചു. അതുകൊണ്ട് എനിക്ക് ഉറപ്പാണ്, ഞാനിഷ്‌ടപ്പെടുന്ന കാലാവസ്ഥയായിരിക്കും ഇന്ന്’.

ഇഷ്‌ടമുള്ളവയുടെ നിർവഹണം മാത്രമല്ല, ഇഷ്‌ടമില്ലാത്തവയുടെ സ്വീകരണം കൂടിയാണു ജീവിതം. ആഗ്രഹങ്ങളുടെ നേർരേഖയിലൂടെ മാത്രം ആർക്കും എപ്പോഴും സഞ്ചരിക്കാനാവില്ല. ജീവിതത്തിലേക്കു കയറിവരുന്നവയും ജീവിതത്തിൽ നിന്ന് അകന്നു പോകുന്നവയും ആരുടെയും അനുവാദം ചോദിച്ചിട്ടല്ല അപ്രകാരം ചെയ്യുന്നത്. 

പ്രവേശനമില്ല എന്ന ബോർഡ് ബാധകമാകുന്നത് അതു മനസ്സിലാകുന്നവർക്കും സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ളവർക്കുമാണ്. ഇഷ്‌ടപ്പെടുന്നവയെല്ലാം വെട്ടിപ്പിടിക്കാൻ കഠിനാധ്വാനവും സ്ഥിരോത്സാഹവും മതിയായേക്കാം. ഇഷ്‌ടപ്പെടാത്തവയെയും സ്വീകരിക്കാൻ തികഞ്ഞ മനഃസാന്നിധ്യവും നല്ല മനോഭാവവും വേണം. പല ജീവിതങ്ങളും വഴിമുട്ടുന്നത് ഇഷ്‌ടപ്പെടുന്നവയെ കൈപ്പിടിയിലൊതുക്കാൻ കഴിയാത്തതു കൊണ്ടല്ല; ഇഷ്‌ടമില്ലാത്തവയെ കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ടാണ്.

ജീവിക്കാനറിയാത്തവർക്കുള്ള ഏക പോംവഴി ജീവിതസാഹചര്യങ്ങളെ പഴിക്കുക എന്നുള്ളതാണ്. മാറ്റാൻ കഴിയാത്തവയോടു മത്സരിക്കുന്നതിലും അവ മാറുമെന്നു കരുതി കാത്തിരിക്കുന്നതിലും അർഥമില്ല. മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് മാറ്റുരയ്‌ക്കുന്നതിനുള്ള അടിസ്ഥാന നിയമം. മറ്റു വഴികൾ തേടുക എന്നതാണ് അനാവശ്യമായ കാത്തിരിപ്പിനെക്കാൾ ഫലപ്രദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com