sections
MORE

ഇസ്റോ, രാജ്യം നിങ്ങൾക്കൊപ്പം

Chandrayaan-2-vikram
SHARE

ചില തോൽവികൾക്കു വിജയത്തെ ജയിക്കാനുള്ള ശേഷിയുണ്ടാവും. ചന്ദ്രയാൻ–2 ദൗത്യത്തിനു ഫലപ്രാപ്തിയുടെ അവസാന നിമിഷത്തിലുണ്ടായ പാളിച്ച ബാക്കിയാക്കുന്നതും വിജയത്തിനപ്പുറത്തുള്ള ആ സൗന്ദര്യം തന്നെ. കഠിനശ്രമവും സമർപ്പണവും കൊണ്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) ചന്ദ്രന്റെ തൊട്ടടുത്തുവരെ എത്തിച്ച ദൗത്യം അതുകൊണ്ടുതന്നെ പരാജയമാവുന്നില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ കയ്യടി അർഹിക്കുകയും ചെയ്യുന്നു.

ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമാവുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ ചെയർമാൻ ഡോ. കെ. ശിവൻ ഇന്നലെ പുലർച്ചെ അറിയിച്ചപ്പോൾ ഒരു നിമിഷം രാജ്യഹൃദയം കലങ്ങിപ്പോയെങ്കിലും ഉടൻതന്നെ ശാസ്ത്രജ്ഞരെ െഎക്യദാർഢ്യത്തോടെ ചേർത്തുപിടിക്കാൻ മറന്നില്ല, നമ്മൾ.

കാരണം, ആ 2.1 കിലോമീറ്ററിനപ്പുറത്തുള്ള പൂർണവിജയത്തെക്കാൾ വലുതാണ് രണ്ടു വർഷത്തിലേറെ രാപകലില്ലാതെ ക്ലേശിച്ച ശാസ്ത്രജ്ഞരുടെ സമർപ്പണമെന്നു രാജ്യത്തിന് അറിയാമായിരുന്നു. ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ ബെംഗളൂരു പീനിയയിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിൽ (ഇസ്ട്രാക്) എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അതുകൊണ്ടുതന്നെയാണ് ശാസ്ത്രജ്ഞരെ നെഞ്ചോടുചേർത്തു പറഞ്ഞത്: ‘ ഉയരത്തിൽനിന്ന് ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. ഇതൊരു ചെറിയ നേട്ടമല്ല. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. പ്രതീക്ഷ കൈവിടാതിരിക്കുക. ’ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അടക്കം ഇന്ത്യ മുഴുവൻ ഒരേ മനസ്സുമായി ഇസ്റോയിലെ ശാസ്ത്രജ്ഞർക്കൊപ്പമുണ്ട്.

അങ്ങേയറ്റം സങ്കീർണവും നിർണായകവുമായിരുന്നു ചന്ദ്രയാൻ–2 ദൗത്യത്തിലെ സോഫ്റ്റ്‌ ലാൻഡിങ്ങിനുവേണ്ട അവസാനത്തെ 15 മിനിറ്റ്. ചന്ദ്രോപരിതലത്തിലെ ഇത്തരം ദൗത്യങ്ങളിൽ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാൻഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളികളെ കൂടുതൽ സങ്കീർണമാക്കി.

അതേസമയം, 3.84 ലക്ഷം കിലോമീറ്റർ യാത്ര ചെയ്തെത്തി ചന്ദ്രന്റെ പ്രതലത്തിനു വെറും 2.1 കിലോമീറ്റർ മാത്രം മുകളിൽ, ഓർബിറ്ററുമായും അതിലൂടെ ഭൂമിയിലെ ഇസ്‌റോ കേന്ദ്രവുമായും ലാൻഡറിനു ബന്ധം നഷ്ടപ്പെട്ടുവെന്നതുകൊണ്ട് ചന്ദ്രയാൻ–2 ദൗത്യം പരാജയപ്പെട്ടുവെന്നു പറയാനുമാവില്ല. ദൗത്യലക്ഷ്യങ്ങളിൽ 90–95 ശതമാനം കൈവരിച്ചതായി ഇസ്റോ വ്യക്തമാക്കുന്നു. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രോപരിതലത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പര്യവേക്ഷണം ഇത്തവണ ഇനി സാധ്യമല്ലായിരിക്കാം. എന്നാൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദൗത്യത്തിന്റെ അടിസ്ഥാനഭാഗമായ ഓർബിറ്റർ കൃത്യതയോടെയും സുരക്ഷിതമായും ഇപ്പോഴും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്നു. ഏഴര വർഷത്തോളം ആയുസ്സുള്ള ഓർബിറ്റർ ചന്ദ്രന്റെ സൂക്ഷ്മചിത്രങ്ങൾ ഉൾപ്പെടെ ഒട്ടേറെ നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുമെന്നാണു  വിലയിരുത്തൽ.

ഇസ്‌റോ സംഘം കഠിനാധ്വാനം ചെയ്തു. ഒരുപാടു ദൂരം സഞ്ചരിക്കുകയും ചെയ്തു. സമർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഈ പാഠം എന്നും നമുക്കൊപ്പമുണ്ടാവും. ചന്ദ്രൻ അപ്രാപ്യമല്ലെന്നു വീണ്ടും തെളിയിച്ച നമ്മൾ, ചന്ദ്രനെ സ്പർശിക്കാനുള്ള ദൗത്യവുമായി മുന്നോട്ടുപോകുമെന്നു തീർച്ച. അതിരില്ലാത്ത ആകാശം നമ്മെ കൂടുതൽ പുതിയ ദൗത്യങ്ങളും ലക്ഷ്യങ്ങളും ഓർമിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA